'എറിഞ്ഞത് പടക്കം പോലുള്ള വസ്തു'; ഫോറന്‍സിക് പരിശോധനയെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍
എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണം എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ നാടകമെന്ന് കെ സുധാകരന്‍ പറഞ്ഞു
1 July 2022 3:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: എകെജി സെന്ററിന് നേരെയെറിഞ്ഞത് പടക്കം പോലുള്ള വസ്തുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസ്സിലായത്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ. പരിശോധന നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു. അതേസമയം ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് എല്‍ഡിഎഫ് ആരോപണം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തള്ളി.
എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണം എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ നാടകമെന്ന് കെ സുധാകരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടി ഇപി ജയരാജന്‍ വ്യക്തിപരമായി ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്നും ഇതില്‍ സിപിഐഎമ്മിന് പങ്കുണ്ടെന്ന് പറയുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. സംഭവം നേരിട്ട് കണ്ടത് പോലെയാണ് ഇപി ജയരാജന്‍ കോണ്‍ഗ്രസിന് മേല്‍ കുറ്റമാരോപിക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസുകാരാണ് ഇത് ചെയ്തതെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ഇപി ജയരാജനാണ്. അദ്ദേഹം നേരിട്ട് കണ്ടതു പോലെയാണ് ഉറപ്പിച്ച് പറയുന്നത്,
അദ്ദേഹമാണ് എല്ലാത്തിന്റെയും നായകനും നേതൃത്വവും. എകെജി സെന്ററിന്റെയും തിരക്കഥ അദ്ദേഹത്തിന്റേതാണ്. അത് കോണ്‍ഗ്രസിന്റെ പുറത്ത് കെട്ടിവെക്കാനും രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ വരവിന്റെ പ്രതിഛായ തകര്‍ക്കാനും ഇപി ജയരാജന്‍ നടത്തിയ ഒരു നാടകമാണിത്. ഇതിന് പിന്നില്‍ സിപിഐഎം ആണെന്ന് പോലും പറയുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
അതേസമയം എകെജി സെന്ററിലേക്ക് നടന്ന ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക സംഘത്തിന്റെ അന്വേഷണം. ബോംബ് എറിഞ്ഞ പ്രതിയെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. കുന്നുകുഴി ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വാഹനം നിര്‍ത്തിയ ശേഷം കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്ന് സ്ഫോടക വസ്തു എടുത്തെറിയുന്നത് ദൃശ്യത്തിലുണ്ട്. എറിഞ്ഞ ശേഷം തിരിച്ച് തിരിച്ച് കുന്നുകുഴി ഭാഗത്തേക്ക് വാഹനം ഓടിച്ച് പോവുകയും ചെയ്തു. പ്രദേശത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
- TAGS:
- AKG center
- Police