കൂട്ടരാജി തുടരുന്നു; യോഗി സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രിയും രാജിവെച്ചു
ദിവസങ്ങള്‍ക്ക് മുന്‍പ് രാജിവെച്ച മന്ത്രി മൗര്യയുടെ അടുത്ത അനുയായിയാണ് സൈനി
13 Jan 2022 8:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് പിന്നാലെ കൂട്ടരാജി തുടരുന്നു. യോഗി സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രിയും ഉടന്‍ രാജിവെച്ചേക്കും. ആയൂഷ് മന്ത്രി ധരം സിംഗ് സൈനിയാണ് പുതിയതായി രാജിക്കൊരുങ്ങുന്നത്. മന്ത്രിയുടെ ഔദ്യോഗിക വസതിയും സുരക്ഷയും ഒഴിവാക്കി കഴിഞ്ഞു. ഇന്ന് രാജിവെക്കുന്ന രണ്ടാമത്തെ എംഎല്‍എയാണ് സൈനി. നേരത്തെ രണ്ട് മന്ത്രിമാരുള്‍പ്പെടെ ആറ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് രാജിവെച്ച മന്ത്രി മൗര്യയുടെ അടുത്ത അനുയായിയാണ് സൈനി. തനിക്കൊപ്പം കൂടുതല്‍ പേര് രാജിവെക്കുമെന്ന് മൗര്യയുടെ വാക്കുകള്‍ അടിവരയിട്ടാണ് പുതിയ രാജി. ദളിത്, പിന്നോക്ക വിഭാഗങ്ങളോടുള്ള യോഗി ആതിഥ്യനാഥ് സര്‍ക്കാരിന്റെ മനോഭാവത്തില്‍ അതൃപ്തി അറിയിച്ചാണ് എംഎല്‍എ മുകേഷ് വര്‍മ്മ രാജിവെച്ചത്. നേരത്തെ രണ്ട് ഒബിസി നേതാക്കളായ മന്ത്രിമാര്‍ സമാന കാരണം ചൂണ്ടിക്കാണിച്ച് രാജിവെച്ചിരുന്നു. പാര്‍ട്ടി വിട്ട നേതാക്കള്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ഇതുവരെ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ 7 എംഎല്‍എമാരാണ് യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച് രാജിവെച്ചിരിക്കുന്നത്.
''യോഗി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷ ഭരണത്തില്‍ പിന്നോക്ക, ന്യൂനപക്ഷസ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യാതൊരു പരിഗണനയും ലഭിച്ചിട്ടില്ല, അവര്‍ പൂര്‍ണമായും പിന്തള്ളപ്പെട്ടു. ഇക്കാരണത്തില്‍ ഞാന്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുകയാണ്'' മുകേഷ് വര്‍മ്മ ട്വീറ്റ് ചെയ്തു.
യോഗി ആദിഥ്യനാഥിനെതിരെ കഴിഞ്ഞ കുറേനാളുകളായി പാർട്ടിക്കുള്ളിൽ നടക്കുന്ന വിമത നീക്കങ്ങളാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്. നേരത്തെ അഖിലേഷ് മുഖ്യമന്ത്രിയായിരിക്കെ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്നു സ്വാമി പ്രസാദ് മൗര്യ. 5 തവണ എംഎൽഎയായിട്ടുമുണ്ട്. തന്റെ രാജി ബിജെപിക്ക് തെരെഞ്ഞെടുപ്പിൽ വലിയ ആഘാതമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചാണ് മൗര്യ പാളയം വിട്ടത്. അദ്ദേഹത്തിനൊപ്പം റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗർ, വിനയ് ശാഖ്യ എന്നീ എംഎൽഎമാരും പാർട്ടി വിട്ടു.
ഇന്നലെ വനം പരിസ്ഥിതി വകുപ്പ് മന്ത്രി ധാരാസിങ് ചൗഹാനും രാജിവെച്ചു. മോദി പ്രഭാവത്തിൽ അധികാരം നിലനിർത്താമെന്ന് യോഗി സർക്കാരിന്റെ കണക്കുകൂട്ടലുകൾ കൂടിയാണ് ഇതോടെ തകരുന്നത്. അനുനയ നീക്കങ്ങളൊന്നും ലക്ഷ്യം കാണാതിരുന്നതോടെയാണ് എട്ട് പ്രമുഖരുടെ രാജിയെന്നതും നിർണായകമാണ്. മോദി സർക്കാരിന്റെ ശക്തി കേന്ദ്രമായ ഉത്തർപ്രദേശിൽ വിമത നീക്കങ്ങളുണ്ടായാൽ ബിജെപി പാളയത്തിൽ വലിയ വോട്ട് ചോർച്ചയുണ്ടാകും. അഖിലേഷ് യാദവാണ് പുതിയ നീക്കങ്ങൾക്ക് പിന്നിലെന്നും സൂചനയുണ്ട്. കോൺഗ്രസിനേക്കാൾ പുതിയ സാഹചര്യം മുതലെടുക്കാൻ സമാജ് വാദി പാർട്ടിക്കാണ് അവസരം.