'പിണറായി ഏറെ കാര്യക്ഷമതയുള്ള വ്യക്തി, വാക്ക് പാലിക്കുന്നയാള്'; മുഖ്യമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍
പിണറായി വിജയന് ഒരു വാക്കു നല്കിയിട്ടുണ്ടെങ്കില് നടന്നുവെന്നാണ് അര്‍ത്ഥം. വലിയ ബഹുമാനമാണ് പിണറായി വിജയനോട് ഉള്ളതെന്നും ശശി തരൂര്‍ പ്രതികരിച്ചു.
21 Aug 2022 12:56 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് വീണ്ടും ശശി തരൂര്‍ എംപി. പിണറായി വിജയന് ഏറെ കാര്യക്ഷമതയുള്ള നേതാവാണെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. പല വിഷയങ്ങളുമായി ബന്ധപ്പെട്ട് പിണറായി വിജയനുമായി ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം അങ്ങേയറ്റം കാര്യബോധമുള്ള വ്യക്തിയായിട്ടാണ് മനസ്സിലാക്കാനായതെന്നും ശശി തരൂര്‍ പറഞ്ഞു.
പിണറായി വിജയന് ഒരു വാക്കു നല്കിയിട്ടുണ്ടെങ്കില് നടന്നുവെന്നാണ് അര്‍ത്ഥം. വലിയ ബഹുമാനമാണ് പിണറായി വിജയനോട് ഉള്ളതെന്നും ശശി തരൂര്‍ പ്രതികരിച്ചു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടാണ് ശശി തരൂരിന്റെ പ്രതികരണം.
അത്യധികം ബഹുമാനിക്കുന്ന വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടിയുടേതെന്നും ശശി തരൂര്‍ പറഞ്ഞു. ശ്രമിച്ചാല്‍ പോലും തനിക്ക് ഉമ്മന്‍ചാണ്ടിയെ പോലെയാകാന്‍ കഴിയില്ല. മാതൃകാപരമായി കാര്യങ്ങള്‍ ചെയ്യുന്നവരെ ബഹുമാനിക്കുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പോലെ ജനങ്ങളുമായി ഇത്രയും ഹൃദയബന്ധമുള്ള മറ്റൊരു നേതാവിനെ കേരളത്തിലെ ഒരു പാര്‍ട്ടിക്കും അവകാശപ്പെടാനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
'എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും'; രാഹുല്‍ ഗാന്ധി മാറി നിന്നാല്‍ ഇറങ്ങുമെന്ന് ശശി തരൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന സൂചന നല്കി ശശി തരൂര്‍ എംപി. മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സര രംഗത്തില്ലെങ്കില്‍ മറ്റ് പേരുകള്‍ നിര്‍ദേശിക്കും. പാര്‍ട്ടിക്ക് മുന്നില്‍ നിരവധി മികച്ച സാധ്യതകള്‍ ഉണ്ടെന്നുമാണ് ശശി തരൂര്‍ പറഞ്ഞത്.
'തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കൂ. സാധ്യതാ പട്ടികയില്‍ ആരൊക്കെയുണ്ടെന്ന് അന്ന് അറിയാം. ഞാന്‍ ഉറപ്പായും മത്സര രംഗത്തുണ്ടാവുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. രാഹുല്‍ഗാന്ധി മത്സര രംഗത്തില്ലെങ്കില്‍ മറ്റുള്ളവര്‍ മുന്നോട്ട് വരും. ഞങ്ങള്‍ക്ക് മുന്നില്‍ മികച്ച നിരവധി സാധ്യതകള്‍ ഉണ്ട്.' ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
രാഹുല്‍ ഗാന്ധിയുമായുള്ള സമവാക്യത്തെകുറിച്ച് താന്‍ ആരുമായും ആഴത്തിലുള്ള വ്യക്തി ബന്ധം സൂക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടാറില്ലായെന്നാണ് ശശി തരൂരിന്റെ മറുപടി. വ്യക്തികളെക്കുറിച്ച് മോശമായി സംസാരിക്കാന്‍ താല്പര്യപ്പെടുന്നില്ല. വ്യക്തിഹത്യ നടത്തുന്ന രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല, അത്തരമൊരു ആക്രമണം നേരിട്ടാല്‍ ചിരിച്ചുകൊണ്ട് നേരിടുമെന്നും ശശി തരൂര്‍ പറഞ്ഞു. പാര്‍ട്ടിയിലെ വിഭാഗീയത ദൗര്‍ഭാഗ്യകരമാണ്. അത് പരിഹരിക്കപ്പെടുമെന്നും തരൂര്‍ കൂട്ടിചേര്‍ത്തു.