Top

ഡെപ്യൂട്ടി സ്പീക്കര്‍- മന്ത്രി പോര്: വീണാ ജോർജിനെതിരെ എല്‍ഡിഎഫിന് പരാതിയുമായി ചിറ്റയം ഗോപകുമാർ

കഴിഞ്ഞ ദിവസം വീണാ ജോര്‍ജിനെതിരെ പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് പരാതിയുടെ ഉള്ളടക്കത്തിലുള്ളതെന്നാണ് സൂചന.

14 May 2022 10:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡെപ്യൂട്ടി സ്പീക്കര്‍- മന്ത്രി പോര്: വീണാ ജോർജിനെതിരെ എല്‍ഡിഎഫിന് പരാതിയുമായി ചിറ്റയം ഗോപകുമാർ
X

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പരാതി നല്‍കി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനുമാണ് ചിറ്റയം ഗോപകുമാര്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം വീണാ ജോര്‍ജിനെതിരെ പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് പരാതിയുടെ ഉള്ളടക്കത്തിലുള്ളതെന്നാണ് സൂചന.

തനിക്കെതിരെ പരസ്യ നിലപാട് എടുക്കുകയും രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത ചിറ്റയം ഗോപകുമാറിനെതിരെ വീണാ ജോര്‍ജ് നേരത്തെ എല്‍ഡിഎഫിന് പരാതി നല്‍കിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണമാണ് തനിക്കെതിരെ ഉന്നയിക്കുന്നതെന്നാണ് പരാതിയുടെ ഉള്ളടക്കം.

കഴിഞ്ഞദിവസമാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വീണാ ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വീണാ ജോര്‍ജ് കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നായിരുന്നു ആരോപണം. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നും അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഇത്തരത്തില്‍ പതിവായി അവഗണിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന മേള ഉദ്ഘാടനത്തില്‍ നിന്നും ചിറ്റയം ഗോപകുമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ഡെപ്യൂട്ടി സ്പീക്കര്‍-ആരോഗ്യ മന്ത്രി തര്‍ക്കത്തില്‍ പ്രതികരണവുമായി സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രംഗത്തെത്തി. സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടിയിലേക്ക് ആരെയും പ്രത്യേകിച്ച് വിളിക്കേണ്ട കാര്യമില്ലെന്നാണ് ജില്ലാ സെക്രട്ടറിയായ കെപി ഉദയഭാനു പറഞ്ഞത്. വീണാ ജോര്‍ജിനെതിരെ ചിറ്റയം ഗോപകുമാര്‍ തനിക്ക് പരാതി നല്‍കിയിട്ടില്ല. എല്ലാവരും ചേര്‍ന്നാണ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടി നടത്തേണ്ടത്. മകന്റെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന പോലെയാണ് ഡെപ്യൂട്ടി സ്പീക്കറുടെ പരാതിയെന്നും കെപി ഉദയഭാനു പറഞ്ഞിരുന്നു.

Next Story

Popular Stories