Top

'അച്ഛനെ കാഴ്ചക്കാരനാക്കി കരക്കാര്‍ കല്യാണം നടത്തരുത്'; ചിറ്റയത്തെ പിന്തുണയ്ച്ച് സിപിഐ

15 May 2022 5:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അച്ഛനെ കാഴ്ചക്കാരനാക്കി കരക്കാര്‍ കല്യാണം നടത്തരുത്; ചിറ്റയത്തെ പിന്തുണയ്ച്ച് സിപിഐ
X

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് സിപിഐ ജില്ലാ നേതൃത്വത്തിന്റെ പിന്തുണ. ചിറ്റയത്തെ അനുകൂലിച്ചും വീണാ ജോര്‍ജിനെ പിന്തുണയ്ച്ച് രംഗത്ത് എത്തിയ സിപിഐഎം ജില്ലാ സെക്രട്ടറിയെ തള്ളി സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന്‍ രംഗത്ത് എത്തി. ചിറ്റയത്തിന്റേത് സ്വാഭാവികമായ പ്രതികരണമാണെന്ന് ചൂണ്ടിക്കാട്ടിയ എപി ജയന്‍ മന്ത്രി വീണാ ജോര്‍ജ്ജിനെ അനുകൂലിച്ചുകൊണ്ടുള്ള സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന അപലപനീയമാണെന്നും കുറ്റപ്പെടുത്തി.

ക്യാബിനറ്റ് റാങ്കിലുള്ള രണ്ട് പേരുടെ തര്‍ക്കം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടിയ എപി ജയന്‍ 'മകന്റെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന പോലെയാണ് ഡെപ്യൂട്ടി സ്പീക്കറുടെ പരാതിയെന്ന' പരാമര്‍ശത്തെയും പരിഹസിച്ചു. അച്ഛനെ കാഴ്ചക്കാരനായി ഇരുത്തി കരക്കാര്‍ കല്യാണം നടത്തരുത് എന്നായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന് മറുപടിയായി എപി ജയന്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വീണാ ജോര്‍ജ്ജ് കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നാണ് ആരോപണം. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നും അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാര്‍ ആരോപിച്ചു. ഇത്തരത്തില്‍ പതിവായി അവഗണിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന മേള ഉദ്ഘാടനത്തില്‍ നിന്നും ചിറ്റയം ഗോപകുമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ തനിക്കെതിരെ പരസ്യ നിലപാട് എടുക്കുകയും രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത ചിറ്റയം ഗോപകുമാറിന് എതിരെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എല്‍ഡിഎഫിന് പരാതി നല്‍കിയിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത് എന്നാണ് പരാതി. ഇതോടെ പത്തനംതിട്ടയില്‍ നിന്നുള്ള രണ്ട് ക്യാബിനറ്റ് റാങ്കുള്ള വ്യക്തികള്‍ തമ്മിലുള്ള ഭിന്നത പരസ്യമാവുകയായിരുന്നു.

ശേഷമാണ് വിഷയം പാര്‍ട്ടി ജില്ലാ നേതാക്കള്‍ ഏറ്റെടുക്കുന്ന നിലയിലെത്തിയത്. മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ സിപിഐഎമ്മിന് പരാതി നല്‍കിയിരുന്നു എന്ന ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ നിലപാട് തള്ളിക്കൊണ്ടായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വിഷയം ഏറ്റെടുത്തരുത്. എല്ലാവരും ചേര്‍ന്നാണ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടി നടത്തേണ്ടത്. മകന്റെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന പോലെയാണ് ഡെപ്യൂട്ടി സ്പീക്കറുടെ പരാതിയെന്നുമായിരുന്നു കെപി ഉദയഭാനുവിന്റെ പരാമര്‍ശം.

Story Highlight: chittayam gopakumar Veena George clash cpi pathanamthitta dc Secretary ap Jayan

Next Story

Popular Stories