'വിദ്യാഭ്യാസവകുപ്പിലും അഴിമതിയുണ്ട്'; തുടരാന്‍ അനുവദിക്കില്ലെന്ന് മന്ത്രി ശിവന്‍കുട്ടി
ഉദ്യോഗസ്ഥൻ ഒരു ഫയൽ പരിശോധിച്ച് എത്ര ദിവസത്തിനുളളിൽ നടപടിയെടുക്കണം എന്നതിൽ തീരുമാനമെടുക്കും, ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കും.
21 March 2022 3:04 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസവകുപ്പിലും മറ്റു വകുപ്പുകളിലെപ്പോലെ അഴിമതിയുണ്ടെന്നും ഇത് തുടരാൻ അനുവദിക്കില്ലെന്നും മന്ത്രി വി.ശിവൻകുട്ടി. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയ്ഡഡ് സ്കൂൾ നിയമനങ്ങൾ വെെകിപ്പിക്കുന്ന നടപടിയും അധ്യാപികയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തിയ സംഭവവും ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഉദ്യോഗസ്ഥൻ ഒരു ഫയൽ പരിശോധിച്ച് എത്ര ദിവസത്തിനുളളിൽ നടപടിയെടുക്കണം എന്നതിൽ തീരുമാനമെടുക്കും, ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കും. എയ്ഡഡ് സ്കൂളുകളിൽ നിയമാനുസൃതമായി അധ്യാപക നിയമനം നടത്തിയാൽ അതിന് അംഗീകാരം നൽകുന്നത് രണ്ടും മൂന്നും വർഷം വൈകിപ്പിച്ച് ഉദ്യോഗസ്ഥർ ഫയലുകളിൽ അടയിരിക്കുന്നത് എന്തിനാണ്. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട പരാതികളും അപേക്ഷകളും തീർപ്പാക്കുന്നതിന് എല്ലാ ജില്ലകളിലും അദാലത്ത് നടത്തും.
ഓൺലൈൻ സംവിധാനത്തിലൂടെ എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിനുളള ആലോചന നടക്കുകയാണ്. ഇത് പ്രക്രിയയിലെ കാലതാമസം ഒഴിവാക്കാൻ സഹായിക്കും. പരീക്ഷപേപ്പർ മൂല്യനിർണയ പ്രതിഫലവും പ്രീപ്രൈമറി അധ്യാപകരുടെ ഓണറേറിയവും വർധിപ്പിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപകപരിശീലന പരിപാടികളിൽ കാലാനുസൃത മാറ്റം കൊണ്ടുവരും. ദേശീയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെട്ട് ചില വിയോജിപ്പുകളുണ്ട്. തികച്ചും ജനാധിപത്യപരവും മതേതരത്വത്തെ ഉൾക്കൊള്ളുന്നതുമായ പാഠ്യപദ്ധതിയാണ് സർക്കാർ ലക്ഷ്യംവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Story highlights: corruption in the public education department it will not be allowed to continue V Sivankutty says