Top

സ്വര്‍ണക്കടത്ത് കേസ്: ഇഡിയെ വിശ്വസിക്കാനാകില്ലെന്ന് വി ഡി സതീശന്‍, പ്രതിപക്ഷത്തിന്റേത് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി, സഭയില്‍ ബഹളം

'സര്‍ക്കാരിനെതിരെ ദുഷ്ടലാക്കോടെ സാങ്കല്‍പിക കാര്യങ്ങള്‍ കെട്ടിച്ചമച്ച് പ്രചരിപ്പിക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നു'

21 July 2022 7:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വര്‍ണക്കടത്ത് കേസ്: ഇഡിയെ വിശ്വസിക്കാനാകില്ലെന്ന് വി ഡി സതീശന്‍, പ്രതിപക്ഷത്തിന്റേത് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി, സഭയില്‍ ബഹളം
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് നിയമസഭയില്‍ സബ്മിഷനായി ഉന്നയിച്ച് പ്രതിപക്ഷം. കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റുന്നതിലൂടെ കേസ് അട്ടിമറിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ പറഞ്ഞു. ഇഡിയെ വിശ്വസിക്കാന്‍ പറ്റില്ല, ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണമെന്നും സര്‍ക്കാര്‍ ഇത് ആവശ്യപ്പെടണമെന്നും വിഡി സതീശന്‍ പറഞ്ഞു.

എന്നാല്‍ പ്രതിപക്ഷത്തിന്റേത് ഇരട്ടത്താപ്പാണെന്ന് മറുപടി പറയവെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് നന്ദിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രതിപക്ഷത്തിന് തിരിച്ചറിവുണ്ടായെന്നും വിമര്‍ശിച്ചു. സിബിഐ പരിമിതികളില്‍ നിന്ന് മുക്തരല്ല. സിബിഐ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

പ്രതിപക്ഷം നേരത്തെ സ്വീകരിച്ച നിലപാടും ഇതുതന്നെയാണെന്ന് വിഡി സതീശന്‍ പ്രതികരിച്ചു. നിലപാട് മാറ്റി എന്ന് സ്ഥാപിക്കാന്‍ നോക്കണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് എന്താണിത്ര പേടിയെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും, സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. തുടര്‍ന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

സബ്മിഷന്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞത്;

'സ്വര്‍ണക്കടത്ത് കേസ് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. അവര്‍ ഉന്നയിക്കുന്നത് സംസ്ഥാന സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും ഗുരുതര ആരോപണങ്ങളാണ്. ഇഡിയെ കുറിച്ച് രാജ്യവ്യാപകമായ ആരോപണങ്ങളുണ്ട്. മോദി ഭരണകൂടത്തിന്റെ ഉപകരണമായി മാറുകയാണെന്ന് ആരോപണങ്ങളുണ്ട്. അവര്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പടെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇഡിയുടെ പ്രവര്‍ത്തനത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

കേരളത്തില്‍ നിന്ന് കേസ് മാറ്റി ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്നിലൂടെ സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണോ ഇഡി ശ്രമിക്കുന്നത്? കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണോ? ഇഡിയെ ഞങ്ങള്‍ക്ക് വിശ്വാസമില്ല, ഇഡി പറയുന്ന കാര്യങ്ങളൊന്നും വിശ്വസിക്കാന്‍ പറ്റില്ല, കാരണം രാഷ്ട്രീയമായാണ് അവര്‍ ചെയ്യുന്നത്. ഇഡി നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെങ്കില്‍ അത് അട്ടിമറിക്കണം. അതുകൊണ്ട് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണം. സര്‍ക്കാര്‍ ഇത് ആവശ്യപ്പെടണം.'

മുഖ്യമന്ത്രിയുടെ മറുപടി;

'പ്രതിപക്ഷത്തിന് തിരിച്ചറിവുണ്ടായെന്നാണ് ഇതിലൂടെ മനസിലാകുന്നത്. ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് നന്ദി. സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പ്രതിഷേധം നടക്കുന്ന ദിവസം തന്നെയാണ് പ്രതിപക്ഷ നേതാവ് സബ്മിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇഡി രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു, ഇഡി അവരുടെ പരിധി കടന്നുപോവുകയാണെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു. ബംഗളൂരുവിലേക്ക് കേസ് മാറ്റുന്നതിലൂടെ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നത് അദ്ദേഹത്തിന് തോന്നിയിട്ടുള്ള ന്യായമായ സംശയമാണ്. സര്‍ക്കാരിന്റെ നിരപരാധിത്വം തെളിയിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സ്വീകരിച്ച നിലപാടുകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സികളും പ്രവര്‍ത്തിക്കുക. പൂര്‍ണമായും കേന്ദ്രവിഷയത്തില്‍ പെട്ട കേസാണ് സ്വര്‍ണക്കടത്ത് കേസ്. സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കില്ല. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടുവെന്ന ആരോപണം കേന്ദ്ര ഏജന്‍സികള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പത്രമാധ്യമങ്ങളിലൂടെ വരുന്ന ചില വാര്‍ത്തകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പറയുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന ഇത്തരം കേസുകളില്‍ സമഗ്രമായ അന്വഷണം നടത്തി അതിന്റെ ഉറവിടമുള്‍പ്പടെ പുറത്തു കൊണ്ടുവരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതിന് സഹായകരമായ രീതിയിലല്ല അന്വേഷണത്തിന്റെ ഗതിയെന്ന് ആശങ്ക ഉയര്‍ന്നപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ കത്തിലൂടെ അറിയിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ദുഷ്ടലാക്കോടെ ആരോപണം ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമമുണ്ട്. അതിന്റെ ഭാഗമായി സാങ്കല്‍പിക കാര്യങ്ങള്‍ കെട്ടിച്ചമച്ച് പ്രചരിപ്പിക്കാന്‍ കേരളത്തില്‍ സംഘടിതമായ ശ്രമം നടക്കുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ ഇതിന് മുന്നില്‍ നില്‍ക്കുന്നു. ഇതെല്ലാം കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് പ്രചരിപ്പിക്കുന്ന നിലയാണ് സംസ്ഥാനത്ത് നേരത്തെ കണ്ടിട്ടുള്ളത്, അതില്‍ നിന്ന് വ്യത്യസ്തത ഇന്ന് കണ്ടു. കേന്ദ്ര ഏജന്‍സികള്‍ ഇവിടെയും രാഷ്ട്രീയ ലക്ഷ്യവുമായി നീങ്ങുകയാണ്.

ഇന്നത്തെ ദിവസത്തിന് മുമ്പ് വരെയുള്ള സമയങ്ങളില്‍ ഇഡിയുടെ കരുനീക്കങ്ങള്‍ക്ക് ഒപ്പം നീങ്ങുന്ന മനോനിലയായിരുന്നു പ്രതിപക്ഷത്തിനുണ്ടായിരുന്നത്. ഇത് ഇരട്ടത്താപ്പാണ്, ഇത്തരം കാര്യങ്ങളിലൂടെ പുറത്തുവരുന്നത് പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പാണ്. ഇത്തരം പ്രവര്‍ത്തനത്തിലൂടെ തങ്ങളുള്‍പ്പെട്ട സ്വര്‍ണക്കടത്ത്, രാജ്യദ്രോഹം ഉള്‍പ്പടെയുള്ള കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്ന് ഉറപ്പുലഭിച്ചതായി പ്രതികളില്‍ ചിലര്‍ പറഞ്ഞത് വാര്‍ത്തകളായി പുറത്തുവന്നതാണ്. അതിന് അവരെ പിന്തുണക്കുന്ന നിലപാടാണ് ബിജെപി ശ്രമിക്കുന്നത്. ഏജന്‍സി അന്വേഷിക്കണോയെന്ന് കേന്ദ്രമാണ് തീരുമാനിക്കേണ്ടത്.'

Story Highlights: CM Pinarayi Vijayan's Response On Oppositions Submission

Next Story