Top

'തുറന്ന സ്‌കൂളുകള്‍ അടയ്ക്കേണ്ട, വന്ന കുട്ടികളെ തിരിച്ചുവിടേണ്ട'; വിമര്‍ശനങ്ങള്‍ക്കിടെ എറണാകുളം കളക്ടര്‍

വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ ജോലിക്കായി പുറപ്പെട്ടതിന് ശേഷം അവധി പ്രഖ്യാപിച്ചതാണ് വ്യാപക വിമര്‍ശനത്തിനിടയാക്കിയത്.

4 Aug 2022 4:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തുറന്ന സ്‌കൂളുകള്‍ അടയ്ക്കേണ്ട, വന്ന കുട്ടികളെ തിരിച്ചുവിടേണ്ട; വിമര്‍ശനങ്ങള്‍ക്കിടെ എറണാകുളം കളക്ടര്‍
X

കൊച്ചി: ജില്ലയിലെ സ്‌കൂളുകള്‍ക്ക് വൈകി അവധി പ്രഖ്യാപിച്ച നടപടി വിവാദമായതോടെ പുതുക്കിയ നിര്‍ദേശവുമായി എറണാകുളം കളക്ടര്‍. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടക്കേണ്ടതില്ലെന്നും സ്‌കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കളക്ടര്‍ ഡോ. രേണു രാജ് ഫേസ്ബുക്കിലൂടെ അറിയിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയാണെന്ന് രാവിലെ 8:30 നാണ് കളക്ടര്‍ അറിയിച്ചത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

'രാത്രിയില്‍ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടക്കേണ്ടതില്ല. സ്‌കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു.' കളക്ടര്‍ അറിയിച്ചു.



വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ ജോലിക്കായി പുറപ്പെട്ടതിന് ശേഷം അവധി പ്രഖ്യാപിച്ചതാണ് വ്യാപക വിമര്‍ശനത്തിനിടയാക്കിയത്. എറണാകുളം ജില്ലയ്ക്ക് പുറമെ കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ എന്നീ ജില്ലകളിലെ സ്‌കൂളൂകള്‍ക്കും കോളേജുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എംജി സര്‍വകലാശാല ഇന്നത്തെ പരീക്ഷകളും മാറ്റി.തിരുവല്ല, കോതമംഗലം, മൂവാറ്റുപുഴ, ചാലക്കുടി, വെള്ളക്കുണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോര മേഖലക്കളില്‍ അതീവ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.



Next Story