'എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് മൈക്ക് അനൗണ്‍സ്മെന്റ് വരെ നടത്തി'; രാജിവെയ്ക്കാന്‍ ബിജെപി ഭീഷണിയെന്ന് സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റ്
30 Sep 2022 4:24 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പത്തനംതിട്ട: എസ് ഡി പി ഐ പിന്തുണയോടെ ഇടത് മുന്നണി ഭരണം നടത്തുന്ന പത്തനംതിട്ട കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ബിജെപിയുടെ ഭീഷണിയെന്ന് ആരോപണം. ഫോണിലൂടെ തനിക്ക് നിരന്തരം ഭീഷണിയാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം നേതാവുമായ ബിനു ജോസഫ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. എസ് ഡി പി ഐ പിന്തുണച്ചതിനാല്‍ താന്‍ രണ്ട് തവണ പ്രസിഡന്റ് സ്ഥാനം രാജിവച്ചതാണ്. ഇനിയും രാജി വച്ചാല്‍ പഞ്ചായത്തില്‍ ഭരണ പ്രതിസന്ധിയുണ്ടാകും. ആവണിശ്ശേരി പഞ്ചായത്ത് വിഷയത്തില്‍ ഹൈക്കോടതി വിധിയും താന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിന് കാരണമാണെന്ന് സിപിഐഎം പ്രതിനിധി ചൂണ്ടിക്കാട്ടി.
'എല്‍ഡിഎഫ് ഒരിക്കല്‍ പോലും കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്തില്‍ എസ് ഡി പി ഐയുടെ പിന്തുണ തേടിയിട്ടില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ സ്വമേധയാ എല്‍ഡിഎഫിനെ പിന്തുണക്കുകയാണ്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് എന്ത് ചെയ്യാനാകും? ഞാന്‍ രാജിവെച്ചാല്‍ പഞ്ചായത്തില്‍ ബിജെപി ഭരണം വരാന്‍ അത് വഴി തെളിച്ചേക്കാം. ഞങ്ങള്‍ അഞ്ച് പേരാണ് ഇടതുപക്ഷത്തുള്ളത്. ഞങ്ങള്‍ക്കും ഭരിക്കാന്‍ അവകാശമുണ്ട്,' ബിനു ജോസഫ് പറഞ്ഞു.
'ഞങ്ങള്‍ നില്‍ക്കക്കള്ളിയില്ലാതെ ഭരണം ഇട്ടിട്ട് പോകണം. അതാണ് ബിജെപി ആഗ്രഹിക്കുന്നത്. ബിജെപിക്ക് ഭരണ സമിതി ഉണ്ടാക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ശ്രമിക്കട്ടെ. അതിന് ഇടതുമുന്നണിയുടെ പുറകേ നടന്ന് കരഞ്ഞിട്ട് കാര്യമില്ല. കരഞ്ഞാല്‍ തീരുന്ന വിഷയം അല്ല ഇത്,' കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. എസ് ഡി പി ഐ പിന്തുണ ഇടത് മുന്നണിക്ക് വേണ്ടന്ന് മൈക്ക് അനൗണ്‍സ്മെന്റ് വരെ നടത്തി. എന്നിട്ടും പിന്തുണച്ചാല്‍ പിന്നെന്ത് ചെയ്യണം. കൊവിഡ് കാലത്ത് പഞ്ചായത്തില്‍ ഭരണ സമിതി ഉണ്ടായിരുന്നത് കൊണ്ടാണ് മരണങ്ങള് കുറഞ്ഞതെന്നും ബിനു ജോസഫ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
അതേസമയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിനെ ബിജെപി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രസിഡന്റ് രാജിവെയ്ക്കണമെന്ന് തന്നെയാണ് ബിജെപിയുടെ നിലപാടെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ദീപ്തി ദാമോദരനും റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ബിജെപിക്ക് ഭരണം ലഭിക്കാതിരിക്കുന്നതിന് വേണ്ടിയാണ് എല്‍ഡിഎഫ് എസ് ഡി പി ഐയുടെ പിന്തുണയോടെ പഞ്ചായത്ത് ഭരിക്കുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് തവണ രാജിവെച്ച പഞ്ചായത്ത് പ്രസിഡന്റ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നയം മാറ്റിയെന്നും ബിജെപി അംഗങ്ങള്‍ വിമര്‍ശിച്ചു. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് അഞ്ച്, ബിജെപി അഞ്ച്, യുഡിഎഫ് രണ്ട്, എസ് ഡി പി ഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
- TAGS:
- SDPI
- CPIM
- BJP
- Kottangal
- Pathanamthitta