Top

ഐഎഫ്എഫ്‌കെ: 'സമത്വത്തിനും നീതിയ്ക്കുമായി പൊരുതുന്ന മനുഷ്യരോടുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനം'

ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിയെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു.

9 Dec 2022 3:43 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഎഫ്എഫ്‌കെ: സമത്വത്തിനും നീതിയ്ക്കുമായി പൊരുതുന്ന മനുഷ്യരോടുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനം
X

തിരുവനന്തപുരം: സങ്കുചിത ആശയങ്ങളുടെ പ്രചാരണവേദിയായി ചലച്ചിത്രമേളകളെ മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് കേരളം നല്‍കുന്ന മറുപടിയാണ് ഐഎഫ്എഫ്കെ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകമെങ്ങും സമത്വത്തിനും നീതിയ്ക്കുമായി പൊരുതുന്ന മനുഷ്യരോടുള്ള ഐക്യദാര്‍ഢ്യം മേളയിലൂടെ പ്രഖ്യാപിക്കുകയാണ്. ഇറാനിലെ യാഥാസ്ഥിതിക മതമൗലികവാദ ഭരണകൂടത്തിനെതിരെ പൊരുതുന്ന വിഖ്യാത ചലച്ചിത്രകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹ്നാസ് മൊഹമ്മദിയ്ക്ക് 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് ആ നിലപാടിനു അടിവരയിട്ടിരിക്കുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി പറഞ്ഞത്: ''ഇരുപത്തിയേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു തുടക്കം കുറിച്ചു. സങ്കുചിത ആശയങ്ങളുടെ പ്രചാരണവേദിയായി ചലച്ചിത്രമേളകളെ മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് കേരളം നല്‍കുന്ന മറുപടിയാണ് നമ്മുടെ പ്രിയപ്പെട്ട ചലച്ചിത്രോല്‍സവം. ലോകമെങ്ങും സമത്വത്തിനും നീതിയ്ക്കുമായി പൊരുതുന്ന മനുഷ്യരോടുള്ള ഐക്യദാര്‍ഢ്യം ഈ മേളയിലൂടെ നമ്മള്‍ പ്രഖ്യാപിക്കുകയാണ്. ഇറാനിലെ യാഥാസ്ഥിതിക മതമൗലികവാദ ഭരണകൂടത്തിനെതിരെ പൊരുതുന്ന വിഖ്യാത ചലച്ചിത്രകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹ്നാസ് മൊഹമ്മദിയ്ക്ക് 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് ആ നിലപാടിനു അടിവരയിട്ടിരിക്കുന്നു.''

''സിനിമ കേവലം വിനോദാപാധിയല്ലെന്നും സാമൂഹ്യമുന്നേറ്റങ്ങള്‍ക്ക് ചാലകശക്തിയാകേണ്ട പ്രധാന മാധ്യമം കൂടിയാണെന്നുമുള്ള ബോധ്യം കലാകാരന്മാരും ആസ്വാദകരും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ആ ദിശയില്‍ ലോകമാകെ നടക്കുന്ന പരിശ്രമങ്ങളെ അടുത്തറിയാനും കല എന്ന നിലയ്ക്ക് സിനിമയുടെ പുത്തന്‍ ഭാവുകത്വങ്ങളും സാധ്യതകളും മനസ്സിലാക്കാനും ഈ മേള നമുക്ക് സഹായകമാകും. കേരളത്തിന്റെ കലാസാംസ്‌കാരിക മേഖലയ്ക്ക് പുതിയ ഊര്‍ജ്ജം പകരാന്‍ ഇതുവഴി സാധിക്കും. ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ ആവേശപൂര്‍വ്വം വന്നു ചേര്‍ന്ന എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു.''

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന് സാക്ഷ്യവഹിച്ച സദസിലേക്ക് ആര്‍ക് ലൈറ്റ് തെളിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ 27ാമത് മേള ഉദ്ഘാടനം ചെയ്തത്. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിയെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു. യാത്രാ നിയന്ത്രണങ്ങള്‍ മൂലം മേളയില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിയാതിരുന്ന മഹ്നാസിനു വേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരി അഞ്ചു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഏറ്റുവാങ്ങി. മേളയിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും മേളയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തന്റെ മുടി മുറിച്ച് അതീന റേച്ചലിനെ മഹ്നാസ് ഏല്‍പ്പിച്ചിരുന്നു. ഇത് അതീന ഉദ്ഘാടന വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് കൈമാറുകയും ചെയ്തു.

കൊവിഡിന്റെ പരിമിതികള്‍ മറികടന്ന് സിനിമകളുടേയും ആസ്വാദകരുടേയും വലിയ പങ്കാളിത്തംകൊണ്ടു ചരിത്രപരമായ സാംസ്‌കാരികോത്സവമായി ഇത്തവണത്തെ ചലച്ചിത്രമേള മാറുകയാണെന്നു മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ഐ.എഫ്.എഫ്.കെ ഫെസ്റ്റിവല്‍ ബുക്ക് മന്ത്രി വി. ശിവന്‍കുട്ടി പ്രകാശനം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി. ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ മന്ത്രി ജി.ആര്‍ അനില്‍ മേയര്‍ ആര്യാ രാജേന്ദ്രനു നല്‍കി പ്രകാശനം ചെയ്തു. ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് വി.കെ. പ്രശാന്ത് എം.എല്‍.എ കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണിനു നല്‍കി പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ഡയറക്ടറും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്, ജൂറി ചെയര്‍മാനും ജര്‍മന്‍ സംവിധായികയുമായ വീറ്റ് ഹെല്‍മര്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി. അജോയ്, മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story