സംസ്ഥാനത്ത് പ്രതിദിനം അരലക്ഷം കൊവിഡ് ബാധിതരുണ്ടായേക്കും; 100 പേരെ പരിശോധിച്ചാല്‍ 75 പേര് പോസിറ്റീവാകും
19 Jan 2022 2:17 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധ അരലക്ഷം കടക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. മൂന്നാഴ്ചക്കുള്ളില്‍ രോഗബാധ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തും. നേരത്തെ കൊവിഡ് ബാധിച്ചവരെ വീണ്ടും കൊവിഡ് ബാധിക്കുന്നതിലും വര്‍ധനവുണ്ട്. 15 ന് ദുരന്ത നിവാരണ വകുപ്പ് നല്കിയ അനുമാന റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം ജനുവരി 27ാം തിയതിയോടെ പ്രതിദിന രോഗബാധ മുപ്പതിനായിരം കടക്കും.
ഫെബ്രുവരി രണ്ടാം വാരത്തോടെ കണക്കുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തും. 100 പേരില്‍ കൊവിഡ് പരിശോധന നടത്തിയാല്‍ അതില്‍ 75 പേര് പോസിറ്റീവാവുമെന്നാണ് നിഗമനം. മാര്‍ച്ച് മാസത്തോടെ രോഗ ബാധ കുറഞ്ഞു തുടങ്ങും. കണക്കുകള്‍ ഇതിലും ഉയരുമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. പുതിയ പ്രൊജക്ഷന് റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും.
നിലവില്‍ 722 പേര് ഐസിയുകളിലും 169 പേര് വെന്റിലേറ്ററുകളിലും ചികിത്സയിലാണ്. രോഗ വ്യാപനം കൂടിയാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം ഇനിയും ഉയരും. തിരുവനന്തപുരത്തും എറണാകുളത്തും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 കടന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് കിടക്കകള്‍ കിട്ടാനില്ല. ആശുപത്രികളിലെത്തുന്നവര്‍ ലക്ഷണങ്ങളുണ്ടെങ്കില്‍ ആന്റിജന്‍ പരിശോധന നടത്തിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം.
- TAGS:
- COVID19
- COVID IN KERALA