'സ്ഥാനാര്‍ഥികള്‍ മദ്രാസ് പറയനാണെന്നും തിരുനെല്‍വേലി പറയനാണെന്നും പ്രചരിപ്പിച്ചു'; രാജേന്ദ്രനെതിരെ കുറ്റങ്ങള്‍ നിരത്തി സിപിഐഎം
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയെ തോല്‍പ്പിക്കാന്‍ എസ് രാജേന്ദ്രന് ആസൂത്രിത നീക്കം നടത്തിയെന്നാണ് പ്രധാന കണ്ടെത്തല്‍
2 Feb 2022 5:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് സിപിഐഎം ജില്ലാ നേതൃത്വം ഉയര്‍ത്തിയത്. ഒരു കമ്മ്യൂണിസ്റ്റ് പ്രവര്ത്തകന് ഉണ്ടാവേണ്ട ധാര്‍മ്മികതയും മൂല്യങ്ങളും അദ്ദേഹത്തിന് കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പാട്ടി നേതൃത്വത്തിന്റെ കുറ്റപ്പെടുത്തല്‍. കഴിഞ്ഞ ദിവസമാണ് എസ് രാജേന്ദ്രന്റെ സസ്പെന്ഷന് സിപിഐഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയെ തോല്‍പ്പിക്കാന്‍ എസ് രാജേന്ദ്രന് ആസൂത്രിത നീക്കം നടത്തിയെന്നാണ് പ്രധാന കണ്ടെത്തല്‍. രാജേന്ദ്രന് പാര്‍ട്ടി തീരുമാനത്തെ വെല്ലുവിളിച്ച് വ്യക്തിതാല്പര്യം മുന്‍നിര്‍ത്തി നിലപാടെടുത്തെന്നും സ്ഥാനാര്‍ത്ഥികളുടെ ജാതി പറഞ്ഞ് പ്രചാരണം നടത്തിയെന്നും വിമര്‍ശനം ഉയര്‍ന്നു.
യുഡിഎഫ് സ്ഥാനാര്‍ഥി മദ്രാസ് പറയനാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി തിരുനെല്‍വേലി പറയനാണെന്നും രാജേന്ദ്രന് പ്രചരിപ്പിച്ചു. രാജേന്ദ്രന് പങ്കെടുത്ത ചുരുക്കം കുടുംബയോഗങ്ങളില്‍ എ. രാജയുടെ പേര് പറയാതിരിക്കാന്‍ ശ്രദ്ധിച്ചു. രാജക്ക് വോട്ട് ചെയ്യരുതെന്ന് അടുപ്പമുള്ള പ്രവര്‍ത്തകരോട് പറഞ്ഞു. മൂന്നാറില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചില്ലെന്നും മൈക്ക് തട്ടിപ്പറിച്ചെന്നും നുണക്കഥ പ്രചരിപ്പിച്ചു. പെട്ടിമുടി ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എത്തിയപ്പോള്‍ മൂന്നാറിലുണ്ടായിട്ടും സ്ഥലം എംഎല്‍എയായ രാജേന്ദ്രന് എത്തിയില്ല എന്നീ കാര്യങ്ങളാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.