'കുമ്മനത്തിന്റെ സഹായം തേടിയതുകൊണ്ടൊന്നും ആരും രക്ഷപ്പെടില്ല'; ഉമാ തോമസ് ബിജെപി ഓഫീസ് സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി
''മതനിരപേക്ഷമായി ചിന്തിക്കുന്ന ഏതൊരു കൂട്ടരും മാറ്റിനിര്‍ത്തേണ്ട ഈ വിഭാഗത്തെ നാല് വോട്ടിന് വേണ്ടി യുഡിഎഫ് കൂടെ കൂട്ടിയത് നാം കണ്ടതാണ്.''
24 May 2022 3:31 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസിന്റെ ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദര്‍ശനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപി കേന്ദ്രത്തിലെത്തി കുമ്മനം രാജശേഖരന്റെ സഹായം തേടിയതുകൊണ്ടൊന്നും ആരും രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
''തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചില സ്ഥലങ്ങളില്‍ നേരത്തെയുള്ള രീതികള്‍ തലപൊക്കുന്നത് കാണുന്നുണ്ട്. ഇവിടെ പഴയ രീതിയിലുള്ള വോട്ട് കച്ചവടത്തിന്റെ സ്വാദ് അറിഞ്ഞ ഒരുപാട് ബിജെപി നേതാക്കളുണ്ട്. അവരതിന് പല ന്യായങ്ങളും അണികളോട് അതാത് കാലത്ത് പറഞ്ഞിട്ടുണ്ട്. മതനിരപേക്ഷമായി ചിന്തിക്കുന്ന ഏതൊരു കൂട്ടരും മാറ്റിനിര്‍ത്തേണ്ട ഈ വിഭാഗത്തെ നാല് വോട്ടിന് വേണ്ടി യുഡിഎഫ് കൂടെ കൂട്ടിയത് നാം കണ്ടതാണ്.'' അതിന്റെതായ ചില രംഗപ്രവേശങ്ങള്‍ ഈ ഉപതെരഞ്ഞെടുപ്പിലും കാണാന്‍ കഴിയുന്നത് ഗൗരവമായി കണക്കാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
''തെരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ച്ഛിച്ച് വരുമ്പോഴുണ്ടാവുന്ന അങ്കലാപ്പാണ് യുഡിഎഫ് കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത്. ഇനിയും പലതരത്തിലും നെറികെട്ട രീതിയിലുള്ള പ്രചാരണം ഉണ്ടാകും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ എന്തെങ്കിലും കെട്ടുകഥകള്‍ ഉണ്ടായേക്കും. വോട്ടെടുപ്പ് അടുക്കുമ്പോള്‍ ഇതിനെക്കാള്‍ നില തെറ്റിയ അവസ്ഥയിലേക്ക് കോണ്‍ഗ്രസ് പോയെന്നുവരാം.''-മുഖ്യമന്ത്രി പറഞ്ഞു.
'അതിജീവിതയ്ക്കൊപ്പമാണ് സര്‍ക്കാര്‍'
എല്ലാം ഘട്ടത്തിലും അതിജീവിതയ്ക്കൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിലെ പ്രതികള്‍ക്ക് നീതിയുടെ വിലങ്ങ് അണിയിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ കുറ്റാരോപിതന് നെഞ്ചും വിരിച്ച് നടന്നേനെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസ് അതിന്റെ കൃത്യമായി വഴിക്ക് പോകണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. മുന്‍പ് അധികാരത്തിലിരുന്നവര്‍ ഇത്തരം കേസുകളില്‍ വെള്ളം ചേര്‍ത്തത് പോലെ ഈ സര്‍ക്കാരും അത് സ്വീകരിക്കുമെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. ഉത്രയ്ക്കും വിസ്മയയ്ക്കും ജിഷയ്ക്കും നീതി ലഭിച്ചതുപോലെ അതിജീവിതയ്ക്കും നീതി ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ''നടിയെ ആക്രമിച്ച കേസില്‍ വളരെ കാര്‍ക്കശ്യത്തോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. എല്‍ഡിഎഫായിരുന്നില്ല അന്ന് അധികാരത്തിലെങ്കില്‍ കുറ്റാരോപിതര്‍ കൈയും വീശി നെഞ്ചും വിരിച്ച് സമൂഹത്തിന് മുന്നിലൂടെ നടന്നുപോകുമായിരുന്നു. എത്ര ഉന്നതനാണെങ്കിലും അത് കേസ് അന്വേഷണത്തിന്റെ മുന്നില്‍ വില പോവില്ലയെന്നത് അറസ്റ്റും തുടര്‍നടപടികളും വ്യക്തമാക്കിയിട്ടുള്ളതാണ്.''
''അങ്ങനെ ഒരു അറസ്റ്റ് യുഡിഎഫായിരുന്നു ഭരണത്തില്ലെങ്കില്‍ നടക്കുമായിരുന്നോ?. അന്ന് എല്ലാവരും പറഞ്ഞു, എല്‍ഡിഎഫ് ഭരണമായത് കൊണ്ടാണ് അറസ്റ്റ് നടന്നത്, അല്ലെങ്കില്‍ നടക്കില്ലായിരുന്നുയെന്ന്. യുഡിഎഫ് എല്ലാക്കാലത്തും പ്രതികള്‍ക്കൊപ്പം നില്ക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പഴുതടച്ച കുറ്റാന്വേഷണരീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഉത്രയ്ക്കും വിസ്മയയ്ക്കും ജിഷയ്ക്കും നീതി ലഭിച്ചതുപോലെ അതിജീവിതയ്ക്കും നീതി ലഭിക്കും.''
''2017 ഫെബ്രുവരിയിലായിരുന്നു സംഭവം. അടുത്ത ദിവസം തന്നെ നടിയുടെ കാര്‍ ഓടിച്ച ആളെ അറസ്റ്റ് ചെയ്തു. 19ന് കേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. പിന്നാടെ ഓരോരുത്തരെയായി പിടികൂടി. ക്വട്ടേഷന്‍ കാര്യം ഇവരുടെ മൊഴികളിലൂടെ പൊലീസിന് ലഭിച്ചു. അങ്ങനെയാണ് ആ കേസിലെ പ്രധാനപ്രതിയും ജയിലിലേക്ക് എത്തുന്നത്. അതിലെന്നും ഒരു കൈ വിറയലും പൊലീസിനുണ്ടായില്ല. ശക്തമായ നടപടിയുമായി മുന്നോട്ടുപോയി. അന്വേഷണത്തില്‍ എല്ലാ സ്വാതന്ത്ര്യവും പൊലീസിനുണ്ട്. അവരുടെ കൈകള്‍ക്ക് തടസമില്ല. അന്വേഷണം ഉന്നതരിലേക്ക് എത്തുമ്പോള്‍ അങ്ങോട്ട് പോകല്ലേ എന്ന് പറയാന്‍ ഇവിടെയൊരു സര്‍ക്കാരില്ല, മുന്നോട്ട് പോയിക്കോ എന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. അതിന്റെ ഭാഗമായാണ് കൃത്യമായ അന്വേഷണം നടന്നത്.''
''നടി ഒരു കാര്യം ആവശ്യപ്പെട്ടു. കേസില്‍ വനിതാ ജഡ്ജി വേണമെന്ന്. മാത്രമല്ല, വിചാരണക്കായി പ്രത്യേക കോടതിയും. അതോടെപ്പം പബ്ലിക് പ്രോസിക്യൂട്ടര്‍ ആര് വേണമെന്ന് അവര്‍ക്ക് നിര്‍ദേശിക്കാമെന്ന നിലപാടും എടുത്തു. എല്ലാ ഘട്ടത്തിലും അവര്‍ക്കൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്.''
''ഈ കേസിന്റെ വിചാരണ നടക്കുമ്പോഴാണ് ബാലചന്ദ്രകുമാര്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വരുന്നത്. കേസിന്റെ ഗതി മാറ്റുന്ന മൊഴിയാണ് പുറത്തുവന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പുതിയ കേസെടുത്തു. പ്രതികളെ വീണ്ടും ചോദ്യം ചെയ്തു. ഇതിനിടെ പുനര്‍അന്വേഷണം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ ആള് ഹര്‍ജി നല്കി. പക്ഷെ കോടതി ക്രൈംബ്രാഞ്ചിന് അനുകൂലമായ വിധി പറഞ്ഞു. ഇതെല്ലാം കേസ് കൃത്യമായി അതിന്റെ വഴിക്ക് പേകണമെന്ന ധാരണയോടെയാണ്. പണ്ട് കാലത്ത് സര്‍ക്കാരില്‍ ഇരുന്നവര്‍ ഇത്തരം കേസുകളില്‍ വെള്ളം ചേര്‍ത്ത അനുഭവമുള്ളത് കൊണ്ട് അതായിരിക്കും ഇപ്പോഴും നടക്കുന്നതെന്ന ധാരണയോടെ പറഞ്ഞാല്‍, അത് ഇങ്ങോട്ട് ഏശില്ലെന്നാണ് പറയാനുള്ളത്. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്നാണ് വ്യക്തമാക്കാനുള്ളത്.''