Top

എല്‍ജെഡിയില്‍ ആഭ്യന്തര കലഹം; സംസ്ഥാന ഭാരവാഹി യോഗം ഇന്ന്, വിമതര്‍ക്കെതിരെ നടപടിക്ക് സാധ്യത

യോഗത്തില്‍ വിമതര്‍ക്കെതിരെ നടപടിയുണ്ടായാല്‍ പാര്‍ട്ടി പിളരാനാണ് സാധ്യത.

20 Nov 2021 4:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്‍ജെഡിയില്‍ ആഭ്യന്തര കലഹം; സംസ്ഥാന ഭാരവാഹി യോഗം ഇന്ന്, വിമതര്‍ക്കെതിരെ നടപടിക്ക് സാധ്യത
X

എല്‍ജെഡിയില്‍ ആഭ്യന്തര കലഹം രൂക്ഷമായി തുടരുന്നതിനിടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ വിളിച്ച സംസ്ഥാന ഭാരവാഹി യോഗം ഇന്ന് ചേരും. രാവിലെ പത്തു മണിക്ക് കോഴിക്കോട് വെച്ചാണ് യോഗം ചേരുന്നത്. വിമത നീക്കം നടത്തിയ ഷേക്ക് പി ഹാരിസ്, വി സുരേന്ദ്രന്‍ പിള്ള എന്നിവര്‍ക്കെതിരെ ഇന്ന് ചേരുന്ന യോഗം നടപടി സ്വീകരിച്ചേക്കും. ഇവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാനും സാധ്യതയുണ്ട്.

ഇന്ന് രാവിലെ ചേരുന്ന യോഗത്തിന് പിന്നാലെ ഉച്ചക്ക് ശേഷം ജില്ലാ പ്രസിഡന്റുമാരുടെ യോഗവും ചേരും. അതേസമയം യോഗത്തില്‍ വിമത നേതാക്കള്‍ പങ്കെടുത്തേക്കില്ല. ശ്രേയാംസ് കുമാര്‍ പാര്‍ട്ടി സ്ഥാനം ഒഴിയണമെന്ന വിമതര്‍ നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്ന് ഭാരവാഹി യോഗം ചേരുന്നത്. യോഗത്തില്‍ വിമതര്‍ക്കെതിരെ നടപടിയുണ്ടായാല്‍ പാര്‍ട്ടി പിളരാനാണ് സാധ്യത.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ ആരംഭിച്ച തര്‍ക്കമാണ് എല്‍ജെഡിയെ ഇപ്പോള്‍ പിളര്‍പ്പിലേക്ക് എത്തിച്ചിരിക്കുന്നത്. അധികാരക്കൊതിയാണ് വിമത നീക്കത്തിന് പിന്നില്‍ എന്ന് ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടുമ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് വിമത നേതാക്കളുടെയും നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിന് ശേഷമാണ് നേതാക്കള്‍ നീക്കം പരസ്യമാക്കിയത്.

പാര്‍ട്ടി സ്ഥാപകന്‍ വീരേന്ദ്രകുമാറിന്റെ മകന്‍ പാര്‍ട്ടിയുടെ അന്തകനായി മാറരുതെന്നും ഷെയ്ക്ക് പി ഹാരിസ് പരിഹസിച്ചിരുന്നു.രാജ്യസഭയില്‍ അംഗമായിരിക്കുന്ന ആള്‍ നിയമസഭയിലേക്കും മത്സരിച്ചു. ആര്‍ക്കാണ് അധികാര കൊതിയെന്ന് ഇതിലൂടെ വ്യക്തമാകുമെന്നായിരുന്നു നേതാക്കളുടെ പക്ഷം.

ശ്രേയാംസ് കുമാര്‍ ഉടന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നാണ് വിമത നേതാക്കളുടെ നിലപാട്. ഈ മാസം 20ന് മുന്‍പ് രാജിവെച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ സമാന്തര യോഗം വിളിച്ചു ചേര്‍ക്കും. 26, 27, 29 തീയതികളില്‍ മേഖല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും നേതാക്കള്‍ മുന്നറയിപ്പ് നല്‍കിയിരുന്നു. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കാന്‍ സംസ്ഥാന പ്രസിഡന്റ് തയ്യാറാകുന്നില്ലെന്ന ആരോപണമാണ് വിമത വിഭാഗം ഉയര്‍ത്തുന്നത്. സംസ്ഥാന നേതൃയോഗം വിളിച്ചു ചേര്‍ത്തിട്ട് 9 മാസമായി എന്നും നേതാക്കള്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് യോഗം ചേരുന്നതെന്നതും ശ്രദ്ധേയമാണ്.

Next Story

Popular Stories