'നടിക്ക് വേണ്ടിയും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്'; ദിലീപ് പ്രതിയായ കേസിനെ രാഷ്ട്രീയക്കാരുടെ കേസിനോട് സമീകരിച്ച് ജെബി മേത്തര്‍
രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജെബി മേത്തര്‍ ദിലീപിനൊപ്പനുള്ള ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായത്
20 March 2022 3:27 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനൊപ്പമുള്ള സെല്‍ഫിയില്‍ വിശദീകരണവുമായി രാജ്യസഭാ സ്ഥാനാര്‍ത്ഥിയും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമായ ജെബി മേത്തര്‍. സെല്‍ഫിയെടുത്തത് സാധാരണ നടപടിയാണെന്നും നടിക്ക് വേണ്ടി പൊതുപരിപാടിയില്‍ പങ്കെടുത്തയാളാണ് താനെന്നും ജെബി മേത്തല്‍ അറിയിച്ചു. രാഷ്ട്രീയരംഗത്തുള്ളവര്‍ പല കേസില്‍ പ്രതികളാകാറുണ്ട്. അവരുമായും വേദി പങ്കിടേണ്ടി വരാറുണ്ടെന്നും ജെബി മേത്തര്‍ കൂട്ടിചേര്‍ത്തു.
രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജെബി മേത്തര്‍ ദിലീപിനൊപ്പനുള്ള ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. 2021 നവംബറില്‍ നടന്ന ആലുവ നഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ ദിലീപ് എത്തിയപ്പോള്‍ എടുത്ത സെല്‍ഫിയാണ് ചര്‍ച്ചയ്ക്ക് ആധാരം.
ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് പങ്കെടുത്ത പൊതു പരിപാടി കൂടിയായിരുന്നു അത്. താന്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. എല്ലാവരുടേയും പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് അന്നത്തെ ചടങ്ങില്‍ ദിലീപ് പറഞ്ഞിരുന്നു.