Top

'ഡോക്ടറെ പുറത്ത് നേരിടും, അവിടെ സംരക്ഷണം ഒന്നുമില്ലല്ലോ'; കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി

ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ഡോക്ടറെ കയ്യേറ്റം ചെയ്തതായി പൊലീസില്‍ പരാതി നല്‍കിയത്

16 Oct 2021 5:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡോക്ടറെ പുറത്ത് നേരിടും, അവിടെ സംരക്ഷണം ഒന്നുമില്ലല്ലോ; കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി
X

കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം ചെയ്ത സംഭവത്തില്‍ വനിതാ സുപ്രണ്ടിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി ഡിസിസി ജനറല്‍ സെക്രട്ടറി കാഞ്ഞിരവിള അജയകുമാര്‍. സംഭവത്തില്‍ ഉദ്യോഗസ്ഥ ഷഹാന പൊലീസില്‍ പരാതി നല്‍കി. പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു ആദ്യം ഫോണില്‍ സംസാരിച്ചത് പിന്നീട് അജയ്കുമാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രശ്‌നത്തില്‍ ഡോക്ടറെ പുറത്ത് വെച്ച് കണ്ടോളാം, അവിടെ വെച്ച് നേരിടുമെന്നാണ് അജയ്കുമാര്‍ പറയുന്നത്.

'ഡോക്ടറെ ഞാന്‍ കാഞ്ഞിരവിള അജയകുമാര്‍. ഡിസിസി ജനറല്‍ സെക്രട്ടറിയാണ്. പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് പോലും ഈ ഡോക്ടറുടെ പേരില്‍ നിരവധി പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. ഡോക്ടര്‍ക്ക് അവരുടെ മൊഴി മാത്രമല്ലേ നല്‍കാന്‍ കഴിയൂ. പക്ഷെ അനാവശ്യമായാണിത്. ഇങ്ങനെയാണെങ്കില്‍ പുറത്ത് നേരിടും. പുറത്ത് ഡോക്ടര്‍ക്ക് പ്രത്യേകം സംരക്ഷണം ഒന്നുമില്ലല്ലോ. നാളെ മുതല്‍ നമുക്ക് കാണാം.' എന്നായിരുന്നു ഭീഷണി.

കഴിഞ്ഞ ദിവസമാണ് ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ഡോക്ടറെ കയ്യേറ്റം ചെയ്തതായി പൊലീസില്‍ പരാതി നല്‍കിയത്. മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തര്‍ക്കാണ് കയ്യേറ്റത്തില്‍ കലാശിച്ചതെന്നാണ് വിവരം. പരിക്കേറ്റ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ തേടി. അതേസമയം, ആരോപണം നിഷേധിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍. ഡോക്ടര്‍ തങ്ങളെ കയ്യേറ്റം ചെയ്തെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. എന്നാല്‍ ഡോക്ടര്‍ക്ക് എതിരായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് കെജിഎംഒഎ രംഗത്ത് എത്തി. താലൂക്ക് ആശുപത്രിയിലെ ഒപി ഡ്യൂട്ടി ബഹിഷ്‌കരിച്ചാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം.

Next Story