Top

മിഠായിയുണ്ടാക്കാന്‍ വസ്ത്രത്തിന് ഉപയോഗിക്കുന്ന കളര്‍; നിര്‍മ്മാണം വൃത്തിയില്ലാത്ത ഇടത്ത്, കേസ്

വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന നിറമായ റോഡമിന്‍ എന്ന രാസവസ്തു ചേര്‍ത്തായിരുന്നു മിഠായി ഉല്‍പാദിപ്പിച്ചിരുന്നത്

8 Feb 2023 7:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മിഠായിയുണ്ടാക്കാന്‍ വസ്ത്രത്തിന് ഉപയോഗിക്കുന്ന കളര്‍; നിര്‍മ്മാണം വൃത്തിയില്ലാത്ത ഇടത്ത്, കേസ്
X

കൊല്ലം: വസ്ത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്തി മിഠായി നിര്‍മിക്കുന്ന കേന്ദ്രം ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചു. കരുനാഗപ്പള്ളി പുതിയകാവിലായിരുന്നു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ കെട്ടിട ഉടമയ്ക്കും ഇരുപതോളം അതിഥി തൊഴിലാളികള്‍ക്കുമെതിരേ കേസെടുത്തു.

ബോംബെ മിഠായി എന്ന പഞ്ഞിമിഠായി നിര്‍മ്മിക്കുന്ന കേന്ദ്രമാണിത്. വൃത്തിയില്ലാത്ത പരിസരത്തായിരുന്നു നിര്‍മ്മാണം. അഞ്ച് ചെറിയ മുറികളിലായാണ് ഇരുപതോളം അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്നത്. മിഠായി നിര്‍മ്മിക്കുന്ന മുറിക്ക് സമീപത്തെ കക്കൂസ് ടാങ്ക് പൊട്ടിയൊഴുകുന്ന നിലയിലാണെന്നും പരിശോധനയില്‍ കണ്ടെത്തി.

ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുമ്പോള്‍ മിഠായി നിര്‍മാണം പുരോഗമിക്കുകയായിരുന്നു. വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന നിറമായ റോഡമിന്‍ എന്ന രാസവസ്തു ചേര്‍ത്തായിരുന്നു മിഠായി ഉല്‍പാദിപ്പിച്ചിരുന്നത്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഡപ്യൂട്ടി കമ്മീഷണര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വില്‍പ്പനയ്ക്കായി തയാറാക്കിയിരുന്ന 1000 കവര്‍ മിഠായികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.

മിഠായി നിര്‍മ്മാണ കേന്ദ്രത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. അനധികൃത ഭക്ഷ്യ ഉല്‍പാദനത്തിനും നിരോധിത നിറം ഉപയോഗിച്ചതിനും ഭക്ഷ്യ സുരക്ഷാനിയമ പ്രകാരം 63, 59 വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കെട്ടിട ഉടമ അലിയാര്‍കുഞ്ഞിനും കൊല്ലം ജില്ലയിലെ വിവിധ ബീച്ചുകളില്‍ മിഠായി വിറ്റവരുള്‍പ്പടെയുള്ള അതിഥി തൊഴിലാളികള്‍ക്കുമെതിരേയാണ് കേസെടുത്തത്. ഭക്ഷ്യസുരക്ഷ വിഭാഗം കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ അജി, കൊല്ലം കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലെ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരും പരിശോധനയില്‍ പങ്കെടുത്തു.

Story Highlights: Clothing Color Used To Produce Sugar Candy Officials Registered Case

Next Story