യുവജന സംഘടനകള്‍ക്ക് പ്രതികരിക്കാന്‍ കഴിവുണ്ട്, ക്യാമ്പസുകളില്‍ ജനാധിപത്യം പുലരണം: കാനം
യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ മനുഷ്യാവകാശ ലംഘനമാണ് എന്നാണ് ഇടതുപക്ഷ നിലപാട്.
30 Oct 2021 7:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ക്യാമ്പസുകളില്‍ ജനാധിപത്യം ഉണ്ടായാല്‍ മാത്രമാണ് രാജ്യത്ത് ജനാധിപത്യം ശക്തമാക്കാന്‍ സാധിക്കുകയുള്ളു എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എംജി സര്‍വകലാശാലയിലെ എസ്എഫ്ഐ എഐഎസ്എഫ് സംഘര്‍ഷം സംബന്ധിച്ച വിഷയത്തിലായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം. ക്യാമ്പസുകളില്‍ ജനാധിപത്യം പുലരണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.
എഐഎസ്എഫ് നേതാക്കള്‍ക്കെതിരായ എസ്എഫ്ഐയുടെ മറു പരാതി സ്വാഭാവികമാണ്. മര്‍ദ്ദനം ഏറ്റ എഐഎസ്എഫുകാര്‍ക്ക് എതികെ കേസ് ഉണ്ടാകുന്നത് പുതിയ സംഭവമല്ല. ഇത്തരം സംഭവങ്ങള്‍ നേരിട്ട് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത്. യുവജന സംഘടനകള്‍ക്ക് പ്രതികരിക്കാന്‍ കഴിവുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ഓര്‍മ്മിപ്പിച്ചു.
പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് ജാമ്യം ലഭിച്ച സംഭവത്തില്‍ പ്രതികരിച്ച അദ്ദേഹം ഇത്തരം കരിനിയമങ്ങളെ കുറിച്ച് ദേശീയ തലത്തില്‍ തന്നെ ഇടതുപക്ഷത്തിന് ഒരു നിലപാടുണ്ട് എന്നും ചൂണ്ടിക്കാട്ടി. കരിനിയമങ്ങള്‍ മനുഷ്യാവകാശ ലംഘനമാണ് എന്നാണ് ഇടതുപക്ഷ നിലപാട്. പന്തീങ്കാവ് കേസില്‍ യുഎപിഎ ചുമത്തിയതിനെതിരെ സിപിഐ നേരത്തെ തന്നെ നിലപാട് എടുത്തിരുന്നു. എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടത് സഹയാത്രികന് ആയിരുന്ന ചെറിയാന് ഫിലിപ്പിന്റെ കോണ്‍ഗ്രസ് പ്രവേശത്തിലു സിപിഐ സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കി. ചെറിയാന് ഫിലിപ്പ് അന്നും തന്റെ സുഹൃത്താണ് ഇന്നും തന്റെ സുഹൃത്താണ് എന്നായിരുന്നു കാനത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് തിരിച്ച് വരവിനെ വലിയ സംഭവമാക്കുന്നത് അവരുടെ തോന്നലിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം. ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടപ്പോള്‍ അവര്‍ക്ക് വലിയ നഷ്ടമായിരുന്നു. ഇപ്പോള്‍ തിരിച്ച് പോയപ്പോള്‍ ആ നഷ്ടം നികത്തിയിരിക്കുന്നു എന്ന് എന്ന് അവര്‍ക്ക് തോന്നിയിരിക്കാം. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോവുന്നവര്‍ ഇനിയും തുടര്‍ന്നേക്കാം. ചെറിയാന് ഫിലിപ്പ് പോവുന്നതില്‍ ഒരു നഷ്ടബോധത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും കാനം ചൂണ്ടിക്കാട്ടി.
- TAGS:
- CPI
- UAPA
- Kanam Rajendran
- CPIM