Top

'പിണറായിക്കെതിരെ മത്സരിച്ചപ്പോള്‍ പലരും നിര്‍ബന്ധിച്ചു, ഞാന്‍ പോയില്ല'; സ്ഥാനാര്‍ത്ഥികള്‍ സമുദായ നേതാക്കളെ സന്ദര്‍ശിക്കുന്നതിനെതിരെ സി രഘുനാഥ്

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും വിവിധ മത-സമുദായ നേതാക്കളെ കാണുന്നത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്.

13 May 2022 1:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിണറായിക്കെതിരെ മത്സരിച്ചപ്പോള്‍ പലരും നിര്‍ബന്ധിച്ചു, ഞാന്‍ പോയില്ല; സ്ഥാനാര്‍ത്ഥികള്‍ സമുദായ നേതാക്കളെ സന്ദര്‍ശിക്കുന്നതിനെതിരെ സി രഘുനാഥ്
X

കണ്ണൂര്‍: സ്ഥാനാര്‍ത്ഥികള്‍ ജാതി-മത നേതാക്കളെ പോയി കണ്ട് പിന്തുണ തേടുന്നതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സി രഘുനാഥ്. നേര്‍ച്ച പോലുള്ള ഈ അനുഗഹ്രം തേടല്‍ ചടങ്ങിനോട് തനിക്ക് യോജിപ്പില്ലെന്ന് സി രഘുനാഥ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടം മണ്ഡലത്തില്‍ ഞാന്‍ മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് മത-ജാതി നേതാക്കളെ പോയി കാണാന്‍ പലരും നിര്‍ബന്ധിച്ചു. പോകേണ്ടെന്ന ഉറച്ച നിലപാടാണ് താനെടുത്തതെന്നും സി രഘുനാഥ് പ്രതികരിച്ചു.

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും വിവിധ മത-സമുദായ നേതാക്കളെ കാണുന്നത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവരെ ഇരുവരും വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. സ്ഥാനാര്‍ത്ഥികള്‍ ക്രിസ്തീയ മതമേലദ്ധ്യക്ഷന്‍മാരെ കണ്ടും പിന്തുണ തേടുകയുണ്ടായി. ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനെ കണ്ട ശേഷമാണ് ഉമ തോമസ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത്. വെള്ളാപ്പള്ളി സാറിന്റെ കൂടെയുണ്ടായ നിമിഷം വലിയ പോസിറ്റീവ് എനര്‍ജിയാണ് നല്‍കിയതെന്നായിരുന്നു ഡോ. ജോ ജോസഫിന്റെ പ്രതികരണം. ജി സുകുമാരന്‍ നായര്‍ അനുഗ്രഹം നല്‍കിയെന്നും കൂടിക്കാഴ്ച്ചയ്ക്ക് ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പറയുകയുണ്ടായി.

സി രഘുനാഥ് പറഞ്ഞത്

"കഴിഞ്ഞ ഇലക്ഷനില്‍ ശ്രീ. പിണറായി വിജയനെതിരെ ധര്‍മടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്നു ഞാന്‍. ചെറുപ്പം മുതലേ ഒരു ആരാധനാലയങ്ങളിലും വിശ്വാസത്തിന്റെ ഭാഗമായി പോയിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്ത് സമയത്ത് പലപ്പോഴും മത-ജാതി നേതാക്കന്മാരുടെ അനുഗ്രഹം തേടല്‍ ഒരു ചടങ്ങാണ്. അതില്‍ യുഡിഎഫ്, എല്‍ഡിഎഫ് വ്യത്യാസമില്ല. ദര്‍ഗകളിലും അമ്പലങ്ങളിലും പോവുന്ന ഒരു തരം നേര്‍ച്ചപോലെ. ഇലക്ഷന്‍ കമ്മിറ്റിയിലെ ചില പ്രവര്‍ത്തകര്‍ എന്നെയും നിര്‍ബന്ധിച്ചു. പക്ഷെ എന്റെ നിലപാട് ഉറച്ചതായിരുന്നു. ഇതുവരെ ഇല്ലാത്ത കാര്യം ചെയ്യാന്‍ ഞാന്‍ തെയ്യാറായില്ല.. അത് നിലപാടാണ്."

Story Highlights: Congress leader c raghunath against ldf udf candidates who visited caste leaders

Next Story

Popular Stories