Top

അനുപമയുടെ പിതാവിനെതിരെ നടപടിക്കൊരുങ്ങി സിപിഐഎം; 'ഷിജുഖാന് ജാഗ്രതക്കുറവ്'

വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.

24 Oct 2021 7:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അനുപമയുടെ പിതാവിനെതിരെ നടപടിക്കൊരുങ്ങി സിപിഐഎം; ഷിജുഖാന് ജാഗ്രതക്കുറവ്
X

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ പിതാവ് ജയചന്ദ്രനെതിരെ നടപടിയെടുക്കാനൊരുങ്ങി സിപിഐഎം. ജയചന്ദ്രന്റെ ഭാഗത്ത് ഗുരുതര വീഴ്ച്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നേതൃത്വത്തിന്റെ തീരുമാനം. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന് എതിരെയും നടപടിയ്ക്ക് സാധ്യതയുണ്ട്. വിഷയം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.

തന്റെ കുഞ്ഞിനെ മാറ്റി നിയമവിരുദ്ധമായി ദത്തുനല്‍കിയെന്ന അനുപമയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറില്‍ അഞ്ച് പ്രതികളും സിപിഐഎം അംഗങ്ങളാണ്. അനുപമയുടെ പിതാവ് ജയചന്ദ്രന്‍ പേരൂര്‍ക്കട ലോക്കല്‍കമ്മിറ്റിയംഗം, അമ്മ സ്മിത പേരൂര്‍ക്കട എ ബ്രാഞ്ച് അംഗം, ബന്ധുവും കോര്‍പറേഷന്‍ മുന്‍കൗണ്‍സിലറുമായ അനില്‍കുമാര്‍ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയംഗം, ജയചന്ദ്രനെ സഹായിച്ച രമേശന്‍ അമ്പലമുക്ക് ബ്രാഞ്ച് അംഗവുമാണ്. എന്നാല്‍ ഇതുവരെയുംപാര്‍ട്ടി ആരോടും വിശദീകരണംപോലും തേടിയിട്ടില്ല. കുട്ടിയെ മാറ്റിയതായി ജയചന്ദ്രന്‍ തുറന്നു സമ്മതിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

വെള്ളിയാഴ്ച നടന്ന പേരൂര്‍ക്കട ലോക്കല്‍ സമ്മേളനത്തില്‍ ജയചന്ദ്രനെയും അനില്‍കുമാറിനെയും വീണ്ടും ലോക്കല്‍ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പേരൂര്‍ക്കട ഏരിയ സെക്രട്ടറി രാജലാലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിപിഐഎം കരകുളം ലോക്കല്‍ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്. പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വം ദയനീയമായി പരാജയപ്പെട്ടെന്ന വിമര്‍ശനവും ഉയര്‍ന്നു.

ഇതോടെയാണ് ജയചന്ദ്രനെതിരെയുള്ള നടപടിയിലേക്ക് കടക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. നടപടി ചര്‍ച്ച ചെയ്യാന്‍ ഏരിയ, ലോക്കല്‍ കമ്മറ്റികള്‍ ഉടന്‍ ചേരും. ജയചന്ദ്രന്‍ ചെയ്ത കാര്യം പരസ്യമായി പറഞ്ഞ സാഹചര്യത്തില്‍ വിശദീകരണം പോലും തേടാതെ നടപടിയെടുക്കാനാണ് സാധ്യത. എന്നാല്‍ പ്രതികളായ മറ്റു പാര്‍ട്ടി അംഗങ്ങളോട് വിശദീകരണം തേടിയ ശേഷമാകും തുടര്‍ നടപടി ഉണ്ടാവുക. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന് എതിരെ പാര്‍ട്ടി നടപടി ഉണ്ടാകാനാണ് സാധ്യത.

ദത്ത് നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ഷിജുഖാന് ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് അന്തിമ തീരുമാനമെടുക്കുക. അറസ്റ്റുള്‍പ്പടെയുള്ള കടുത്ത നിയമനടപടികള്‍ നേരിടേണ്ടിവന്നാല്‍ ജയചന്ദ്രന് പാര്‍ട്ടി അംഗത്വം പോലും നഷ്ടപ്പെടും. സിപിഐഎം സംസ്ഥാന സമിതിയംഗമായിരുന്ന പേരൂര്‍ക്കട സദാശിവന്റെ മകനാണ് ജയചന്ദ്രന്‍.

Next Story