Top

'ലഹരി കേസുകളില്‍ പെടുന്ന വിദ്യാര്‍ത്ഥികളുടെ സ്വകാര്യത സംരക്ഷിക്കണം'; വാര്‍ത്ത നല്‍കുന്നതില്‍ ശ്രദ്ധിക്കണമെന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി

ലഹരിക്ക് അടിപ്പെട്ടവരെ മോചിപ്പിച്ച് ആത്മാഭിമാനമുള്ള തുടര്‍ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കലാകണം ലക്ഷ്യമെന്നും മുഖ്യമന്ത്രി.

28 Sep 2022 2:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലഹരി കേസുകളില്‍ പെടുന്ന വിദ്യാര്‍ത്ഥികളുടെ സ്വകാര്യത സംരക്ഷിക്കണം; വാര്‍ത്ത നല്‍കുന്നതില്‍ ശ്രദ്ധിക്കണമെന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി
X

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നത് ഉത്കണ്ഠപ്പെടുത്തുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യസ സ്ഥാപനങ്ങളെയാണ് ലഹരി മാഫിയ പ്രധാനമായി ലക്ഷ്യമിടുന്നത്. സ്‌കൂളുകളില്‍ മയക്കുമരുന്ന് എത്തിക്കാന്‍ വലിയ ശൃംഖല പലയിടത്തുമുണ്ട്. ലഹരി ഉത്പന്നങ്ങള്‍ പിടികൂടുന്ന കേസുകളില്‍ ചിലപ്പോള്‍ കുട്ടികളും പെട്ടുപോകും. അവരുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിച്ച് വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ മാധ്യമ മേധാവികളുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ലഹരിക്ക് അടിപ്പെട്ടവരെ അതില്‍ നിന്ന് മോചിപ്പിച്ച് ആത്മാഭിമാനമുള്ള തുടര്‍ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കലാകണം ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ലഹരി കടത്തുകാരോടും വില്‍പനക്കാരോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ പൊലീസിനും എക്‌സൈസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വിശദാംശം ഉള്‍പ്പെടുത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കും. പിടിക്കപ്പെടുന്നവരുടെ പൂര്‍വകാല ചെയ്തികള്‍ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്ത് പരമാവധി ശിക്ഷ ഉറപ്പാക്കും. ഇത്തരം കേസുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കാപ്പയ്ക്ക് തുല്യമായ വകുപ്പുകളുണ്ട്. ഇത്തരം നിയമങ്ങളിലൂടെ കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്താനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മയക്കുമരുന്ന് കടത്തുന്നത് തടയും. അതിര്‍ത്തി മേഖലകളില്‍ നല്ല രീതിയില്‍ മയക്കുമരുന്നിനെതിരെ പ്രതിരോധം തീര്‍ക്കും. നിലവിലുള്ള ഡീഅഡിക്ഷന്‍ കേന്ദ്രങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ചെയ്യും. സ്‌കൂളുകളില്‍ എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ് എന്നിവരെ ഫലപ്രദമായി വിനിയോഗിക്കും. സ്‌കൂളുകളില്‍ കൂടുതല്‍ കൗണ്‍സലര്‍മാരെ നിയോഗിക്കും. അതിഥി തൊഴിലാളികള്‍ക്കായി അവരുടെ ഭാഷയില്‍ പ്രചാരണം സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം മയക്കുമരുന്നിനെതിരായ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ എല്ലാവരുടെയും ഏകോപിത പ്രവര്‍ത്തനം ഉണ്ടാകണം. മാധ്യമങ്ങള്‍ക്ക് ഇതില്‍ സുപ്രധാന പങ്ക് വഹിക്കാനാകും. എല്ലാ മാധ്യമങ്ങളും ഇതുമായി ബന്ധപ്പെട്ട് വ്യാപക പ്രചാരണം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കാമ്പയിന് ജനപങ്കാളിത്തം ഉറപ്പാക്കാന്‍ സഹായിക്കുന്ന വിധത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ച് നവംബര്‍ ഒന്നു വരെ നീണ്ടുനില്‍ക്കുന്ന ഊര്‍ജിത കാമ്പയിനാണ് ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ അനുഭവം വിലയിരുത്തി തുടര്‍ പ്രവര്‍ത്തനവും നടക്കും. ഒക്‌ടോബര്‍ രണ്ടിന് എല്ലാ വിദ്യാലയങ്ങളിലും പി.ടി.എ യോഗം ചേരും. ലഹരി വിരുദ്ധ സദസുകളും സംഘടിപ്പിക്കും. ബസ്സ്റ്റാന്‍ഡ്, പ്രധാന കവലകള്‍, ക്ലബുകള്‍, ഗ്രന്ഥശാലകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവിടങ്ങളിലെല്ലാം ജനജാഗ്രതാ സദസ് നടക്കും. പൂജ അവധിക്കു ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തില്‍ വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ സംവാദം സംഘടിപ്പിക്കും.

ഒക്‌ടോബര്‍ ആറ്, ഏഴ് തീയതികളില്‍ പി. ടി. എ മദര്‍ പി ടി എ, വിദ്യാഭ്യാസ വികസന സമിതി എന്നിവയുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. ഒക്‌ടോബര്‍ എട്ട് മുതല്‍ 12 വരെ ലൈബ്രറി, റെസിഡന്റ്‌സ് അസോസിയേഷന്‍, കുടുംബശ്രീ, ഹോസ്റ്റല്‍, ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ സംവാദം, വിവിധ പരിപാടികള്‍, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടക്കും. വിവിധ മേഖലയിലെ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യം ഉറപ്പാക്കും.

ഒക്‌ടോബര്‍ 9ന് കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ ലഹരിവിരുദ്ധ സഭ സംഘടിപ്പിക്കും. 14ന് ബസ് സ്റ്റാന്‍ഡ്, പ്രധാന ടൗണുകള്‍, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ ലഹരി വിരുദ്ധ സദസ് വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിലുണ്ടാവും. 16 മുതല്‍ 24 വരെ തീരദേശ സംഘടനകള്‍, തീരദേശ പോലീസ് എന്നിവരുമായി ആലോചിച്ച് തീരമേഖലയില്‍ പരിപാടി സംഘടിപ്പിക്കും. എല്ലാ തദ്ദേശവാര്‍ഡുകളിലും 16ന് വൈകിട്ട് നാലു മുതല്‍ 7 വരെ ജനജാഗ്രത സദസുണ്ടാവും.

24ന് വൈകിട്ട് ആറിന് ലഹരിക്കെതിരെ വീടുകളില്‍ ദീപം തെളിയിക്കും. ഒക്ടോബര്‍ 30, 31 തീയതികളില്‍ സംസ്ഥാനത്താകെ ലഹരി വിരുദ്ധ ശൃംഖലയുടെ ഭാഗമായി വിളംബര ജാഥ നടത്തും. നവംബര്‍ 1ന് വൈകിട്ട് മൂന്നിന് ഓരോ വിദ്യാലയം കേന്ദ്രീകരിച്ചും ലഹരി വിരുദ്ധ ശൃംഖല തീര്‍ക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയാകും ഇത് പിരിയുന്നത്. പ്രതീകാത്മകമായി മയക്കുമരുന്ന് കത്തിക്കുകയും കുഴിച്ചു മൂടുകയും ചെയ്യും.

Next Story