Top

കുഞ്ഞ് സാറ ചോദിച്ചു, 'കേരളം എന്ന് മാറും'; മുഖ്യമന്ത്രിയുടെ മറുപടി

രണ്ട് അക്കാദമീഷ്യന്‍മാര്‍ പണ്ട് സിംഗപ്പൂരില്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചത് ഓര്‍മ്മിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

7 Oct 2022 10:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുഞ്ഞ് സാറ ചോദിച്ചു, കേരളം എന്ന് മാറും; മുഖ്യമന്ത്രിയുടെ മറുപടി
X

നോര്‍വേയിലെ മലയാളി അസോസിയേഷനായ 'നന്മ' യുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ആദ്യ ചോദ്യം രണ്ടാം ക്ലാസുകാരിയായ സാറാ എബ്രഹാമിന്റേതായിരുന്നു. നാട്ടില്‍ വന്നപ്പോള്‍ മിഠായി കഴിച്ചപ്പോള്‍ അതിന്റെ കടലാസ് ഇടാന്‍ വേസ്റ്റ് ബിന്‍ നോക്കിയിട്ട് എങ്ങും കണ്ടില്ലെന്നും ഇനി വരുമ്പോള്‍ ഇതിനു മാറ്റമുണ്ടാകുമോ എന്നതായിരുന്നു സാറയുടെ ചോദ്യം.

രണ്ട് അക്കാദമീഷ്യന്‍മാര്‍ പണ്ട് സിംഗപ്പൂരില്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചത് ഓര്‍മ്മിച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. അവിടെ ബസില്‍ നിന്നിറങ്ങിയ അവര്‍ ടിക്കറ്റ് റോഡിലിടുന്നത് കണ്ട സ്‌കൂള്‍ കുട്ടികള്‍ അമ്പരന്നു പോയെന്നും ഇതു കണ്ട് തെറ്റ് മനസിലാക്കിയ അവര്‍ റോഡില്‍ നിന്നും ടിക്കറ്റ് എടുത്ത് വേസ്റ്റ് ബിന്നിലിട്ടെന്നും അദ്ദേഹം പറഞ്ഞു.


കേരളത്തില്‍ ഈ അവബോധം വേണ്ടത്ര വന്നിട്ടില്ലെന്നും മറുപടിയായി മുഖ്യമന്ത്രി ചൂണ്ടി കാണിച്ചു. മാലിന്യ സംസ്‌കരണം പ്രധാന പ്രശ്‌നമായി സര്‍ക്കാര്‍ കാണുന്നുവെന്നും അത് പരിഹരിക്കുന്നതിനായി ശ്രമിക്കുകയാണെന്നന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാറ ആഗ്രഹിക്കുന്ന രൂപത്തിലേക്ക് കേരളത്തെ മാറ്റാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസത്തിലേക്ക് ലക്ഷക്കണക്കിന് കുട്ടികള്‍ മടങ്ങിയതും മുഖ്യമന്ത്രി പറഞ്ഞു. നോര്‍വ്വേയില്‍ പൊതു വിദ്യാഭ്യാസം മാത്രമാണുള്ളതെന്ന് പറഞ്ഞ മലയാളികള്‍ നാട്ടിലെ വിദ്യാഭ്യാസത്തിന്റെ മികവാണ് തങ്ങള്‍ക്കെല്ലാം ഇവിടെ ഉന്നതമായ ജോലി ലഭിക്കുന്നതിന് സഹായകരമായതെന്ന് പറഞ്ഞു.

മൂന്നു മണിക്കൂറിലധികം മലയാളി സമൂഹവുമായി ആശയവിനിമയം നടത്തിയ ശേഷമാണ് മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്. ചരിത്രത്തിലാദ്യമായിട്ടാണ് കേരള മുഖ്യമന്ത്രി നോര്‍വേയിലെത്തി മലയാളികളുമായി സംവദിക്കുന്നത്.

കേരളത്തില്‍ നിക്ഷേപം നടത്താമെന്ന് നോര്‍വേ മലയാളികള്‍

കേരളത്തില്‍ സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുണ്ടെന്ന് നോര്‍വേ മലയാളികള്‍. നോര്‍വ്വേയിലെ മലയാളി കൂട്ടായ്മയായ 'നന്മ'യുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയുടെ മുന്നിലാണ് നിക്ഷേപത്തിന് തയ്യാറാണെന്ന് ചിലര്‍ സൂചിപ്പിച്ചത്. അതിനുള്ള എല്ലാ സഹായവും നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും നോര്‍വ്വ സന്ദര്‍ശനത്തിന്റെ നേട്ടങ്ങളും മുഖ്യമന്ത്രി മലയാളി അസോസിയേഷന് മുന്നില്‍ വിശദീകരിച്ചു. ഇവിടെ കാണുന്ന പല സൗകര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകുമെന്നും അതിനായി നമുക്ക് ഒന്നിച്ച് ശ്രമിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവ കേരള കാഴ്ചപാടിന്റെ പ്രധാന ഉള്ളടക്കവും കഴിഞ്ഞ ആറു വര്‍ഷം നടപ്പിലാക്കിയ പ്രധാന കാര്യങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. 1970 മുതല്‍ നോര്‍വ്വേയില്‍ മലയാളി സാന്നിധ്യമുണ്ടെങ്കിലും 2000 മുതലാണ് മലയാളികള്‍ കുടുതലായി കുടിയേറാന്‍ തുടങ്ങിയത്. പ്രൊഫഷണലുകളാണ് ഇവരില്‍ ഭൂരിഭാഗവും. നോര്‍വ്വേയിലെ പെന്‍ഷന്‍ സംവിധാനത്തെ കുറിച്ച് വിശദമായ പഠനം നടത്താന്‍ ഉദ്ദേശിക്കുന്നതായി പിണറായി വിജയന്‍ സൂചന നല്‍കി.

ആദ്യമായാണ് കേരളത്തിന്റെ മുഖ്യമന്ത്രി നോര്‍വ്വേയിലെത്തുന്നതെന്നും അതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും നന്മ പ്രസിഡണ്ട് സിന്ധു എബ്ജില്‍ പറഞ്ഞു. ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവും ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയും മറുപടി പറഞ്ഞു.

Next Story