Top

ഒമിക്രോണ്‍ ജാഗ്രത: മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്തി സർക്കാർ, ഇന്ന് കൊവിഡ് അവലോകന യോഗം

ജിനോമിക് സര്‍വലന്‍സ് വഴി കേരളത്തില്‍ ഇതുവരേയും ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്തിയിട്ടില്ല.

30 Nov 2021 1:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒമിക്രോണ്‍ ജാഗ്രത: മുന്നൊരുക്കങ്ങള്‍ ശക്തിപ്പെടുത്തി സർക്കാർ, ഇന്ന് കൊവിഡ് അവലോകന യോഗം
X

ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കൊവിഡ് സാഹചര്യം സ്ഥിതി വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകനയോഗം ചേരും. വൈകിട്ട് മൂന്നരക്കാണ് യോഗം. കേന്ദ്ര സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾക്ക് പുറകെ മറ്റ് എന്തെല്ലാം മുന്നൊരുക്കങ്ങൾ ആവശ്യമാണെന്ന് യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞദിവസം ചേർന്ന വിദഗ്ധ സമിതി യോഗത്തിന്റെ റിപ്പോർട്ട് ഉന്നതതല യോഗം പരിഗണിക്കും.

സ്കൂളുകളിലെ പ്രവർത്തിസമയം നീട്ടുന്നത് സംബന്ധിച്ചും, വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് അവധി നൽകുന്നതടക്കമുള്ള നടപടികളിലും യോഗം ചർച്ച ചെയ്യും. തിയേറ്ററുകളിൽ കൂടുതൽ പേരെ അനുവദിക്കുന്നത് ഉള്‍പ്പടെയുള്ള ഇളവുകളിലും ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ക്രിസ്തുമസ്, ന്യൂ ഇയർ സീസണില്‍ തിയറ്ററുകളില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ എത്തവെ ഇളവുണ്ടാകുമെന്നാണ് തിയറ്ററുടമകളുടെ പ്രതീക്ഷ.അതേസമയം, കൊവി‍‍ഡ് പുതിയ വകഭേദം ഒമിക്രോൺ വ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരാനാണ് സർക്കാരിന്റെ തീരുമാനം. യുകെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും, മറ്റ് 11 രാജ്യങ്ങളും ഹൈ റിസ്‌ക് രാജ്യങ്ങളാണെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നു വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നതായിരിക്കും. ഇവര്‍ക്ക് വിമാനത്താവളങ്ങളില്‍ അര്‍ടിപിസിആര്‍ പരിശോധന നടത്തുന്നതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ ഹോം ക്വാറന്റീനിലായിരിക്കണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. അതുകഴിഞ്ഞ് വീണ്ടും 7 ദിവസം വരെ സ്വയം നീരീക്ഷണം തുടരണം. പോസിറ്റീവായാല്‍ അവരെ പ്രത്യേകം സജ്ജീകരിച്ച വാര്‍ഡുകളില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പ് വരുത്തും. അവര്‍ക്കായി പ്രത്യേകം വാര്‍ഡുകള്‍ ക്രമീകരിക്കുന്നതാണ്.

സംസ്ഥാനം ജീനോമിക് സര്‍വയലന്‍സ് നേരെത്തെ തന്നെ തുടര്‍ന്നു വരികയാണ്. ജിനോമിക് സര്‍വലന്‍സ് വഴി കേരളത്തില്‍ ഇതുവരേയും ഒമിക്രോണ്‍ വേരിയന്റ് കണ്ടെത്തിയിട്ടില്ല. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 5 ശതമാനം പേരുടെ സാമ്പിളുകള്‍ ഇത്തരത്തില്‍ പരിശോധനയ്ക്ക് അയക്കണമെന്നാണ് കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശം. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവരും സ്വയം നിരീക്ഷണം നടത്തണം.

നാല് വിമാനത്താവളങ്ങളിലും ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളുമായി സഹകരിച്ച് ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുന്നതാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. എല്ലാവരും മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും, സാമൂഹിക ആകലം പാലിക്കാനും ശ്രദ്ധിക്കണം. വാക്‌സിനെടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്.

നിലവില്‍ 96 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്‌സിനും 64 ശതമാനത്തോളം പേര്‍ രണ്ടാം ഡോസ് വാക്‌സിനും എടുത്തിട്ടുണ്ട്. കോഡിഡ് വന്നവര്‍ക്ക് മൂന്ന് മാസം കഴിഞ്ഞ് വാക്‌സിന്‍ എടുത്താന്‍ മതി. വാക്‌സിന്‍ എടുക്കാന്‍ കാലതാമസം വരുത്തുന്നവരെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് ബന്ധപ്പെട്ട് വാക്‌സിനെടുക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. രണ്ടാം ഡോസ് വാക്‌സിനും അനിവാര്യമാണ്. ഇനിയും ആരെങ്കിലും വാക്‌സിനെടുക്കാനുണ്ടെങ്കില്‍ ഉടന്‍ വാക്‌സിനെടുക്കണം. വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കായി പ്രത്യേക സൗകര്യമൊരുക്കുന്നതാണെന്നും മന്ത്രി അറിയിച്ചിരുന്നു.Next Story

Popular Stories