Top

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് ഏഴ് പുതിയ മുഖങ്ങള്‍; മുന്‍ മന്ത്രി സുനില്‍ കുമാര്‍ ഇല്ല

പന്ന്യന്‍ രവീന്ദ്രന്‍, എന്‍ അനിരുദ്ധന്‍, ടി വി ബാലന്‍, സിഎന്‍ ജയദേവന്‍, എന്‍ രാജന്‍ എന്നിവര്‍ കൗണ്‍സിലില്‍ നിന്നും പുറത്തായി

18 Oct 2022 5:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് ഏഴ് പുതിയ മുഖങ്ങള്‍; മുന്‍ മന്ത്രി സുനില്‍ കുമാര്‍ ഇല്ല
X

വിജയവാഡ: സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്നും ഏഴ് പുതിയ മുഖങ്ങള്‍. മന്ത്രിമാരായ കെ രാജന്‍, ജിആര്‍ അനില്‍, പി പ്രസാദ്, ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, രാജാജി മാത്യൂ തോമസ്, പിപി സുനീര്‍ എന്നിവരാണ് ദേശീയ കൗണ്‍സിലിലേക്ക് എത്തുന്നത്. കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായി സത്യന്‍ മെകേരിയും എത്തും.

പന്ന്യന്‍ രവീന്ദ്രന്‍, എന്‍ അനിരുദ്ധന്‍, ടി വി ബാലന്‍, സിഎന്‍ ജയദേവന്‍, എന്‍ രാജന്‍ എന്നിവര്‍ കൗണ്‍സിലില്‍ നിന്നും പുറത്തായി. അതേസമയം മുന്‍മന്ത്രി വി എസ് സുനില്‍ കുമാര്‍ ദേശീയ കൗണ്‍സിലില്‍ ഇല്ല. കാനം പക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പരിഗണിക്കാത്തത് എന്നാണ് സൂചന. കെ ഇ ഇസ്മയില്‍ പക്ഷത്തെ പ്രതിനിധിയാണ് വി എസ് സുനില്‍ കുമാര്‍. ഇതോടെ ദേശീയ കൗണ്‍സിലിലുള്ളവരുടെ അംഗസംഖ്യ 11 ല്‍ നിന്നും 13 ആയി ഉയര്‍ന്നു.

അതേസമയം ഡി രാജ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി തുടരും. രാജയ്‌ക്കെതിരെ പൊതുചര്‍ച്ചയില്‍ കേരളം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.ദേശീയ നേതൃത്വം അലസത കാണിക്കുന്നുവെന്ന് മന്ത്രി പി പ്രസാദ് ആരോപിച്ചു. നേതൃപദവിയില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കണം. പദവികള്‍ അലങ്കാരമായി കൊണ്ടുനടക്കരുത്. യുദ്ധം തോല്‍ക്കുമ്പോള്‍ സേനാ നായകര്‍ പദവി ഒഴിഞ്ഞ ചരിത്രമാണുള്ളതെന്നും കേരള ഘടകം വിമര്‍ശിച്ചിരുന്നു.

Next Story