Top

അധ്യാപകരുടെ ചെരുപ്പ് വൃത്തിയാക്കൽ, ലൈം​ഗികാധിക്ഷേപം; ചേർത്തല എസ് എച്ച് നഴ്സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പലിന് സസ്‌പെൻഷൻ

നഴ്സിംഗ് കോളേജിനെതിരെയും നടപടി ഉണ്ടായേക്കും

13 May 2022 11:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അധ്യാപകരുടെ ചെരുപ്പ് വൃത്തിയാക്കൽ, ലൈം​ഗികാധിക്ഷേപം; ചേർത്തല എസ് എച്ച് നഴ്സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പലിന് സസ്‌പെൻഷൻ
X

ആലപ്പുഴ: വിദ്യാർത്ഥികൾക്കെതിരെ ലെെംഗിക അധിക്ഷേപം നടത്തിയെന്ന ആരോപണം ഉയർന്ന ചേർത്തല എസ് എച്ച് നഴ്സിംഗ് കോളേജ് വെെസ് പ്രിൻസിപ്പലിനെതിരെ നടപടി. ആരോപണ വിധേയയായ വെെസ് പ്രിൻസിപ്പലിനെ സസ്പെന്‍റ് ചെയ്തു. നഴ്സിംഗ് കൗൺസിലാണ് നടപടി സ്വീകരിച്ചത്. നഴ്സിംഗ് കോളേജിനെതിരെയും നടപടി ഉണ്ടായേക്കും.

ഗുരുതര ആരോപണങ്ങളായിരുന്നു ചേര്‍ത്തല എസ്എച്ച് നഴ്‌സിംഗ് കോളേജ് വെെസ്പ്രിൻസിപ്പിലിനെതിരെ വിദ്യാർത്ഥികൾ ഉന്നയിച്ചത്. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നഴ്‌സിങ് വിദ്യാഭ്യാസ ഡീനിന്റെ നേതൃത്വത്തിൽ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തിരുന്നു. കോളേജിനെതിരെ വിദ്യാർത്ഥികൾ ഉന്നയിച്ച ആരോപണങ്ങൾ അടങ്ങിയ റിപ്പോർട്ട് നഴ്‌സിംഗ് കൗണ്‍സിൽ ആരോഗ്യ സര്‍വകലാശാലയ്ക്ക് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താല്‍ സ്വവര്‍ഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കുന്നു, അധ്യാപകരുടെ ചെരുപ്പും ഓപ്പറേഷന്‍ തിയ്യറ്ററിലെ ശുചിമുറിയും വരെ വിദ്യാര്‍ത്ഥികളെക്കൊണ്ട് വൃത്തിയാക്കിച്ചു, ദിവസേന നിര്‍ബന്ധമായും പ്രാര്‍ത്ഥനാചടങ്ങുകളില്‍ പങ്കെടുക്കണം, വീട്ടിൽ പോകാൻ പോലും അനുവദിക്കാറില്ലെന്നും വിദ്യാർത്ഥികൾ പരാതിയിൽ പറഞ്ഞിരുന്നു.

'വിദ്യാർത്ഥികൾ ഒരുമിച്ച് പഠിക്കുന്നത്, സംസാരിക്കുന്നത്, നടക്കുന്നത് ഒക്കെ കണ്ടാൽ സ്വവർഗ ലൈംഗിക ബന്ധമായി വൈസ് പ്രിൻസിപ്പൽ ചിത്രീകരിക്കും എന്നായിരുന്നു ആരോപണം. വസ്ത്രത്തില്‍ ചുളിവുകൾ കണ്ടാലും ഇതേ സ്ഥിതിയാണെന്നാണ് മൂന്നാം വർഷ, നാലാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്. ക്ലിനിക്കൽ ഡ്യൂട്ടിയിലുള്ള കുട്ടികൾ ലേബർ റൂമിലെയും സർജിക്കൽ വാർഡിലെയും ഓപ്പറേഷൻ തിയേറ്ററിലെയും വരെ വാഷ്ബേസിനും ടോയ‍്ലറ്റും വൃത്തിയാക്കണം'.

ജയിലിന് സമാനമെന്നാണ് ഹോസ്റ്റലിനെ നഴ്‌സിംഗ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചത്. അവധി ദിനത്തില്‍ പോലും വീട്ടില്‍ പോവാന്‍ സാധിക്കില്ല. പോയാല്‍ പിഴ ഈടാക്കും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമാണ് അനുമതി, ഹോസ്റ്റല്‍ മുറി തിങ്ങി നിറഞ്ഞതില്‍ പരാതിപ്പെട്ടാല്‍ ഇരുട്ടു മുറിയിലേക്ക് മാറ്റും. വിദ്യാർത്ഥികൾ നേരിടുന്നത് കടുത്ത മാനസിക പീഡനവും മനുഷ്യാവകാശ ലംഘനവും എന്ന് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ സർവകലാശാലയുടെ കൂടി ഇടപെടൽ കൗൺസിൽ തേടിയത്. കോളേജില്‍ നേരിടുന്ന ദുരനുഭവങ്ങള്‍ സംബന്ധിച്ച് ഒരു വിദ്യാര്‍ത്ഥി നഴ്‌സിംഗ് കൗണ്‍സിലിനയച്ച ശബ്ദ സന്ദേശമാണ് നടപടിയിലേക്ക് നയിച്ചത്.

STORY HIGHLIGHTS: Cherthala SH Nursing College vice principal suspended for students complaint

Next Story

Popular Stories