Top

'സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ നീക്കം'; കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

ഷാജഹാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നെന്നും മുഖ്യമന്ത്രി പിണറായി.

15 Aug 2022 1:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ നീക്കം; കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
X

പാലക്കാട് മരുതറോഡ് സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തില്‍ അപലപിച്ച് മുഖമന്ത്രി പിണറായി വിജയന്‍. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

''പാലക്കാട് മരുതറോഡ് സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.''-മുഖ്യമന്ത്രി പറഞ്ഞു.



അതേസമയം, ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍എസ്എസ് - ബിജെപി സംഘമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു. കൊലപാതകത്തിന്റെ പേരില്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ ആര്‍എസ്എസ് സംഘം തെറ്റായ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. കൊല നടത്തിയിട്ടും അതിന്റെ പേരില്‍ വ്യാജ പ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണെന്ന് സിപിഐഎം വ്യക്തമാക്കി.

ആറ് വര്‍ഷത്തിനിടെ 17 സിപിഐഎം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് കൊലപ്പെടുത്തിയത്. ഓരോ കൊലപാതകത്തിനു ശേഷവും മനുഷ്യത്വഹീനമായ പ്രചാരണം നടത്താനും രക്തസാക്ഷികളുടെ കുടുംബത്തെയടക്കം അപമാനിക്കാനും മടിയില്ലാത്തവരാണ് ആര്‍എസ്എസ് സംഘം. സംഘപരിവാറിന്റെ കൊടിയ വര്‍ഗീയ രാഷ്ട്രീയത്തിന് കേരളത്തില്‍ സിപിഐഎമ്മാണ് മുഖ്യതടസം എന്ന് തിരിച്ചറിഞ്ഞാണ് നിരന്തരമായി പ്രവര്‍ത്തകരെ വേട്ടയാടുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

സിപിഐഎം പ്രസ്താവന പൂര്‍ണരൂപം: പാലക്കാട് മരുതറോഡില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗം സഖാവ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍എസ്എസ് - ബിജെപി സംഘമാണ്. കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിക്കുകയും കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്തുകയും വേണം. സിപിഐ എം പ്രവര്‍ത്തകരെ അരിഞ്ഞു തള്ളുകയും തുടര്‍ന്ന് നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നത് ആര്‍എസ്എസ് - ബിജെപി പതിവ് ശൈലിയാണ്.

പാലക്കാട് ഞായറാഴ്ച രാത്രി നടന്ന കൊലപാതകത്തിന്റെ പേരിലും ചില മാധ്യമങ്ങളുടെ സഹായത്തോടെ തെറ്റായ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്. കൊലനടത്തിയവര്‍ ആര്‍എസ്എസ് - ബിജെപി സജീവ പ്രവര്‍ത്തകരാണെന്ന് ആ നാട്ടുകാര്‍ക്കെല്ലാം അറിയാം. ഇവര്‍ക്ക് കഞ്ചാവ് മാഫിയയുമായും ക്രിമിനല്‍ സംഘങ്ങളുമായും ബന്ധമുണ്ട്. കൊല നടത്തിയ സംഘത്തിലെ മുഖ്യപ്രതികളെല്ലാം ഒട്ടേറെ മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. ഇവരുടെ കഞ്ചാവ് വില്‍പനയടക്കം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ ഷാജഹാന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തതും തടയാന്‍ ശ്രമിച്ചതുമാണ് കൊല നടത്താനുള്ള പ്രേരണ. ഏതാനും നാളുകളായി ആര്‍എസ്എസ് - ബിജെപി സംഘം ഈ പ്രദേശത്ത് നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുകയും അവസരം കാത്തിരിക്കുകയുമായിരുന്നു.

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ഷാജഹാന്റെ നേതൃത്വത്തില്‍ ബോര്‍ഡ് വച്ചപ്പോള്‍ അത് മാറ്റി അതേ സ്ഥലത്ത് തന്നെ ശ്രീകൃഷ്ണജയന്തിയുടെ ബോര്‍ഡ് വയ്ക്കാന്‍ ആര്‍എസ്എസ് സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു. നിഷ്ഠൂരമായി കൊലനടത്തിയിട്ടും അതിന്റെ പേരില്‍ വ്യാജ പ്രചാരണം അഴിച്ചുവിടുന്നത് കൊടും ക്രൂരതയാണ്. കേരളത്തില്‍ മാത്രം ആറ് വര്‍ഷത്തിനിടെ 17 സിപിഐ എം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘങ്ങള്‍ കൊലപ്പെടുത്തിയത്. ഓരോ കൊലപാതകത്തിനു ശേഷവും മനുഷ്യത്വഹീനമായ പ്രചാരണം നടത്താനും രക്തസാക്ഷികളുടെ കുടുംബത്തെയടക്കം അപമാനിക്കാനും മടിയില്ലാത്തവരാണ് ഇക്കൂട്ടര്‍.

സംഘപരിവാറിന്റെ കൊടിയ വര്‍ഗീയ രാഷ്ട്രീയത്തിന് കേരളത്തില്‍ സിപിഐ എം ആണ് മുഖ്യതടസം എന്ന് തിരിച്ചറിഞ്ഞാണ് നിരന്തരമായി പ്രവര്‍ത്തകരെ വേട്ടയാടുന്നത്. സംസ്ഥനത്ത് പുലരുന്ന സമാധാനവും സൈ്വര്യ ജീവിതവും തകര്‍ത്ത് കലാപമുണ്ടാക്കലാണ് ആര്‍എസ്എസ് ലക്ഷ്യം. അക്രമികളെ ഒറ്റപ്പെടുത്തിയും ജനങ്ങളുടെ പിന്തുണയോടെ ജനാധിപത്യപരമായി പ്രതിഷേധിച്ചും ആര്‍എസ്എസ് - ബിജെപി ഭീഷണിയെ നേരിടും. എല്ലാ വ്യാജപ്രചാരണങ്ങളും തിരിച്ചറിഞ്ഞ് ജനങ്ങള്‍ അവ തള്ളിക്കളയണം.

Next Story