Top

'വികസനം തടയാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും ലീഗിനും ഒരേ സ്വരം'; പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടു തന്നെയെന്ന് മുഖ്യമന്ത്രി

'വികസന നേട്ടങ്ങളാണ് എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയത്'

30 Nov 2021 12:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വികസനം തടയാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും ലീഗിനും ഒരേ സ്വരം; പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടു തന്നെയെന്ന് മുഖ്യമന്ത്രി
X

നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ തടയാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും ലീഗിനും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് നേടിയ തുടര്‍ഭരണം ഇത്തരം അവിശുദ്ധ കൂട്ടുകെട്ടിനെ നിരാശപ്പെടുത്തിയെന്നും ആ നിരാശ പകയായി മാറുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോണ്‍ഗ്രസും ബിജെപിയും ലീഗും ഒരേ സ്വരത്തില്‍ വികസനത്തിനെതിരെ സംസാരിക്കുന്നത്. വികസന നേട്ടങ്ങളാണ് എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയത്. ഇത് മനസിലാക്കിയതോടെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയാണ് ഒരു വിഭാഗം. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരായി കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ച് ബിജെപി ഇടപെടല്‍ നടത്തി. ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇത് നാടിനെ വലിയ തോതില്‍ വേദനിപ്പിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന പദ്ധതികള്‍ക്ക് ബജറ്റിന് പുറത്ത് നിന്ന് പണം കണ്ടെത്തേണ്ടി വന്നിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കിഫ്ബിക്ക് രൂപം നല്‍കിയത്. ഇതിനെ ഒരു കൂട്ടര്‍ എതിര്‍ത്തു. എന്നാല്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പം നിന്നു. കിഫ്ബിയെ മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്‌നമെന്നാണ് ഒരുവിഭാഗം പരിഹസരിച്ചത്. കേന്ദ്ര ഏജന്‍സികളെ നെറികെട്ട രീതിയില്‍ ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആകാവുന്നത്ര ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

സില്‍വര്‍ ലൈന്‍ സ്വാഗതാര്‍ഹമായ പദ്ധതിയാണെന്ന് കേന്ദ്രവും സംസ്ഥാനവും കണ്ടതാണ്. കേരളത്തിന്റെ ഭാവി കണക്കാക്കിയുള്ള പദ്ധതിയാണ് സില്‍വര്‍ ലൈന്‍. ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുക. പൂര്‍ണമായും പരിസ്ഥിതി സംരക്ഷിച്ചുള്ള പദ്ധതിയാണ് സില്‍വര്‍ ലൈന്‍. വന്യജീവി മേഖലയിലൂടെയും പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയും പാത കടന്ന് പോകുന്നില്ല. പദ്ധതി നടപ്പാക്കുമ്പോള്‍ നെല്‍പ്പാടങ്ങളെയോ കൃഷിയേയോ ഇല്ലാതാക്കില്ല. പ്രകൃതിയെ പൂര്‍ണമായും സംരക്ഷിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ നാടിന്റെ വികസനം ആഗ്രഹിക്കാത്തവര്‍ പദ്ധതിക്കെതിരെ രംഗത്ത് വരുന്നു. ഇപ്പൊള്‍ വേണ്ട എന്നാണ് അവരുടെ നിലപാട്. പക്ഷെ ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോള്‍ എന്നതിന് അവര്‍ക്ക് ഉത്തരമില്ല. പക്ഷെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Next Story

Popular Stories