Top

പാതയോരങ്ങളിലെ കൊടി തോരണങ്ങൾക്കും ബാനറുകൾക്കും നിയന്ത്രണം; ഉത്തരവ് നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അനുമതി തേടണമെന്ന് സർക്കാർ

25 Jun 2022 2:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാതയോരങ്ങളിലെ കൊടി തോരണങ്ങൾക്കും ബാനറുകൾക്കും നിയന്ത്രണം; ഉത്തരവ് നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അനുമതി തേടണമെന്ന് സർക്കാർ
X

കൊച്ചി: പാതയോരങ്ങളിലെ കൊടി തോരണങ്ങൾക്കും ബാനറുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി സർക്കുലർ ഇറക്കണമെന്ന ഹെെക്കോടതി ഉത്തരവ് നടപ്പാക്കാൻ മുഖ്യമന്ത്രിയുടെ അനുമതി തേടണമെന്ന് സർക്കാർ. ഇതിനായി രണ്ട് മാസം സമയം അനുവദിക്കണമെന്നും സർക്കാർ ഹെെക്കോടതിയിൽ പറഞ്ഞു. എന്നാൽ സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജൂലായ് ഏഴിനകം ഉത്തരവ് നടപ്പാക്കണമെന്ന് കോടതി കർശന നിർദേശം നൽകി.

സർക്കുലർ ഇറക്കിയില്ലെങ്കിൽ ചുമതലയുളള ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ റോഡുകളിലും വഴികളിലും കൊടിമരങ്ങൾ ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കാൻ അനുമതി നൽകരുതെന്ന് വ്യക്തമാക്കി തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അഡി. ചീഫ് സെക്രട്ടറി സർക്കുലർ നൽകി.

എന്നാൽ പാതയോരങ്ങളിലും ട്രാഫിക് ഐലൻഡുകളിലും ട്രാഫിക് മീഡിയനുകളിലും കൊടിമരങ്ങൾ ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കരുതെന്ന കാര്യം സർക്കുലറിൽ വ്യക്തമാക്കിയിട്ടില്ലെന്ന് നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കൂടി ഉൾപ്പെടുത്തി പുതിയ സർക്കുലർ ഇറക്കണമെന്നും കോടതി നിർദേശിച്ചു. ഇതിന് മുഖ്യമന്ത്രിയുടെ അനുമതി തേടണമെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. എന്നാൽ ഇത് സെക്രട്ടറി തലത്തിൽ ചെയ്യേണ്ട കാര്യമാണെന്നും, മുഖ്യമന്ത്രിയുടെ അനുമതി തേടേണ്ടതില്ലന്നും ഹൈക്കോടതി വ്യക്തമാക്കി.

story highlights: Control of roadside flagpoles Govt wants seeks CM's permission to implement order to high court

Next Story