കൊവിഡ് മൂന്നാം തരംഗം; മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി; മന്ത്രി വീണ ജോര്‍ജ്
ഓരോ സൂചനകള്‍ വരുമ്പോഴും അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ആശുപത്രികളെ സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം.
10 Jan 2022 3:19 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്.
ആശുപത്രി അഡ്മിഷന്, ഐസിയു അഡ്മിഷന്, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍, നിരീക്ഷണ സംവിധാനം, ടെസ്റ്റിംഗ് സ്ട്രാറ്റജി, ഓക്സിജന്‍ സ്റ്റോക്ക് എന്നിവ വര്‍ധിപ്പിക്കുന്ന രീതിയിലാണ് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഓരോ സൂചനകള്‍ വരുമ്പോഴും അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ആശുപത്രികളെ സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ എല്ലാവര്ക്കും ചികിത്സ ഉറപ്പാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 17 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 13 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 4 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്.
സംസ്ഥാനത്ത് ഇന്ന് 5797 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ 264, പാലക്കാട് 222, ഇടുക്കി 153, കാസര്‍ഗോഡ് 116, വയനാട് 67 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 37,736 കോവിഡ് കേസുകളില്‍, 6.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5309 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 320 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.