Top

'സതീശന് പുറത്തിറങ്ങാന്‍ പ്രയാസം വരും'; മുന്നറിയിപ്പുമായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

ഗുണ്ടായിസം കാണിച്ച് ഈ കേരളത്തില്‍ ജയിക്കാമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി കരുതുന്നുണ്ടെങ്കില്‍ അത് കൈയ്യില്‍ വെയ്ക്കുന്നതാണ് നല്ലത്.

17 Jun 2022 4:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സതീശന് പുറത്തിറങ്ങാന്‍ പ്രയാസം വരും; മുന്നറിയിപ്പുമായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി
X

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ വഴിയില്‍ തടഞ്ഞാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍. കലാപശ്രമത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ നേതാക്കളേയും എംഎല്‍എമാരേയും തടയുമെന്ന് സി എന്‍ മോഹനന്‍ മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനെതിരെ പാലാരിവട്ടത്ത് നടത്തിയ പൊതുയോഗത്തിനിടെയാണ് സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

സി എന്‍ മോഹനന്‍ പറഞ്ഞത്,

'ഞാന്‍ ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷ നേതാവ് സതീശന് പുറത്തിറങ്ങാന്‍ നടക്കാന്‍ പ്രയാസം വരും. ഉത്തരവാദിത്തത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു. കേരളത്തില്‍ കലാപമുണ്ടാക്കി, ഗുണ്ടായിസം കാണിച്ച് ഈ കേരളത്തില്‍ ജയിക്കാമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി കരുതുന്നുണ്ടെങ്കില്‍ അത് കൈയ്യില്‍ വെയ്ക്കുന്നതാണ് നല്ലത്.'

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണമാണ് പ്രതിപക്ഷ പ്രതിഷേധത്തിലേക്ക് നയിച്ചത്. യുഡിഎഫിന് പുറമെ ബിജെപിയും കരിങ്കൊടിയുമായി വിവിധ ജില്ലകളിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ കോൺ​ഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക അക്രമമാണുണ്ടായത്. തിരിച്ച് സിപിഐഎം ഓഫീസുകൾക്ക് നേരേയും വിവിധയിടങ്ങളിൽ ആക്രമണമുണ്ടായി. യുഡിഎഫ് പ്രവർത്തകർക്ക് നേരെ കോഴിക്കോട് തിക്കോടിയിൽ പ്രകോപനപരമായ മുദ്രാവക്യവും ഉയർത്തി സിപിഐഎം പ്രകടനം നടത്തിയിരുന്നു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതും വലിയ വിവാദങ്ങൾക്കാണ് ഇടവരുത്തിയിരിക്കുന്നത്. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പ്രതിഷേധം വധശ്രമമാണെന്ന ആരോപണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രം​ഗത്ത് വന്നിട്ടുണ്ട്. ഇ പി ജയരാജന്റേയും മറ്റും സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ടാണ് അക്രമികള്‍ക്ക് പിണറായി വിജയനെ തൊടാന്‍ കഴിയാത്തതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ ആരോപണം. മുഖ്യമന്ത്രി വിമാനത്തിന് പുറത്തിറങ്ങിയ ശേഷമായിരുന്നു പ്രതിഷേധം എന്നായിരുന്നു കോടിയേരി മുന്‍പ് പറഞ്ഞത്.

STORY HIGHLIGHTS: CPIM Ernakulam district secretary CN Mohanan warns VD Satheesan

Next Story