Top

'സവര്‍ക്കര്‍ വഞ്ചകന്‍'; ജയിലില്‍ എത്തിപ്പെടേണ്ട താമസം, മാപ്പ് എഴുതി പുറത്ത് വന്നെന്ന് മുഖ്യമന്ത്രി

വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി.

23 Sep 2022 2:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സവര്‍ക്കര്‍ വഞ്ചകന്‍; ജയിലില്‍ എത്തിപ്പെടേണ്ട താമസം, മാപ്പ് എഴുതി പുറത്ത് വന്നെന്ന് മുഖ്യമന്ത്രി
X

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വഞ്ചിച്ച വ്യക്തിയാണ് വിഡി സവര്‍ക്കറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കും വഹിച്ചിട്ടില്ലാത്ത ആര്‍എസ്എസും ബിജെപിയും സവര്‍ക്കറെ ധീരദേശാഭിമാനിയായി ചിത്രീകരിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. അഴീക്കോടന്‍ രാഘവന്‍ അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രചരണബാനറില്‍ സവര്‍ക്കറുടെ ഫോട്ടോ ഉള്‍പ്പെടുത്തിയതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ആര്‍എസ്എസും ബിജെപിയും ഉയര്‍ത്തുന്ന പ്രചരണത്തിലാണ് കോണ്‍ഗ്രസ് മനസ് എന്നാണ് സംഭവത്തെ കാണിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് സ്വാതന്ത്ര്യസമര ദേശാഭിമാനികളുടെ പട്ടികയില്‍ സവര്‍ക്കറെ ചേര്‍ക്കാന്‍ കോണ്‍ഗ്രസ് മനസ് ആലുവയില്‍ തയ്യാറായതെന്നും അതില്‍ ആശ്ചര്യം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വേണമെങ്കില്‍ ബിജെപിയില്‍ പോകുമെന്ന് ഒരു സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമെന്നും ഇതാണ് കോണ്‍ഗ്രസിന്റെ മനസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത് പ്രസക്തഭാഗങ്ങള്‍: ''സവര്‍ക്കര്‍ എന്ത് ചെയ്തു. ജയിലില്‍ എത്തിപ്പെടേണ്ട താമസം. ഉടന്‍ എങ്ങനെ പുറത്ത് ഇറങ്ങണമെന്നായി. അതിനൊരു വഴിയേയുള്ളൂ. ബ്രിട്ടീഷുകാര്‍ക്കെതിരെ എതിരായി ഒരു കാര്യവും ഇനി ചെയ്യില്ല. ഇനി അങ്ങോട്ട് ബ്രിട്ടീഷ് ഭരണകൂടത്തിന് അനുകൂലമായ നിലപാട് മാത്രമേ സ്വീകരിക്കൂ. മാപ്പ് എഴുതി കൊടുത്ത് പുറത്തുവന്നു. അത്തരമാളുകളെ ധീരദേശാഭിമാനിയെന്ന് അല്ല വിളിക്കുക. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വഞ്ചിച്ച് കൂട്ടത്തില്‍ മാത്രമേ ഇത്തരമാളുകളെ ഉള്‍പ്പെടുത്താന്‍ കഴിയൂ. സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കും വഹിച്ചിട്ടില്ലാത്ത ആര്‍എസ്എസിന്റെയും ബിജെപിയുടെയും ആളുകള്‍ ഇപ്പോള്‍ സവര്‍ക്കറെ ധീരദേശാഭിമാനിയായി ചിത്രീകരിക്കുകയാണ്.''

കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമര്‍ശനങ്ങള്‍: ''കുറച്ച് അപ്പുറത്താണ് ആലുവ. ഒരു നേതാവിന്റെ പദയാത്ര വരുന്നുണ്ട്. ആ പദയാത്രയെ സ്വീകരിക്കാന്‍ വച്ച പോസ്റ്ററുകളില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ അടുത്താണ് സവര്‍ക്കരുടെ പടം വച്ചത്. എന്ത് വ്യത്യാസം. വര്‍ത്തമാനകാല ഇന്ത്യയില്‍ ആര്‍എസ്എസും ബിജെപിയും ഉയര്‍ത്തുന്ന പ്രചരണത്തിലാണ് കോണ്‍ഗ്രസ് മനസ് എന്നാണിത് കാണിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് സ്വാതന്ത്ര്യസമര ദേശാഭിമാനികളുടെ പട്ടികയില്‍ സവര്‍ക്കറെ ചേര്‍ക്കാന്‍ കോണ്‍ഗ്രസ് മനസ് ആലുവയില്‍ തയ്യാറായത്. ഇതില്‍ ആശ്ചര്യപ്പെടേണ്ട. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പല നേതാക്കള്‍, എഐസിസി നേതാക്കള്‍ കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, അങ്ങനെ പല പ്രധാനികള്‍ ബിജെപിക്ക് അകത്താണ്. ബിജെപിയുടെ നേതൃനിരയിലാണ്. ഭരണരംഗത്താണ്. ഇതില്‍ പ്രായവ്യത്യാസമൊന്നുമില്ല. ഏറ്റവും ഒടുവില്‍ ഗോവയില്‍ കണ്ടില്ലേ. ഇതാണ് രാജ്യത്ത് ഇന്നുള്ള അവസ്ഥ.

''രാജ്യത്തെ ഒരു ജനവിഭാഗത്തെയും അന്യവത്കരിക്കാന്‍ പാടില്ല. ഇന്ന് കാണുന്ന രാജ്യം ഒരു വിഭാഗം സൃഷ്ടിച്ചത് അല്ല, എല്ലാവര്‍ക്കും അതിന്റേതായ പങ്കുണ്ട്. അതാണ് ഇടതുപക്ഷം സ്വീകരിച്ച നിലപാട്. അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. കോണ്‍ഗ്രസിന്റെ പല നാവുകളില്‍ നിന്നും ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയ ആശയങ്ങള്‍ക്കുള്ള പ്രോത്സാഹനമാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു കോണ്‍ഗ്രസ് അധ്യക്ഷന്‍ ഞാന്‍ വേണമെങ്കില്‍ ബിജെപിയില്‍ പോകുമെന്ന് പറഞ്ഞാല്‍ എന്താണ് അതിന്റെ അര്‍ത്ഥം. ഇതാണ് കോണ്‍ഗ്രസിന്റെ മനസ്.''

Next Story