കെ റെയില്‍: കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിധരിപ്പിച്ചാണ് സമരം നടത്തുന്നതെന്ന് സിപിഐഎമ്മില്‍ ചേര്‍ന്ന വിജയ് ഹരി
നങ്ങള്‍ക്കൊപ്പം നില്ക്കുന്ന പാര്‍ട്ടിയാണ് സിപിഐഎമെന്ന് വിജയ് ഹരി,
28 May 2022 4:36 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃക്കാക്കര: കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിധരിപ്പിച്ചാണ് സമരങ്ങള്‍ നടത്തുന്നതെന്ന് സിപിഐഎമ്മില്‍ ചേര്‍ന്ന തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി വിജയ് ഹരി. കെ റെയില്‍ പദ്ധതിയെ അഭിനന്ദിക്കുന്നു. ജനങ്ങള്‍ക്കൊപ്പം നില്ക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. തൃക്കാക്കരയിലെ ജനം ഇടതുസ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന് വോട്ട് നല്‍കണമെന്നും വിജയ് ഹരി ആവശ്യപ്പെട്ടു.
ഇന്നാണ് വിജയ് ഹരി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വിജയ ഹരിയെ സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു വിജയ ഹരി.
വിജയ ഹരിയെ സ്വീകരിച്ച് കോടിയേരി പറഞ്ഞത് ഇങ്ങനെ: ''ഈ സമ്മേളനം തീരുന്നതിന് മുന്‍പ് തന്നെ ഒരു കോണ്‍ഗ്രസ് നേതാവ് ഇവിടെ വരുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ. അദ്ദേഹം ഇവിടെ എത്തി കഴിഞ്ഞിട്ടുണ്ട്. കാഴ്ചയില്‍ ചെറിയ ആളാണ് അദ്ദേഹമെങ്കിലും ആള് വല്യ ആളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണലൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ മത്സരിച്ച വ്യക്തിയാണ്. അദ്ദേഹം തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയാണ്. ഇന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചിരിക്കുകയാണ്. ജോ ജോസഫിന് വേണ്ടി വോട്ട് ചോദിക്കാനാണ് അദ്ദേഹം ഇന്ന് തന്നെ രാജി വച്ചത്. അദ്ദേഹം എന്നെ കണ്ട് ചോദിച്ചു, നാട്ടുകാരോടൊക്കെ പറഞ്ഞിട്ട് അവിടെയൊരു രാജി പ്രഖ്യാപിച്ചാല്‍ പോരെയെന്ന്. ഞാന്‍ പറഞ്ഞു, രാജിക്ക് വല്ല ഗുണവും കിട്ടണമെങ്കില്‍ ഇന്ന് പ്രഖ്യാപിച്ചോ. എന്നാലേ ആളുകള്‍ അറിയൂയെന്ന്.''
''കെവി തോമസാണ് ഇവര്‍ക്കെല്ലാം ആവേശം നല്‍കിയത്. നല്ല കൈനീട്ടമാണ് തോമസ് മാഷിന്റേത്. ഓരോ ദിവസവും ആളുകള്‍ നമ്മുടെ പ്രസ്ഥാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നാളെയും ചില ആളുകള്‍ വരും. യുഡിഎഫിനുള്ളില്‍ ഉരുള്‍പ്പൊട്ടല്‍ സംഭവിച്ചിരിക്കുകയാണ്. അതിന്റെ രൂക്ഷത എത്രയാണെന്ന് 31ന് ഇവിടെ തെളിയും. ''