'പിണറായിയും കോടിയേരിയുമാണ് പരിഗണിക്കാന്‍ പ്രയാസമുണ്ടെന്ന് പറഞ്ഞത്'
ഒരിക്കല്‍ പോലും രാജ്യസഭാ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ജയിക്കാന്‍ സാധ്യതയുളള സീറ്റ് തരണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യപ്പെട്ട സീറ്റ് ഇടതുപക്ഷം എനിക്ക് തന്നിരുന്നില്ല
31 Oct 2021 8:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

20 വർഷത്തിന് ശേഷം കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുന്ന ചെറിയാന്‍റെ കണക്കുകൂട്ടലുകള്‍ എന്തായിരിക്കും എന്നത് അവ്യക്തമാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്തതും ചെറിയാന്‍ ഫിലിപ്പിന്‍റെ രാഷ്ട്രീയ നിലപാട് മാറ്റമാണ്. ഈ സാഹചര്യത്തില്‍ തന്‍റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തുകയാണ് റിപ്പോർട്ടർ ടിവി ക്ലോസ് എന്‍കൗണ്ടറില്‍ ചെറിയാന്‍ ഫിലിപ്പ്.
അന്ന് കോണ്‍ഗ്രസും ഇപ്പോള്‍ ഇടതുപക്ഷവും വിട്ടതിന്റെ കാരണം?
രാഷ്ട്രീയ പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പ്രസക്തി പ്രാധാനമാണ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുളളില്‍ ഞാന്‍ രാഷ്ട്രീയ പ്രസക്തി നഷ്ട്‌പ്പെട്ടയാളായി മാറി. ഇടതുപക്ഷത്ത് എത്തിയ അഞ്ച് വര്‍ഷം സിപിഐഎമ്മിന്റെ ഒരു വക്താവായി അവര്‍ എന്നെ കണ്ടിരുന്നു. പല കാര്യങ്ങളിലും അഭിപ്രായങ്ങള്‍ തുറന്ന് പറയാനുളള അവസരങ്ങള്‍ അന്ന് ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായത് മുതല്‍ എന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു. കെഎസ്‌യു പ്രസിഡന്റ് മുതല്‍ കെപിസിസി സെക്രട്ടറിയായി വരെ പ്രവര്‍ത്തിച്ച കാലത്ത് ഞാന്‍ ഇന്ദിരാ ഭവനിലെ നിറസാന്നിധ്യമായിരുന്നു. കോണ്‍ഗ്രസിന്റെ വാക്താവായതോടെ എന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടമായെന്ന് മനസ്സിലയി. അത് കൊണ്ടാണ് അന്ന് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്.
പിണറായി വിജയനെതിരെ സംസാരിച്ചാല്‍ കോണ്‍ഗ്രസിനകത്ത് സ്വീകാര്യത ലഭിക്കുമോ?
ഞാന്‍ പിണറായി വിജയന് എതിരെ ഒന്നും സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീങ്കണ്ണികളെ കുറിച്ചാണ് സംസാരിച്ചത്. അവരെ നിയന്ത്രിക്കാന്‍ ഞാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനങ്ങളില്‍ ചില പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇത്തരം നിര്‍ദേശം വെച്ചത്. കോണ്‍ഗ്രസിലുണ്ടായ സമയത്ത് ഇഎംഎസുമായും ഇകെ നായനാരുമായും എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. കോണ്‍ഗ്രസ് പക്ഷത്തിരുന്നപ്പോഴും എന്റെ ബുക്കിലൂടെ എകെജിയെ പോലുളളവരെ പ്രകീര്‍ത്തിച്ച് എഴുതിയിരുന്നു അന്ന് കോണ്‍ഗ്രസുകാര്‍ ആരും എന്നെ കുറ്റപ്പെടുത്തിയിരുന്നില്ല. അതെല്ലാം എന്റെ സ്വാതന്ത്ര്യ ചിന്തയുടെ ഭാഗമായിരുന്നു. ഇടതുപക്ഷത്തുളളവര്‍ക്ക് എതിരെ സംസാരിച്ച് കോണ്‍ഗ്രസുകരുടെ കയ്യടി വാങ്ങാന്‍ ഞാനില്ല.
പന്ത്രണ്ടാം വയസ് മുതല്‍ 47ാം വയസ് വരെ ജീവിതം കോണ്‍ഗ്രസിനു വേണ്ടി ജീവന്‍ ഹോമിച്ച എനിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരങ്ങള്‍ ഏറ്റെടുക്കുന്നതിന് ഇങ്ങനെയൊരു വിരുദ്ധ നിലപാട് എടുക്കേണ്ട ആവശ്യമില്ല. എല്ലാ കോണ്‍ഗ്രസ് നേതാക്കളും എന്നെ രണ്ടു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
പുതുപ്പളളിയില്‍ ഉമ്മന്‍ചാണ്ടിക്ക് എതിരെ മത്സരിച്ചത് കാരണം അദ്ദേഹത്തിന് എന്നോട് വിരോധമുണ്ടാകുമെന്നാണ് ഞാന്‍ കരുതിയത്. ഇക്കാര്യത്തെ കുറിച്ച് ഉമ്മന്‍ചാണ്ടി പറഞ്ഞത് ചെറിയാന്‍ ഫിലിപ്പിനോടുളള സമീപനത്തില്‍ എനിക്ക് തെറ്റുപറ്റി എന്നാണ്. ചെറിയാന്‍ ഫിലിപ്പിനെ സഹായിക്കാന്‍ പറ്റാത്തതില്‍ എനിക്ക് കുറ്റബോധമുണ്ട് എന്ന് ഏകെ ആന്റണിയും പറഞ്ഞിരുന്നു.
ഉമ്മന്‍ചാണ്ടിയും ഏകെ ആന്റണിയും രമേശ് ചെന്നിത്തലയുമടക്കം നിരവധി നേതാക്കന്മാര്‍ എന്നെ വിളിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത്.
രാഷ്ട്രീയത്തില്‍ മതിയായ കൈയ്യൊപ്പ് ചാര്‍ത്താന്‍ കഴിയുന്ന പദവികള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് എത്തുന്നതോടെ ചെറിയാന്‍ ഫിലിപ്പിന് ലഭിക്കുമോ?
കോണ്‍ഗ്രസില്‍ നിന്ന് എനിക്ക് നല്ല പദവികള്‍ ലഭിച്ചിരുന്നു. കെഎസ്‌യുവിന്റെ സുവര്‍ണ്ണ കാലത്ത് അതിനെ കെട്ടിപടുക്കുന്നതിലും കോണ്‍ഗ്രസിന്റെ നയരൂപീകരണത്തിലും ഞാന്‍ മുഖ്യ പങ്ക് വഹിച്ചിരുന്നു.
രാഷ്ട്രീയത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിക്കാത്തത് രാജ്യസഭാ സീറ്റ് ലഭിക്കാത്തത് കൊണ്ടാണെന്ന് താങ്കള്‍ പറഞ്ഞിരുന്നല്ലോ. കോണ്‍ഗ്രസില്‍ നിന്ന് രാജ്യസഭാ സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടോ?
ഒരിക്കല്‍ പോലും രാജ്യസഭാ സീറ്റ് വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ജയിക്കാന്‍ സാധ്യതയുളള സീറ്റ് തരണമെന്നാണ് ഞാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യപ്പെട്ട സീറ്റ് ഇടതുപക്ഷം എനിക്ക് തന്നിരുന്നില്ല. 2016ലെ തെരഞ്ഞെടുപ്പില്‍ എനിക്ക് രാജ്യസഭാ സീറ്റ് നല്‍കണമെന്ന് ദേശീയ നേതൃത്വത്തില്‍ നിന്നുണ്ടായ നിര്‍ദേശമായിരുന്നു. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നടത്തിയ യോഗത്തിലാണ് എന്നെ പരിഗണിക്കാന്‍ പ്രയാസമുണ്ടെന്ന് പറഞ്ഞത്.
പിന്നീടാണ് സെക്രട്ടറിയേറ്റില്‍ എനിക്ക് പ്രത്യേക പദവിയോട് കൂടി ജോലി നല്‍കിയത്. ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന കാരണത്താല്‍ എനിക്ക് മത്സരിക്കാന്‍ സാധിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി എന്നെ ഈ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് എന്നെ ഈ പദവിയില്‍ നിന്നും ഒഴിവാക്കിയത്.
നിയമസഭാ സീറ്റും രാജ്യസഭാ സീറ്റും എന്ത്‌കൊണ്ടാണ് എനിക്ക് നല്‍കാതിരുന്നത് എന്നതിന്റെ കാരണം ഒരാളും എന്നോട് പറഞ്ഞിട്ടില്ല. അടുത്ത അഞ്ച് വര്‍ഷം വരെ എനിക്ക് നല്‍കാന്‍ കോണ്‍ഗ്രസില്‍ നിന്ന് പദവികളില്ല. കെപിസിസി ഭാരവാഹിത്വമോ മറ്റ് പദവികളോ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ബൂത്ത് പ്രസിഡന്റാക്കിയാലും ഞാനത് സ്വീകരിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നെ പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കും അത് കൊണ്ടാണ് കോണ്‍ഗ്രസിലേക്ക് വരുന്നത്. അപയകേന്ദ്രത്തിലിരുന്ന് മരിക്കുന്നതിനേക്കാള്‍ നല്ലത് സ്വന്തം കുടുംബത്തിലിരുന്ന് മരിക്കുന്നാതാണ് അഭിമാനം.
അടുത്ത തവണ രാജ്യസഭാ സീറ്റ് നല്‍കാമെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും വാഗ്ദാനം നല്‍കിയിരുന്നോ ?
അടുത്ത തവണ രാജ്യസഭാ സീറ്റ് നല്‍കുന്നത് നോക്കാം എന്നാണ് അവര്‍ പറഞ്ഞത്.
രണ്ടാമത് ഒരു അവസരം വന്നപ്പോള്‍ ഡോ ശിവദാസനും ജോണ്‍ ബ്രിട്ടാസിനും സീറ്റ് നല്‍കിയത് താങ്കളോട് കാണിച്ച വഞ്ചനയല്ലേ?
ഇതുവരെയും നിയമസഭാ- രാജ്യസഭാ സീറ്റുകള്‍ നല്‍കാത്തതിന്റെ കാരണം അവര്‍ വ്യക്തമാക്കിയിട്ടില്ല. തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നില്ല.
ഡോ ശിവദാസനും ജോണ്‍ ബ്രിട്ടാസിനും സീറ്റ് നല്‍കിയതിന് ശേഷം ചെറിയാന്‍ ഫിലിപ്പ് പിണറായി വിജയനുമായി സംസാരിച്ചിരുന്നോ?
അന്ന് കോടിയേരി ബാലകൃഷ്ണനെ മൂന്ന് തവണ കണ്ടിരുന്നു എന്നാല്‍ ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞാന്‍ മുഖ്യമന്ത്രിയാണ് പാര്‍ട്ടി കാര്യങ്ങള്‍ കോടിയേരി ബാലകൃഷ്ണനോടാണ് സംസാരിക്കേണ്ടത് എന്നായിരുന്നു. പിണറായി വിജയനുമായി എന്റെ സ്വകാര്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ സംസാരിച്ചിരുന്നു. അതെല്ലാം എന്തായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചീങ്കണ്ണികളുണ്ടെന്ന് സിഎം രവീന്ദ്രന്റെ പേര് പറഞ്ഞുകൊണ്ട് ചെറിയാന്‍ രംഗത്തു വന്നിരുന്നില്ലോ? അതും രഹസ്യങ്ങളുടെ കൂട്ടത്തില്‍ വരില്ലെ?
സിഎം രവീന്ദ്രനെ എനിക്ക് 40 വര്‍ഷമായി അറിയാം. സിബി ദിവാകരന്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചെയര്‍മാനായി വന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്യൂണായി ജോലിക്ക് കയറിയ വ്യക്തിയാണ് സിഎം രവീന്ദ്രന്‍. ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരിലെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായി. അദ്ദേഹവുമായി നല്ല സുഹൃദ് ബന്ധമാണുളളത്. അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ എനിക്ക് താത്പര്യമല്ല.
ഞാന്‍ സെക്രട്ടറിയേറ്റില്‍ ജോലിയില്‍ കയറിയ സമയം ഒരു പ്രമുഖ നേതാവ് എന്നോട് പറഞ്ഞു 'സെക്രട്ടറിയേറ്റില്‍ ഒരു കുറുക്കനുണ്ട് സൂക്ഷിക്കണം' എന്ന്. പിന്നീട് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി പറഞ്ഞത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സൂപ്പര്‍ സിഎമ്മായി ചമയുന്നുണ്ടെന്നാണ്. മുഖ്യമന്ത്രിയെ കാണാന്‍ അദ്ദേഹം സമ്മതിക്കുന്നില്ലെന്നും അവര്‍ എന്നോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു. സിഎം രവീന്ദ്രനെ സ്ഥാനത്ത് നിന്ന് പിന്‍വലിക്കാത്തത് മുഖ്യമന്ത്രിക്ക് ആപത്ത് ആയിരിക്കുമെന്ന് പറയാന്‍ ഞാന്‍ കരുതിയിരുന്നു. ഇടതുപക്ഷത്ത് നിന്ന് പിന്‍വാങ്ങിയതിന് ശേഷമാണ് ഇക്കാര്യങ്ങള്‍ ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്.
സിഎം രവീന്ദ്രന്റെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ച് കൊണ്ട് ചെറിയാന്‍ സംസാരിച്ചിരുന്നില്ലേ. വിദ്യാഭ്യാസ യോഗ്യത മാത്രമാണൊ ഒരു മന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി വഹിക്കുന്നവര്‍ക്ക് വേണ്ട ഘടകം?
ഐഎസുകാര്‍ വഹിക്കുന്ന പദവിയാണ് അഡിഷണല്‍ ചീഫ് സെക്രട്ടറി പദവി. അത് എസ്എസ്എല്‍സി പാസായവര്‍ക്ക് ഉളളതല്ല.
എപ്പോഴാണ് സിപിഐഎം വിട്ട് പോരാന്‍ തീരുമാനിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണോ?
എല്ലാ തെരഞ്ഞെടുപ്പിലും നാല് സീറ്റുകളാണ് ഞാന്‍ ചോദിച്ചിരുന്നത്. തിരുവനന്തപുരം വെസ്റ്റ്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ മത്സരിക്കാനായിരുന്നു താത്പര്യം. കഴക്കൂട്ടം ഏത് മതത്തില്‍പെട്ടവര്‍ക്കും ജാതിയില്‍പെട്ടവര്‍ക്കും മത്സരിക്കാന്‍ പറ്റുന്ന മണ്ഡലമായിരുന്നു അതുകൊണ്ടാണ് ആ മണ്ഡലം ഞാന്‍ തെരഞ്ഞെടുത്തത്. തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തില്‍ അന്ന് മോഹന്‍കുമാറിനെ നിര്‍ത്താന്‍ ഞാന്‍ കരുണാകരനോട് നിര്‍ദേശിച്ചിരുന്നു. മോഹന്‍കുമാറിനെ നോര്‍ത്തില്‍ നിന്ന് മാറ്റിയപ്പോഴാണ് ഞാന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയത്.
കഴക്കൂട്ടത്ത് മത്സരിക്കാന്‍ ജില്ലാ കമ്മിറ്റി സമ്മതിച്ചിരുന്നില്ല. എന്നെ കല്ലൂപാറയിലും വട്ടിയൂര്‍കാവിലും മത്സരിപ്പിക്കാനുളള തീരുമാനം പാര്‍ട്ടിയുടേതായിരുന്നു എന്റെ തീരുമാനമല്ല. വട്ടിയൂര്‍കാവില്‍ മത്സരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല.
ചില തത്വങ്ങളുടെ പേരിലാണ് ഞാന്‍ കോണ്‍ഗ്രസ് വിടുന്നത്. ഞാന്‍ ഉമ്മന്‍ചാണ്ടിക്ക് എതിരെ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ സിപിഐഎം എനിക്ക് നിരുപാധികം പിന്തുണ നല്‍കുകയായിരുന്നു. ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് കലഹിച്ചല്ല പുറത്ത് പോയത്. കലഹിച്ചത് ഉമ്മന്‍ചാണ്ടിയുമായാണ്. കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നത് രാഷ്ട്രീയ അസ്തിത്വം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. കോണ്‍ഗ്രസില്‍ നിന്ന് എന്ത് കിട്ടും എന്നല്ല.
കെപിസിസി സെക്രട്ടറി മുതലുളള സംഘടനാ ഭാരവാഹിത്വം ഏറ്റെടുത്തയാളെന്ന നിലയില്‍ ചെറിയാന്‍ കോണ്‍ഗ്രസ് വിട്ടു പോയിരുന്നില്ലെങ്കില്‍ കെപിസിസി പ്രസിഡന്റാവാന്‍ സാധ്യത ഉണ്ടായിരുന്നില്ലെ ? അതില്‍ ഖേദം തോന്നുന്നില്ലെ?
കോണ്‍ഗ്രസിലെ സമുന്നത നേതാവായിരുന്ന എന്നെ സിപിഐഎമ്മില്‍ എന്ത് കൊണ്ട് രാഷ്ട്രീയ വ്യക്തത്വമായി കണ്ടില്ല എന്നത് എന്നെ ഏറെ വേദനിപ്പിക്കുന്ന കാര്യമാണ്. സിപിഐഎം അംഗത്വം ഏറ്റെടുക്കാന്‍ ഒരു നേതാവും എന്നോട് പറഞ്ഞിരുന്നില്ല. പാര്‍ട്ടി പറഞ്ഞ എല്ലാ ചുമതലകളും ഞാന്‍ ശിരസ്സാവഹിച്ചിട്ടുണ്ട്. ഖാദി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം മാത്രമാണ് ഞാന്‍ നിരസിച്ചത്. ഖാദി ബോര്‍ഡ് തട്ടിപ്പിനുളള സ്ഥലമാണ് അതുകൊണ്ട് ആ സ്ഥാനം ഞാന്‍ ഏറ്റെടുക്കില്ലെന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോള്‍ പറഞ്ഞിരുന്നു. വടക്കേകര ലൈഫ് മിഷന്‍ ഒപ്പുവെച്ച സംഭവത്തില്‍ എന്നെ വിളിച്ചിരുന്നില്ല. അതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുളള ചീങ്കണ്ണികളാണ്.
രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് ചെറിയാന്‍ അകലാന്‍ കാരണം സത്യപ്രതിജ്ഞക്ക് പാസ് ലഭിക്കാത്തതാണോ?
അന്ന് പാസ് കിട്ടാത്തതില്‍ ഞാന്‍ വിഷമിച്ചിരുന്നു. പുത്തലം ദിനേശനോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് പ്രോട്ടോകോള്‍ അനുസരിച്ചാണ് നല്‍കിയത് എന്നാണ്. എന്നാല്‍ സത്യപ്രതിജ്ഞക്ക് തിരുവനന്തപുരത്തെ ഹോട്ടലുടമകളും ആശുപത്രി ഉടമകളുമാണ് ഉണ്ടായിരുന്നത്. സത്യപ്രതിജ്ഞ ഞാന്‍ ബോധപൂര്‍വ്വം ബഹിഷ്‌കരിച്ചു എന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുമോ എന്ന് ഭയന്നിരുന്നു. പക്ഷെ പിണറായി വിജയന്‍ കൈവിട്ടുവെന്ന് എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ആരുടേയും രക്ഷകര്‍ത്താവ് അല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞത് എന്നെ വിഷമിപ്പിച്ചിരുന്നു.
അന്നത്തെ കോണ്‍ഗ്രസും പുതിയ കോണ്‍ഗ്രസും തമ്മിലുളള വ്യത്യാസമെന്താണ് ?
ഞാന്‍ അതേ പറ്റി പഠിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ ജനിതക വിത്തുകള്‍ വളക്കൂറുളള മണ്ണില്‍ മാത്രമല്ല പാറപ്പുറത്തും തഴച്ചു വളരും. അത് കൊണ്ട് കോണ്‍ഗ്രസ് നശിച്ചുവെന്ന് ആരും വിചാരിക്കേണ്ടതില്ല. കോണ്‍ഗ്രസിനെ പരിപോഷിപ്പിക്കാന്‍ പറ്റിയ നേതൃത്വമാണ് ഇപ്പോഴുളളത്.
കോണ്‍ഗ്രസിലേക്ക് മടങ്ങിപോവുമ്പോഴും പുതിയ അംഗത്വം എടുക്കുമ്പോഴും കെപിസിസി പ്രസിഡന്റില്‍ നിന്നോ എഐസിസി പ്രസിഡന്റില്‍ നിന്നോ ആണ് അംഗത്വം സ്വീകരിക്കുക. എന്നാല്‍ ചെറിയാന്‍ ഏകെ ആന്റണിയെ കണ്ടുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവേശനം പ്രഖ്യാപിച്ചത്. അത് ഏതെങ്കിലും ഗ്രൂപ്പിലേക്കുളള പ്രവേശനമാണോ സൂചിപ്പിക്കുന്നത്?
ഞാന്‍ ഒരു ഗ്രൂപ്പിലും അംഗമാകുന്നില്ല. എന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത് കെ സുധാകരനാണ്. അദ്ദേഹത്തിന്റെ ഔദ്യോഗിക ക്ഷണം കിട്ടിയതിന് ശേഷമാണ് ഞാന്‍ ഏകെ ആന്റണിയെ പോയി കണ്ടെത്.