സ്കൂളുകളില്‍ മറ്റന്നാള്‍ മുതല്‍ വാക്സിന്; 967 കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
17 Jan 2022 7:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വിദ്യാർത്ഥികള്‍ക്ക് സ്കൂളിലെത്തി വാക്സിനേഷൻ നൽകാനുള്ള എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. 500 ന് മുകളിൽ കുട്ടികൾ ഉള്ള സ്കൂളുകളിലാണ് വാക്സിനേഷൻ സെന്ററുകൾ ക്രമീകരിക്കുകയെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തിലുള്ള 967 സ്കൂളുകൾ ഉണ്ട്. 8.14 ലക്ഷം കുട്ടികളാണ് ഇനി വാക്സിൻ എടുക്കാനുള്ളത് 51 ശതമാനം പൂർത്തിയായതായും മന്ത്രി വ്യക്തമാക്കി.
വാക്സിനേഷനായുള്ള അടിസ്ഥാന സൗകര്യങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുക്കും. രക്ഷിതാക്കളുടെ അനുമതിയോടെയേ വാക്സിൻ നൽകാവു. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച രാവിലെ സ്കൂളുകളിൽ പിടിഎ യോഗം അടിയന്തരമായി ചേരുമെന്നും ശിവൻകുട്ടി അറിയിച്ചു. ക്രമീകരണങ്ങളുടെയും മുന്‍കരുതലുകളുടെയും ഭാഗമായി ക്ലാസുകൾ തുടരുന്ന സ്കൂളുകളിൽ 22, 23 തീയതികളിൽ ശുചീകരണം നടത്തും. സ്കൂളുകളുടെ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ തയ്യാറാക്കിയ മാർഗരേഖ കർശനമായി നടപ്പാക്കണം എന്നും വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.
പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി 1-9 ക്ലാസുകള്‍ക്കായി തയ്യാറാക്കിയ പുതുക്കിയ ഓൺലൈൻ ക്ലാസ് ടൈം ടേബിൾ വിക്ടേഴ്സ് ചാനൽ പ്രസിദ്ധീകരിക്കും. ക്ലാസ് ഇല്ലാത്ത ദിവസങ്ങളിലും അധ്യാപകർ സ്കൂളുകളിൽ എത്തണം. 10, 11, 12 ക്ലാസുകളിൽ നിലവിലെ അധ്യയനം തുടരും. 15 വയസിന് മുകളിലുള്ള എല്ലാ വിദ്യാർത്ഥികൾക്കും വാക്സിൻ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് കുട്ടികള്‍ക്കുള്ള രോഗ പ്രതിരോധ വാക്സിന് രണ്ട് ദിവസത്തിനകം ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു ലക്ഷം ഡോസ് പോളിയോ വൈറസ് പ്രതിരോധ വാക്സിന് (ഐപിവി), ഒരു ലക്ഷം ഡോസ് ന്യൂമോണിയയ്ക്കെതിരെയുള്ള ന്യൂമോകോക്കല്‍ കോന്‍ജുഗേറ്റ് വാക്സിന് (പി.വി.സി.), 1.40 ലക്ഷം ഡോസ് റോട്ടാ വൈറസ് വാക്സിന് എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. വാക്സിന് ലഭ്യമാകുന്ന മുറയ്ക്ക് എത്രയും വേഗം വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തിക്കുന്നതാണ്. ഈ വാക്സിനുകളെല്ലാം ലഭ്യമാക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. നേരത്തെ തന്നെ വാക്സിന് ആവശ്യമുള്ള കാര്യം കേന്ദ്ര സര്‍ക്കാരിനെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചിരുന്നു.