Top

'നവകേരളത്തിലേക്കുള്ള ഉറച്ചകാല്‍വെപ്പ്'; മന്ത്രിമാര്‍ക്കൊപ്പം 'ചാമ്പിക്കോ മോഡല്‍' ചിത്രവുമായി മുഖ്യമന്ത്രി

''ജനങ്ങളോടുള്ള പ്രതിബദ്ധത മുറുകെപ്പിടിച്ചും കൂടുതല്‍ ജനപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ടും മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.''

20 May 2022 3:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നവകേരളത്തിലേക്കുള്ള ഉറച്ചകാല്‍വെപ്പ്; മന്ത്രിമാര്‍ക്കൊപ്പം ചാമ്പിക്കോ മോഡല്‍ ചിത്രവുമായി മുഖ്യമന്ത്രി
X

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ മന്ത്രിമാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളത്തിലേക്കുള്ള ഉറച്ചകാല്‍വെപ്പാണ് ഒരുവര്‍ഷക്കാലത്തെ സര്‍ക്കാര്‍ ഇടപെടലുകളും പ്രവര്‍ത്തനങ്ങളുമെന്ന് ചിത്രത്തിനൊപ്പം മുഖ്യമന്ത്രി പറഞ്ഞു. 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ചാണ് എല്‍ഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിരുന്നത്. അതില്‍ 765 ഓളം ഇനങ്ങളില്‍ നടപടികള്‍ വിവിധ ഘട്ടങ്ങളിലെത്തിക്കാന്‍ ആദ്യവര്‍ഷം തന്നെ കഴിഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പറഞ്ഞത്: സാമൂഹ്യക്ഷേമമൊരുക്കുന്നതില്‍ സജീവമായി ഇടപെട്ടും സേവനമേഖലയെ ശക്തിപ്പെടുത്തിയും പൊതു പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിച്ചും അടിസ്ഥാന വികസനത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ ആരാഞ്ഞും ക്ഷേമവും വികസനവുമെല്ലാം ജനങ്ങളുടെ അവകാശമാണെന്ന് സ്ഥാപിച്ചുമാണ് ഇടതുമുന്നണി സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ബദല്‍ വ്യക്തമാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നവകേരളത്തിലേക്കുള്ള ഉറച്ചകാല്‍വെപ്പാണ് ഒരുവര്‍ഷക്കാലത്തെ സര്‍ക്കാര്‍ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും.

50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍ക്കൊള്ളിച്ചാണ് എല്‍ഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിരുന്നത്. അതില്‍ 765 ഓളം ഇനങ്ങളില്‍ നടപടികള്‍ വിവിധ ഘട്ടങ്ങളിലെത്തിക്കാന്‍ ആദ്യവര്‍ഷം തന്നെ കഴിഞ്ഞു. പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തി നൂറുദിന കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കാനും സര്‍ക്കാരിന് കഴിഞ്ഞു. രണ്ട് നൂറുദിന കര്‍മ്മ പരിപാടിയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയത്. വലിയ മുന്നേറ്റങ്ങളാണ് വികസനവഴിയില്‍ കേരളം ഇക്കാലയളവില്‍ നേടിയത്. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ 2 ന് ജനസമക്ഷം അവതരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.


കേരളത്തിന്റെ മതനിരപേക്ഷതയും സമാധാന അന്തരീക്ഷവും സംസ്ഥാന വികസനത്തിന് എന്നും മുതല്‍കൂട്ടായിട്ടുണ്ട്. അവ സംരക്ഷിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ജനങ്ങളോടുള്ള പ്രതിബദ്ധത മുറുകെപ്പിടിച്ചും കൂടുതല്‍ ജനപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ടും മുന്നോട്ടുപോകാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.



Next Story