Top

'അപാര കണ്ടെത്തല്‍'; ലോകായുക്ത ഓര്‍ഡിനന്‍സില്‍ വിയോജിപ്പ് വീണ്ടും പരസ്യമാക്കി സിപിഐ

ലോകായുക്താ നിയമം ദുര്‍ബലപ്പെടുത്താനുള്ളതല്ല, കൂടുതല്‍ ശക്തിപ്പെടുത്താനുള്ളതാണെന്ന് ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ മറന്നുപോകരുതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

27 Feb 2022 7:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അപാര കണ്ടെത്തല്‍; ലോകായുക്ത ഓര്‍ഡിനന്‍സില്‍ വിയോജിപ്പ് വീണ്ടും പരസ്യമാക്കി സിപിഐ
X

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ വിയോജിപ്പ് വീണ്ടും പരസ്യമാക്കി സിപിഐ. ഓര്‍ഡിനന്‍സ് കൊണ്ടുവന്നവര്‍ അതിന് നിരത്തിയ കാരണങ്ങള്‍ പര്യാപ്തമല്ലെന്ന് സിപിഐ അസിസ്റ്റന്‍ഡ് സെക്രട്ടറി പ്രകാശ് ബാബു വിമര്‍ശിച്ചു. സിപിഐ മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം

22 വര്‍ഷം മുന്‍പ് കേന്ദ്ര നിയമനീതിന്യായ വകുപ്പ് കണ്ടുപിടിക്കാത്ത ഭരണഘടനാ വിരുദ്ധത, ലോകായുക്തയുടെ പ്രസ്താവനയില്‍ കണ്ടെത്തിയ കേരളത്തിലെ നിയമ പണ്ഡിതരുടെ കഴിവ് അപാരമാണ്. ഭേദഗതിയെ ന്യായീകരിക്കുന്നവരെ അംഗീകരിക്കാനാവില്ലെന്നും പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

'കേരള ലോകായുക്ത നിയമത്തിന് അസന്റ് (സമ്മതം) നല്‍കിയത് ഇന്ത്യന്‍ പ്രസിഡന്റാണ്. ഗവര്‍ണര്‍ അല്ല. ഇന്ത്യന്‍ പ്രസിഡന്റ് ഒരു ബില്ലിന് അസന്റ് നല്‍കുന്നതിന് മുന്‍പ് കേന്ദ്ര നിയമനീതിന്യായ വകുപ്പിന്റെ സസൂക്ഷ്മമായ പരിശോധന നടക്കുമെന്നെല്ലാവര്‍ക്കുമറിയാം. അവരാരും കണ്ടുപിടിക്കാത്ത ഭരണഘടനാ വിരുദ്ധത 'ലോകായുക്തയുടെ പ്രസ്താവന'യില്‍ കണ്ടെത്തിയ കേരളത്തിലെ നിയമ പണ്ഡിതരുടെ കണ്ടെത്തല്‍ അപാരമാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല.' പ്രകാശ് ബാബു പരിഹസിച്ചു.

ലോകായുക്താ നിയമം ദുര്‍ബലപ്പെടുത്താനുള്ളതല്ല, കൂടുതല്‍ ശക്തിപ്പെടുത്താനുള്ളതാണെന്ന് ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ മറന്നുപോകരുതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

'ലോകായുക്ത എന്ന പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയാനുള്ള കമ്മിഷന്‍ ആരോപണ വിധേയനായ ഒരു പൊതുപ്രവര്‍ത്തകനില്‍ (മുഖ്യമന്ത്രി, മന്ത്രി, എംഎല്‍എ തുടങ്ങി ആരുമാകട്ടെ) തെളിവുകള്‍ സഹിതം ആരോപണം ശരിയാണെന്ന് കണ്ടെത്തിയാല്‍ അയാള്‍ സ്ഥാനത്ത് തുടരണമെന്നു പറയുന്നത് രാഷ്ട്രീയത്തിലെ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതാണോ? അപ്പോള്‍ നിയമപരമായി കമ്മിഷന്റെ പ്രസ്താവന അംഗീകരിച്ച് സ്ഥാനം ഒഴിയുന്നതല്ലേ നല്ലത്. കേരളീയ ജനതയുടെ മനഃസാക്ഷി അതു മാത്രമേ അംഗീകരിക്കുകയുള്ളൂ. വേണമെങ്കില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള ഉപവകുപ്പ് കൂട്ടി ചേര്‍ക്കണമെന്ന വാദം നമുക്ക് അംഗീകരിക്കാം. ഈ നിയമം ദുര്‍ബലപ്പെടുത്താനുള്ളതല്ല കൂടുതല്‍ ശക്തിപ്പെടുത്താനുള്ളതാണെന്ന് ഇടതുപക്ഷ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്നവരെങ്കിലും മറന്നുപോകരുത്.' എന്നായിരുന്നു വിമര്‍ശനം.

Next Story