Top

ഏഴ് ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്തമാരുടെ സ്ഥാനാരോഹണം; 28ന് പഴഞ്ഞി കത്തീഡ്രലില്‍

26 July 2022 5:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏഴ് ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്തമാരുടെ സ്ഥാനാരോഹണം; 28ന് പഴഞ്ഞി കത്തീഡ്രലില്‍
X

ഏഴ് ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്തമാരുടെ സ്ഥാനാരോഹണം; 28ന് പഴഞ്ഞി കത്തീഡ്രലില്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ഏഴ് മെത്രാപ്പൊലീത്തമാരുടെ സ്ഥാനാരോഹണം കുന്നംകുഴം പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ 28ന് നടക്കും. ഫെബ്രുവരിയില്‍ കോലഞ്ചേരിയില്‍ നടന്ന മലങ്കര അസോസിയേഷന്‍ തെരഞ്ഞെടുത്ത് സുന്നഹദോസിന്റെ അംഗീകാരവും ലഭിച്ച എബ്രഹാം തോമസ് റമ്പാന്‍ (53), പി. സി. തോമസ് റമ്പാന്‍ (53), ഡോ. ഗീവര്‍ഗീസ് ജോഷ്വാ റമ്പാന്‍ (50), ഗീവര്‍ഗീസ് ജോര്‍ജ് റമ്പാന്‍ (49), അഡ്വ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍ (48), ഡോ. കെ. ഗീവര്‍ഗീസ് റമ്പാന്‍ (48), ചിറത്തിലാട്ട് സഖറിയ റമ്പാന്‍ (44) എന്നിവരാണ് മെത്രാപ്പോലീത്താമാരാകുന്നത്.

രാവിലെ 6.45ന് കുര്‍ബാനയ്ക്ക് ശേഷം ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവായും സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ശുശ്രൂഷകള്‍ക്ക് ശേഷം പഴഞ്ഞി കത്തീഡ്രല്‍ അങ്കണത്തില്‍ ചേരുന്ന അനുമോദന സമ്മേളനം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ രമ്യ ഹരിദാസ് എംപി, എ സി മൊയ്തീന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്ന് കുന്നംകുളം നഗരം ചുറ്റിയുള്ള ഘോഷയാത്ര നടക്കും. ബുധനാഴ്ച വൈകീട്ട് പള്ളിയില്‍ സുന്നഹദോസ് ചേരും. ഇതു മൂന്നാം തവണയാണ് പഴഞ്ഞി കത്തീഡ്രല്‍ പള്ളി, മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിന് വേദിയാകുന്നത്.

സഭയുടെ ചരിത്രത്തില്‍ മൂന്നാം വട്ടമാണ് ഏഴ് പേരെ ഒന്നിച്ച് മെത്രാപ്പോലീത്താമാരായി വാഴിക്കുന്നത്. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്താമാരെ വാഴിക്കുന്നത്. ഇതോടെ സഭയിലെ മേല്‍പ്പട്ടക്കാരുടെ എണ്ണം 31 ആകും. ഏഴു ഭദ്രാസനങ്ങളാണ് മെത്രാപ്പോലീത്താമാരില്ലാതെ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത്. പരിശുദ്ധ കാതോലിക്കാബാവാ നേരിട്ടാണ് ഈ ഭദ്രാസനങ്ങളുടെയും ചുമതലകള്‍ നിര്‍വഹിച്ചു വരുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ഫാ. ഡോ എം.ഒ ജോണ്‍ (വൈദിക ട്രസ്റ്റി), അഡ്വ.ബിജു ഉമ്മന്‍ (അസോസിയേഷന്‍ സെക്രട്ടറി), ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് (സഭയുടെ ഔദ്യോഗിക വക്താവ്), ഫാ. മോഹന്‍ ജോസഫ് (പി. ആര്‍. ഓ) എന്നിവരും പങ്കെടുത്തു.

Story Highlights: CORONATION CEREMONY OF NEW METROPOLITANS IN MALANKARA ORTHODOX SYRIAN CHURCH

Next Story