Top

'പരാതിക്കാര്‍ പറഞ്ഞതിനേക്കാള്‍ കുഴപ്പം കാട്ടിയെന്ന് കമ്മീഷന്‍ എഴുതി'; എളമരം കരീമിനും കെ ജെ തോമസിനുമെതിരെ ജി സുധാകരന്‍

8 March 2022 12:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരാതിക്കാര്‍ പറഞ്ഞതിനേക്കാള്‍ കുഴപ്പം കാട്ടിയെന്ന് കമ്മീഷന്‍ എഴുതി; എളമരം കരീമിനും കെ ജെ തോമസിനുമെതിരെ ജി സുധാകരന്‍
X

സിപിഐഎം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവായതിന് പിന്നാലെ നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരന്‍. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച സംബന്ധിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മീഷന്‍ അംഗങ്ങളായ എളമരം കരീം, കെ ജെ തോമസ് എന്നിവര്‍ക്ക് എതിരെയും ജി സുധാകരന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പരാതിക്കാര്‍ ഉയര്‍ത്തിയ ആരോപണങ്ങളേക്കാള്‍ കുഴപ്പം താന്‍ കാട്ടിയെന്ന് എഴുതി വയ്ക്കുകയാണ് ചെയ്തത് എന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്റെ പ്രതികരണം.

നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയെന്ന ആരോപണത്തില്‍ സിപിഐഎം അച്ചടക്ക നടപടി സ്വീകരിച്ചുള്‍പ്പെടെ മുന്നോട്ട് പോവുമ്പോഴും തെറ്റ് പറ്റിയില്ലെന്ന് ആവര്‍ത്തിക്കുയാണ് ജി സുധാകരന്‍. എറണാകുളത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ് ജി സുധാകരന്‍ നിലപാട് വ്യക്തമാക്കുന്നത്.

അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് സമയത്ത് സജീവമായി പ്രവര്‍ത്തിച്ചില്ലെന്ന് പരാതി നാട്ടുകാര്‍ക്കും വോട്ടര്‍മാര്‍ക്കും ഇല്ലെന്നാണ് ജി സുധാകരന്റെ നിലപാട്. എന്നാല്‍ അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥിക്കും മറ്റ് ചിലര്‍ക്കും ഇത്തരത്തില്‍ ആക്ഷേപം ഉണ്ടായിരുന്നു. ഈ പരാതി അന്വേഷിച്ച അന്നത്തെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എളമരം കരീം, കെ ജെ തോമസ് എന്നിവരുടെ കമ്മിറ്റി പരാതിക്കാര്‍ ഉയര്‍ത്തിയ ആരോപണങ്ങളേക്കാള്‍ കുഴപ്പം താന്‍ കാട്ടിയെന്ന് എഴുതി വയ്ക്കുകയാണ് ഉണ്ടായതെന്നും ജി സുധാകരന്‍ പ്രതികരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, ഒരേയൊരു ഇടത് എംപി ജയിച്ചത് ആലപ്പുഴയിലാണ്. അതിന് വളരെ പാടപെട്ടിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് എന്നും സജീവമായി തന്നെ നിലകൊണ്ടിട്ടുണ്ട്. ഒന്‍പതില്‍ എട്ട് സീറ്റ് കിട്ടിയത് ഇത്തരം സജീവമായ പ്രവര്‍ത്തങ്ങളുടേത് കൂടിയാണ്. ആരോപണങ്ങളില്‍ തനിക്ക് പറയാനുള്ളത് സംസ്ഥാന സമിതിയില്‍ പറഞ്ഞിട്ടുണ്ട്. പിണറായിയും കോടിയേരിയും താന്‍ പറഞ്ഞതെല്ലാം കേട്ടിരുന്നു എന്നിട്ടാണ് എന്നെ താക്കീത് ചെയ്തത്.

സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു എന്നും ജി സുധാകരന്‍ സ്ഥിരീകരിക്കുന്നുണ്ട്. പാര്‍ട്ടി ചുമതലകളിലേക്ക് പുതിയ ആളുകള്‍ കടന്നുവരട്ടെ, തനിക്ക് പ്രായം 75 ആയി. ഇനിയെന്റെ പ്രവര്‍ത്തനമേഖല ബ്രാഞ്ചാണ്. പാര്‍ട്ടി മെമ്പര്‍ ആകുക എന്നതാണ് പ്രധാനമെന്നും ജി സുധാകരന്‍ വ്യക്തമാക്കുന്നു.

Content highlight: CPIM leader G Sudhakaran against party leadership

Next Story