Top

'സിപിഐഎമ്മിന്റെ ചെലവില്‍ ആര്‍എസ്എസിന് മേയറെ കിട്ടി'; ബീന ഫിലിപ്പിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

'വര്‍ത്തമാന കാലം കണ്ട കേരളത്തിലെ ഏറ്റവും വലിയ മോദി, യോഗി ഭക്തയായി കോഴിക്കോട്ടെ സിപിഐഎം മേയര്‍ മാറി'

8 Aug 2022 5:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎമ്മിന്റെ ചെലവില്‍ ആര്‍എസ്എസിന് മേയറെ കിട്ടി; ബീന ഫിലിപ്പിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
X

കോഴിക്കോട്: സംഘപരിവാര്‍ പരിപാടിയില്‍ പങ്കെടുത്ത് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. സിപിഐഎമ്മിന്റെ ചെലവില്‍ ആര്‍എസ്എസിന് മേയറെ കിട്ടിയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ ആരോപിച്ചു. വിഷയത്തില്‍ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്നും പ്രവീണ്‍ കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

'സംഘപരിവാര്‍ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് മേയര്‍ കേരളത്തെ ഇകഴ്ത്തുകയും ഉത്തരേന്ത്യയെ പുകഴ്ത്തുകയും ചെയ്തു. വര്‍ത്തമാന കാലം കണ്ട കേരളത്തിലെ ഏറ്റവും വലിയ മോദി, യോഗി ഭക്തയായി കോഴിക്കോട്ടെ സിപിഐഎം മേയര്‍ മാറി. ഈ മേയര്‍ ഉള്‍പ്പടെയുള്ള പലരുടെയും മനസില്‍ ആര്‍എസ്എസ് ആണ്, ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ അറിഞ്ഞോ അറിയാതെയോ പിന്തുണക്കുന്നവരാണ് ഇവരൊക്കെ. അത് സിപിഐഎം മനസിലാക്കുന്നില്ല. അല്ലെങ്കില്‍ സിപിഐഎം അതിന് കൂട്ടുനില്‍ക്കുന്നു. ആര്‍എസ്എസ് ബാന്ധവത്തെ രഹസ്യമായി പ്രോത്സാഹിപ്പിക്കുന്നു. കഴിഞ്ഞ രണ്ടുപ്രാവശ്യവും സിപിഐഎം കോഴിക്കോട് ഭരണം പിടിച്ചത് ബിജെപിയുമായുള്ള രഹസ്യബന്ധത്തിലൂടെയാണ്. പോകാന്‍ പാടില്ലെന്ന് അറിയില്ലായിരുന്നുവെന്ന് മേയര്‍ പറഞ്ഞത് ശുദ്ധവിഢിത്തമാണ്. ആര്‍ക്കും വിശ്വസിക്കാന്‍ പറ്റില്ല. ഇത് സിപിഐഎം അംഗീകരിക്കുന്നുണ്ടോയെന്ന് നിലപാട് വ്യക്തമാക്കണം', പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.

കേരളത്തില്‍ ശിശുപരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നുമുള്ള കോഴിക്കോട് മേയറുടെ പരാമര്‍ശമാണ് വിവാദമായത്. ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു വിവാദപ്രതികരണം. എന്നാല്‍ തന്റെ വാക്കുകള്‍ ദുരുദ്ദേശത്തോടെ വളച്ചൊടിച്ചതാണെന്ന് മേയര്‍ ബിന ഫിലിപ്പ് പ്രതികരികരിച്ചു.

'കേരളീയര്‍ കുട്ടികളെ സ്‌നേഹിക്കുന്നതില്‍ സ്വാര്‍ത്ഥരാണ്. പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം, ചെറുപ്പം മുതല്‍ അവരെ സ്‌നേഹിക്കണം. ബാല്യകാലത്ത് കുട്ടികള്‍ക്ക് എന്തുകൊടുക്കുന്നു എന്നതാണ് പ്രധാനം. ഉണ്ണിക്കണ്ണനോട് ഭക്തിയുണ്ടായാല്‍ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല', ബീന ഫിലിപ്പ് പറഞ്ഞു.

ആര്‍എസ്എസ് ശോഭായാത്രകള്‍ സംഘടിപ്പിക്കുന്നതിന് ബദലായി സിപിഐഎം ഘോഷയാത്രകള്‍ സംഘടിപ്പിച്ച് പ്രതിരോധം തീര്‍ക്കുന്നതിനിടയിലാണ് മേയര്‍ സംഘപരിവാര്‍ ചടങ്ങില്‍ ഉദ്ഘാടകയായെത്തിയിരിക്കുന്നത്. എന്നാല്‍ തന്റെ വാക്കുകള്‍ ദുരുദ്ദേശത്തോടെ വളച്ചൊടിച്ചതാണെന്ന് ബീന ഫിലിപ്പ് പ്രതികരിച്ചു. 'മതം എന്ന രീതിയില്‍ കണ്ടിരുന്നില്ല, മനസില്‍ വര്‍ഗീയതയുടെ കണികയില്ല. വിവാദങ്ങള്‍ കാണുമ്പോള്‍ ദുഃഖമുണ്ട്. ഒരു സ്ത്രീകളുടെ കൂട്ടായ്മ മേയര്‍ എന്ന നിലയില്‍ അമ്മമാരോട് സംസാരിക്കണം എന്നാണ് പറഞ്ഞതിനാലാണ് പരിപാടിയില്‍ പങ്കെടുത്തത്. വര്‍ഗീയതയിലേക്ക് പോകരുത് എന്നല്ലാതെ മറ്റൊന്നിലേക്കും പോകരുതെന്ന കര്‍ശന നിര്‍ദേശമൊന്നും പാര്‍ട്ടി തന്നിട്ടില്ല. അമ്മമാരുടെ ഒരു കൂട്ടായ്മ ആയാണ് പരിപാടിയെ കണ്ടത്. തന്റെ വാക്കുകള്‍ ദുരുദ്ദേശത്തോടെ വളച്ചൊടിച്ചതാണ്.

ബാലഗോകുലം ആര്‍എസ്എസിന്റെ പോഷകസംഘടന എന്ന് തോന്നിയിരുന്നില്ല. നോര്‍ത്ത് ഇന്ത്യയിലൊക്കെ ആളുകള്‍ ഏത് കുട്ടികളെയും സ്‌നേഹത്തോടെ നോക്കും. പക്ഷെ കേരളത്തില്‍ അങ്ങനെയല്ല, പൊതുവെ കുട്ടികളോടുള്ള സമീപനത്തില്‍ നമ്മള്‍ കുറച്ച് കര്‍ക്കശ നിലപാടാണ് സ്വീകരിക്കുന്നത്. കുട്ടികളെ സ്വാര്‍ത്ഥത പഠിപ്പിക്കുകയാണ്. അവിടെയുണ്ടായിരുന്ന ചില ബന്ധുക്കളാണ് തന്നോട് ഇത് പറഞ്ഞിട്ടുള്ളത്. അതാണ് പറഞ്ഞത്, അല്ലാതെ ഭക്തിയുള്ളവരാക്കി വളര്‍ത്തണം എന്ന് പറഞ്ഞിട്ടില്ല. ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടിയുടെ അനുവാദം ചോദിക്കണമെന്ന് തോന്നിയില്ലെന്നും മേയര്‍ ബീന ഫിലിപ്പ് പ്രതികരിച്ചു.

Story Highlights: Congress DCC President Against Beena Philip

Next Story