Top

'അഭിപ്രായങ്ങൾ ആവാം, ഉത്തരവാദിത്വമില്ലാത്ത കാര്യങ്ങളിൽ വേണ്ട'; വിശദീകരിച്ച് വി ശിവന്‍കുട്ടി

ആരോഗ്യത്തിനൊപ്പം വിദ്യാഭ്യാസത്തിനും മുൻതൂക്കം നൽകിയാണ് സർക്കാർ മുന്നോട്ട് പോവുന്നതെന്ന് മന്ത്രി പറഞ്ഞു.

31 Jan 2022 7:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഭിപ്രായങ്ങൾ ആവാം, ഉത്തരവാദിത്വമില്ലാത്ത കാര്യങ്ങളിൽ വേണ്ട; വിശദീകരിച്ച് വി ശിവന്‍കുട്ടി
X

അധ്യാപകർ പഠിപ്പിച്ചാല്‍ മാത്രം മതിയെന്ന പ്രസ്താവനയിൽ വിശ​ദീകരണം നൽകി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഭിപ്രായങ്ങൾ പറയാൻ അധ്യാപക സംഘടനകൾക്കും അവകാശമുണ്ട്. അധ്യാപകരുടെ സേവനങ്ങളെ വിലമതിക്കുന്നു. എന്നാൽ ഉത്തരവാദിത്വമില്ലാത്ത കാര്യങ്ങളിൽ പരസ്യ പ്രസ്താവന പാടില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപറേഷൻ ഓഫീസിന്റെ കൊവിഡ് കൺട്രോൾ റൂം ഓഫീസ് സന്ദർശിക്കവെയാണ് ഇന്നലെയുയർത്തിയ പ്രസ്താവനയിൽ മന്ത്രി വിശദീകരണം നൽകിയത്.

എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളുടെ ഫോക്കസ് ഏരിയയെ എതിര്‍ക്കുന്ന അധ്യാപകരെ പരോക്ഷമായി വിമർശിച്ചുകൊണ്ട് മന്ത്രി വി ശിവന്‍കുട്ടി രം​ഗത്ത് വന്നിരുന്നു. അധ്യാപകര്‍ പഠിപ്പിച്ചാല്‍ മാത്രം മതി. വിദ്യാഭ്യാസ വകുപ്പിലെ ഒരോ ഉദ്യോഗസ്ഥനും ചുമതലകള്‍ നിശ്ചയിച്ചിട്ടുണ്ട്. എല്ലാവരും ചേര്‍ന്ന് ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

'അധ്യാപകരെ സര്‍ക്കാര്‍ നിയോഗിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണ്. അധ്യാപകരുടെ ജോലി പഠിപ്പിക്കുക എന്നതാണ്. വിദ്യാഭ്യാസ വകുപ്പിലെ ഒരോ ഉദ്യോഗസ്ഥനും ചുമതലകള്‍ നിശ്ചയിച്ചിട്ടുണ്ട്. എല്ലാവരും ചേര്‍ന്ന് ചുമതലകള്‍ നിര്‍വ്വഹിക്കേണ്ട ' എന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം

എസ്എസ്എല്‍സി ക്ലാസുകളിലെ ഫോക്കസ് ഏരിയ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറച്ചതില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വ്യാപകമായ പരാതികളാണ് ഉയരുന്നത്. നോണ്‍ ഫോക്കസ് ഏരിയ ചോദ്യങ്ങള്‍ക്ക് ചോയ്‌സ് കുറച്ചതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ എ പ്ലസ് കിട്ടലല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നാണ് ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം.

ആരോഗ്യത്തിനൊപ്പം വിദ്യാഭ്യാസത്തിനും മുൻതൂക്കം നൽകിയാണ് സർക്കാർ മുന്നോട്ട് പോവുന്നതെന്ന് മന്ത്രി പറഞ്ഞു. രോഗവ്യാപനം കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം. സ്കൂളുകളിൽ 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഓൺലൈനായി തുടരും. നിയന്ത്രണത്തിലെ ഇളവുകൾ ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൊവിഡ് കേസുകൾ കുറയാൻ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story