Top

പ്രതിഷേധം കടുപ്പിക്കാൻ കോൺ​ഗ്രസ്; കേരളത്തിൽ നിന്നുള്ള മുഴുവൻ എംപിമാർക്കും ഡൽഹിയിലെത്താൻ നിർദ്ദേശം

17 Jun 2022 5:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിഷേധം കടുപ്പിക്കാൻ കോൺ​ഗ്രസ്; കേരളത്തിൽ നിന്നുള്ള മുഴുവൻ എംപിമാർക്കും ഡൽഹിയിലെത്താൻ നിർദ്ദേശം
X

ന്യൂഡൽഹി: രാഹുൽ‌ ​ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് സമര പരിപാടികൾ ശക്തമാക്കാൻ കോൺ​ഗ്രസ്. പാർട്ടിയിലെ എല്ലാ രാജ്യസഭാ, ലോകസഭാ എംപിമാരോടും ഞായറാഴ്ച ന്യൂഡൽഹിയിലെത്താൻ നേതൃത്വം ആവശ്യപ്പെട്ടു. യുഡിഎഫിന്റെ കേരളത്തിൽ നിന്നുള്ള 19 ലോകസഭാ എംപിമാരിൽ 15 പേരും കോൺ​ഗ്രസിൽ നിന്നാണ്. ഇതിൽ രാഹുൽ ​ഗാന്ധിയെ മാറ്റി നിർത്തിയാലുള്ള 14 പേരിൽ ശശി തരൂർ എംപി വിദേശത്താണുള്ളത്. ജൂൺ മാസം അവസാനത്തോടെയേ അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തൂ. ബാക്കിയുള്ള 13 എംപിമാരും ഞായറാഴ്ച ഡൽഹിയിലെത്തും. രാഹുലിന് പിന്തുണയുമായി രം​ഗത്തുണ്ടെന്ന് മുസ്ലിം ലീ​ഗ് എംപി ഇടി മുഹമ്മദ് ബഷീറും വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിശ്ചയിച്ചിരിക്കുന്ന ചോദ്യം ചെയ്യൽ മാറ്റിയിട്ടുണ്ട്. ചോദ്യം ചെയ്യൽ തിങ്കളാഴ്ച്ചത്തേക്ക് മാറ്റണമെന്ന രാഹുൽ ​ഗാന്ധിയുടെ അഭ്യർത്ഥന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അം​ഗീകരിക്കുകയായിരുന്നു. സോണിയ ​ഗാന്ധിയുടെ ആരോ​ഗ്യ നില ചൂണ്ടികാട്ടിയായിരുന്നു രാ​​ഹുൽ ​ഗാന്ധി ഇഡിക്ക് കത്ത് നൽകിയത്.

രാഹുലിന്റെ അറസ്റ്റുണ്ടായാൽ രാജ്യത്തുടനീളം പ്രതിഷേധം കടുപ്പിക്കാനാണ് കോൺ​ഗ്രസിന്റെ തീരുമാനം. മുൻകൂർ ജാമ്യത്തിന് പോവേണ്ടതില്ലെന്നാണ് രാഹുലിന്റെ നിർദ്ദേശവും. പൊതുപ്രതിഷേധത്തിൽ പങ്കെടുക്കാനുവദിക്കാത്ത ഡൽഹി പൊലീസ് നടപടി മൂലം ഔദ്യോ​ഗിക വസതികളിൽ പത്ത് പ്രവർത്തകരെ താമസിപ്പിച്ച് പ്രതിഷേധം നടത്തും.

Story Highlight: Congress MPs from Kerala told to reach Delhi on Sunday

Next Story