Top

'ലോ​കായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നത്'; മന്ത്രി ബിന്ദുവിനെതിരെ വീണ്ടും പരാതിയുമായി ചെന്നിത്തല

മുഖ്യമന്ത്രിയെ കക്ഷി ചേർക്കണമെന്ന തൻ്റെ വാദവും ലോ​കായുക്ത അം​ഗീകരിച്ചില്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

6 Feb 2022 10:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോ​കായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നത്; മന്ത്രി ബിന്ദുവിനെതിരെ വീണ്ടും പരാതിയുമായി ചെന്നിത്തല
X

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ വീണ്ടും ലോകായുക്തയിൽ പരാതി നൽകി മുൻ‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോ​കായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതാണ്. ​ഗവർണറുടെ വെളിപ്പെടുത്തൽ ലോ​കായുകത പരി​ഗണിച്ചില്ല. മുഖ്യമന്ത്രിയെ കക്ഷി ചേർക്കണമെന്ന തൻ്റെ വാദവും ലോ​കായുക്ത അം​ഗീകരിച്ചില്ലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കണ്ണൂര്‍ വിസി നിയമന വിവാദത്തില്‍ മന്ത്രി ആര്‍ ബിന്ദു അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നായിരുന്നു ലോകായുക്ത വിധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുനഃപരിശോധന ഹരജി സമർപ്പിക്കാൻ രമേശ് ചെന്നിത്തല വീണ്ടും ഒരുങ്ങുന്നത്.

കണ്ണൂർ സർവകലാശാല വിസി നിയമനത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്ന ​ഗവർണറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ കൂടി കക്ഷി ചേർക്കണമെന്ന തന്റെ പുതിയ പരാതി ഫയൽ ചെയ്തിട്ടും ഇത് പരി​ഗണിക്കാതെയാണ് ലോ​കായുക്ത വിധി പ്രഖ്യാപനം നടത്തിയത്. വിധി പ്രഖ്യാപനത്തിന് ശേഷം പരാതി കേൾക്കാമെന്ന ലോ​കായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ചെന്നിത്തല പറഞ്ഞു.

യുജിസി ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് കണ്ണൂർ വിസിയായി ​ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത്. ഇത് മന്ത്രിയുടെ സ്വജനപക്ഷപാതത്തിനും അധികാര ദുർവിനിയോഗത്തിനും മതിയായ തെളിവാണ്. മുഖ്യമന്ത്രിക്കെതിരായ ​ഗവർണറുടെ പുതിയ വെളിപ്പെടുത്തലിൽ കൃത്യമായ അന്വേഷണം വേണം. അത്കൊണ്ടാണ് പുനഃപരിശോധന ഹരജി നൽകുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

വിഷയത്തില്‍ രമേശ് ചെന്നിത്തല സമർപ്പിച്ച ഹരജി ലോകായുക്ത തള്ളിയിരുന്നു. മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും മന്ത്രി സര്‍വ്വകലാശാലക്ക് നല്‍കിയത് നിര്‍ദേശമാണെന്നും വിധി പറയുന്നതിനിടെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞിരുന്നു. മന്ത്രി സര്‍വ്വകലാശാലക്ക് അന്യയല്ല. ഇത്തരമൊരു നിര്‍ദേശം നല്‍കുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം. ഇവിടെ നിര്‍ദേശം ഗവര്‍ണര്‍ അംഗീകരിക്കുകയാണ് ചെയ്തതെന്നും ലോകായുക്ത നിരീക്ഷിച്ചു. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട നിയമപരമായ കാര്യത്തിലേക്ക് ലോകായുക്ത കടന്നിരുന്നില്ല.

Next Story