Top

ഞായറാഴ്ച നിയന്ത്രണം തുടരുമോ; ഇന്ന് നിര്‍ണായക അവലോകന യോഗം, മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും

സ്കൂളുകൾ തുറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

31 Jan 2022 1:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞായറാഴ്ച നിയന്ത്രണം തുടരുമോ; ഇന്ന് നിര്‍ണായക അവലോകന യോഗം, മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും
X

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോ​കന യോ​ഗം ചേരും. ഞായറാഴ്ച നിയന്ത്രണം തുടരണമോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. രോഗ വ്യാപനം രൂക്ഷമായ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതും അവലോകന യോഗത്തിന്റെ പരിഗണനയിലുണ്ട്‌. ദുബായിലുളള മുഖ്യമന്ത്രി ഓൺലൈനായാണ് യോ​ഗത്തിൽ പങ്കെടുക്കുന്നത്.

സംസ്ഥാനത്ത് പ്രതിദിന രോഗ ബാധിതരുടെ എണ്ണം ആശങ്കയുയർത്തും വിധം കുതിച്ചുയരുകയാണ്. പരിശോധിക്കുന്നവരിൽ രണ്ടിൽ ഒരാൾക്ക് രോഗ ബാധയുണ്ട്. ടിപിആർ നിരക്കും കൂടുതലാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം വിളിച്ചിട്ടുളളത്. രോഗ വ്യാപനം അതിതീവ്രമായതോടെ ഇന്നലെയും, കഴിഞ്ഞ ഞായറാഴ്ചയും ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.

സ്കൂളുകൾ തുറക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. നിലവിൽ രണ്ടാഴ്ചത്തേക്കാണ് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ഓൺലൈനാക്കിയത്. സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം സ്കൂളുകൾ തുറക്കാമെന്നായിരുന്നു സർക്കാർ നിലപാട്.

കാറ്റഗറി തിരിച്ചുള്ള ജില്ലാ തല നിയന്ത്രണങ്ങൾ തുടരും. നിലവിൽ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളെയാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കാസർഗോഡ് ഒഴികെ മറ്റ് എല്ലാ ജില്ലകളും കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കൂടുന്ന ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കുമെന്നാണ് സൂചന. അതേസമയം, രോഗ വ്യാപനം മൂന്നാഴ്ചയ്ക്കുള്ളിൽ കുറയുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

Next Story