Top

'താങ്കള്‍ക്ക് വോട്ട് ചെയ്തതില്‍ ഖേദം'; ശ്രേയംസ്‌കുമാറിനോട് കെടി ജലീല്‍

''കാര്‍ട്ടൂണ്‍ അങ്ങേയറ്റം അനുചിതവും അപഹാസ്യവുമായി പോയി.''

7 July 2022 1:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താങ്കള്‍ക്ക് വോട്ട് ചെയ്തതില്‍ ഖേദം; ശ്രേയംസ്‌കുമാറിനോട് കെടി ജലീല്‍
X

സജി ചെറിയാന്റെ നെഞ്ചിലൂടെ ശൂലം കുത്തിയിറക്കുന്ന കാര്‍ട്ടൂണിലൂടെ മാതൃഭൂമി അര്‍ത്ഥമാക്കുന്നതെന്താണെന്ന് ശ്രേയംസ്‌കുമാറിനോട് കെടി ജലീല്‍. താങ്കള്‍ക്ക് വോട്ട് ചെയ്തതില്‍ ഖേദിക്കുന്നുയെന്നും ജലീല്‍ പറഞ്ഞു.

കെടി ജലീല്‍ പറഞ്ഞത്: 'മിസ്റ്റര്‍ ശ്രേയംസ്‌കുമാര്‍, താങ്കള്‍ക്കൊരു വോട്ടു ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു. താങ്കളുടെ പത്രം സജി ചെറിയാന്റെ മാറ് പിളര്‍ത്തി ശൂലം കുത്തിയിറക്കിയത് അര്‍ത്ഥമാക്കുന്നതെന്താണ്?'


മാതൃഭൂമി കാര്‍ട്ടൂണിനെതിരെ സിപിഐഎം കേന്ദ്രങ്ങളില്‍ നിന്നും രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. നെഞ്ചിലൂടെ ശൂലം കുത്തിയിറക്കുന്ന കാര്‍ട്ടൂണിലൂടെ മാതൃഭൂമി എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍.

ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞത് ഇങ്ങനെ: ''മാതൃഭൂമി ദിനപത്രം ഇന്ന് മുന്‍പേജില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ അങ്ങേയറ്റം അനുചിതവും അപഹാസ്യവുമായി പോയി. പരിണിതപ്രജ്ഞനായ ഒരു രാഷ്ട്രീയ നേതാവിന്റെ നെഞ്ചിലൂടെ ശൂലം കുത്തിയിറക്കുന്ന കാര്‍ട്ടൂണിലൂടെ മാതൃഭൂമി എന്ത് സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. എന്നിട്ടും അരിശം തീരാതെ ഏഴാം പേജില്‍ സ: സജി ചെറിയാനെ കെട്ടിത്തൂക്കികൊണ്ടാണ് മാതൃഭൂമി അരിശം തീര്‍ക്കുന്നത്. ഏത് രാഷ്ട്രീയ നേതാവിനെയായാലും ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ശുദ്ധ ഭോഷ്‌ക്കാണ്. വളരെ നാളായി മാതൃഭൂമി സ്വീകരിച്ച പുതിയ രാഷ്ടീയ നയത്തിന്റെ ഭാഗമാണ് ഇത്തരത്തില്‍ മനുഷ്യത്വവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ സമീപനം സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തം. ആ രാഷ്ട്രീയവും അതാണല്ലോ പിന്തുടരുന്നത്. ആര്‍എസ്എസ് കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന അടിമത്തം മാതൃഭൂമിയ്ക്ക് ഭൂഷണമാകില്ല, മഹത്തായ ഒരു പാരമ്പര്യമുള്ള മാധ്യമസ്ഥാപനം ഇത്രയ്ക്ക് അധഃപതിച്ചതില്‍ ഖേദമുണ്ട്.''

എംഎം മണി പറഞ്ഞത് ഇങ്ങനെ: ഈ (ശൂല)കാര്‍ട്ടൂണിനെ ഒറ്റവാക്കില്‍ Non ഡാഡി സിന്‍ഡ്രോം എന്നല്ല Multiple ഡാഡി സിന്‍ഡ്രോം ന്നാ പറയേണ്ടത്. ഹാ കഷ്ടം മാതൃഭൂമി.

Next Story