'കൊലക്കുറ്റത്തിന് കേസെടുക്കണം'; കൊലവിളി പ്രസംഗത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറിക്ക് എതിരെ ഡിജിപിക്ക് പരാതി
9 March 2022 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ കൊലവിളി പ്രസംഗം നടത്തിയ സിപിഐഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗ്ഗീസിനെതിരെ ഡിജിപിക്ക് പരാതി. കെപിസിസി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ അഡ്വ. ഷിഹാബുദ്ദീന്‍ കാര്യയത്താണ് പരാതി നല്‍കിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ സി.വി വര്‍ഗ്ഗീസിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ഷിഹാബുദ്ദീന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
കെ സുധാകരന് എതിരെ കൊലവിളി പ്രസംഗം നടത്തിയ സംഭവത്തില്‍ കേസെടുക്കണമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടിരുന്നു. കെ സുധാകരന്റെ ജീവന്‍ സിപിഐഎം നല്‍കിയ ഭിക്ഷയാണെന്ന പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കെ സുധാകരന്റെ ദേഹത്ത് ഒരു പിടി മണ്ണ് വീഴാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ലെന്നും വിഡി സതീശന്‍ വയനാട്ടില്‍ പ്രതികരിച്ചു.
ഇന്നലെ ചെറുതോണിയില്‍ നടന്ന പൊതുസമ്മേളനത്തിനിടെ ആയിരുന്നു സിവി വര്‍ഗീസ് കെ സുധാകരനെതിരെ രംഗത്ത് എത്തിയത്. 'സുധാകരന് സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നായിരുന്നു ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസിന്റെ വാക്കുകള്‍. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്‍പര്യം ഇല്ലാത്തതു കൊണ്ടാണെന്നും പൊതുസമ്മേളത്തില്‍ ജില്ലാ സെക്രട്ടറി അവകാശപ്പെട്ടു. കണ്ണൂരില്‍ നിന്ന് വളര്‍ന്ന വന്നയാളാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവകാശവാദം. എന്നാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നല്‍കിയ ദാനമാണ്, ഭിക്ഷയാണ് ഈ ജീവിതമന്ന് കോണ്‍ഗ്രസുകാര്‍ മറക്കരുത് എന്നും സിപിഐഎം ജില്ലാ സെക്രട്ടറി പ്രസംഗത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസ് ഇടുക്കിയില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെ ഈ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പരിപാടികളില്‍ രൂക്ഷമായ വിമര്‍ശനമായിരുന്നു സിപിഐഎമ്മിനെതിരെ കെ സുധാകരന്‍ ഉന്നയിച്ചത്. ഇതിന് മറുപടി എന്ന നിലയ്ക്കാണ് സിപിഐഎം ചെറുതോണിയില്‍ പൊതുയോഗം സംഘടിപ്പിച്ചതും ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കൊലവിളി പ്രസംഗവും എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍, ഗുണ്ടാ ഭീഷണിയാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വാക്കുകളിലൂടെ പ്രതിഫലിക്കുന്നത് എന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. ഇടുക്കിയിലെ ധീരജ് കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പാട് കാര്യങ്ങള്‍ അറിയുന്ന വ്യക്തിയാണ് സിപിഐഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി. ധീരജ് കൊലപാതകവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ശ്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകന വിലക്കിയത് ഈ ജില്ലാ സെക്രട്ടറിയാണ്. ഗുണ്ടാ ഭീഷണിയാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വാക്കുകളിലൂടെ പ്രതിഫലിക്കുന്നത് എന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
പ്രകോപന പ്രസംഗത്തിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെയുള്ള പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പ്രകോപനവും സ്ത്രീവിരുദ്ധവുമായ പ്രസ്താവനയാണ് സുധാകരന്‍ നടത്തിയത്. കൊല്ലപ്പെട്ട ധീരജീന്റെ ചോര ഉണങ്ങും മുന്‍പ് സുധാകരന്‍ പ്രകോപനപരമായി സംസാരിച്ചു. ഇതിന് മറുപടി എന്ന നിലയിലാണ് തന്റെ പരാമര്‍ശമെന്നും സി വി വര്‍ഗീസ് തിരുവനന്തപുരത്ത് പറഞ്ഞു.
Content Highlight: Complaint to DGP against CPIM district secretary CV Varghese in killing speech