'ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ല'; സഭയില്‍ രേഖാമൂലം മുഖ്യമന്ത്രിയുടെ മറുപടി
ബാഗേജ് കാണാതായിട്ടില്ലാത്തതിനാല്‍ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി
27 Jun 2022 12:23 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്.
ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ രേഖാമൂലം മറുപടി നല്കി. ബാഗേജ് കാണാതായിട്ടില്ലാത്തതിനാല്‍ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
ദുബായ് യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ബാഗേജ് മറന്നു. തുടര്‍ന്ന് ശിവശങ്കര്‍ ഇടപെട്ട് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഇത് യുഎഇയില്‍ എത്തിച്ചു. ഇതില്‍ കറന്‍സിയായിരുന്നു എന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഇത് സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. 2016ല്‍ ദുബായ് യാത്രക്കിടെ ബാഗ് മറന്നുപോയോ? ഇത് യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ കൈവശം യുഎഇയില്‍ എത്തിച്ചോ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം.
കള്ളപ്പണക്കേസില്‍ രഹസ്യമൊഴി നല്കിയ ശേഷമായിരുന്നു സ്വപ്ന മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.