Top

'സാധാരണക്കാര്‍ക്കൊപ്പം നിലനില്‍ക്കേണ്ട സര്‍ക്കാരിനും മുന്നണിക്കും മധ്യവര്‍ഗ താല്‍പര്യം'; ധൂര്‍ത്തിനും ധാരാളിത്തത്തിനും കുറവില്ലെന്ന് സിപിഐ

സര്‍ക്കാരിന്റെ പല സമീപനങ്ങളും ജനങ്ങളെ നിരാശപ്പെടുത്തുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

14 Aug 2022 6:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാധാരണക്കാര്‍ക്കൊപ്പം നിലനില്‍ക്കേണ്ട സര്‍ക്കാരിനും മുന്നണിക്കും മധ്യവര്‍ഗ താല്‍പര്യം; ധൂര്‍ത്തിനും ധാരാളിത്തത്തിനും കുറവില്ലെന്ന് സിപിഐ
X

കാഞ്ഞങ്ങാട്: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐയുടെ കാസർ​ഗോഡ് ജില്ലാ സമ്മേളനം. സാധാരണക്കാർക്കൊപ്പം നിലനില്‍ക്കേണ്ട സര്‍ക്കാരിനും മുന്നണിക്കും മധ്യവര്‍ഗങ്ങളോടാണ് താല്പര്യമെന്നാണ് സിപിഐയുടെ പ്രവർത്തന റിപ്പോർട്ടിലെ ആരോപണം. സര്‍ക്കാരിന്റെ പല സമീപനങ്ങളും ജനങ്ങളെ നിരാശപ്പെടുത്തുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവില്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നിട്ടും സര്‍ക്കാരിന്റെ ധൂര്‍ത്തിനും ധാരാളിത്തത്തിനും യാതൊരു കുറവുമില്ലെന്നാണ് വിമർശനം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ പോലും സര്‍ക്കാരിന് മധ്യവര്‍ഗങ്ങളോട് താല്പര്യം കാണുന്നു. ഇടത് സര്‍ക്കാരിന്റെ വികസന കാഴ്ച്ചപ്പാടും ഇടതായിരിക്കണം. അതിന് വിരുദ്ധമായ സമീപനം സ്വീകരിക്കുന്നുവെന്ന വിമര്‍ശനമുയരുന്നത് ഗൗരവമായി കാണണം. വിമര്‍ശകരെയെല്ലാം വലത് രാഷ്ട്രീയക്കാരെന്നും വികസന വിരോധികളെന്നും ആക്ഷേപിക്കുന്നത് ശരിയല്ല. കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷക ക്ഷേമനിധിയും തൊഴിലുറപ്പ് ക്ഷേമനിധിയും ഇപ്പോഴും എവിടെയുമെത്തിയില്ല. തെരഞ്ഞെടുപ്പ് വാഗ്ദാനമായ വീട്ടമ്മമാരുടെ പെന്‍ഷന്‍ പദ്ധതിയും പരിഗണിച്ചിട്ടില്ലെന്നുമാണ് സിപിഐയുടെ വിമര്‍ശനം.

ക്രമസമാധാന കാര്യത്തിലും സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നു. പൊലീസ് പക്ഷഭേദം കാണിക്കുന്നുണ്ട്. ഇത് ഗൗരവമായി കാണണം. പത്ത് വര്‍ഷം പൂര്‍ത്തിയായ താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്ന തീരുമാനത്തില്‍ പോലും രാഷ്ട്രീയ പക്ഷഭേദം കാണിക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നു. സഹകരണ സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും തടഞ്ഞ് വിശ്വാസ്യത നിലനിര്‍ത്തണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

Story highlights: 'Middle-class interest for government and front to exist with common people'; CPI says there is no shortage of extravagance and abundance

Next Story