Top

കെമിസ്ട്രി മൂല്യനിർണയം; പുതിയ ഉത്തര സൂചിക തയ്യാറാക്കുന്ന നടപടികൾ ഇന്ന് ആ​രംഭിക്കും

3 May 2022 3:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെമിസ്ട്രി മൂല്യനിർണയം; പുതിയ ഉത്തര സൂചിക തയ്യാറാക്കുന്ന നടപടികൾ ഇന്ന് ആ​രംഭിക്കും
X

തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി മൂല്യനിർണയത്തിനായി പുതിയ ഉത്തര സൂചിക തയ്യാറാക്കുന്ന നടപടികൾ ഇന്ന് ആരംഭിക്കും. നാളെ മുതൽ പുതിയ ഉത്തര സൂചിക ഉപയോഗിച്ചുള്ള മൂല്യനിർണയം ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഉത്തര സൂചിക പുനഃപരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പ് 15 അംഗ കെമസ്ട്രി അധ്യാപക സമിതിയെ നിയോഗിച്ചിരുന്നു. നിലവിൽ മൂല്യനിർണയത്തിന് ഉപയോഗിക്കുന്ന ചോദ്യകർത്താവിന്റെ ഉത്തര സൂചികയും സ്കീം ഫൈനലൈസേഷന്റെ ഭാഗമായി അധ്യാപകർ തയ്യാറാക്കിയ ഉത്തര സൂചികയും സമിതി ഇന്ന് ചേരുന്ന യോ​ഗത്തിൽ വിലയിരുത്തും. 15 അംഗ അധ്യാപക സമിതിയിൽ മൂന്ന് പേർ കോളേജ് അധ്യാപകരും ബാക്കിയുള്ളവർ ഹയർസെക്കന്ററി അധ്യാപകരുമാണ്.

അധ്യാപകരും വിദഗ്ദരും ചേര്‍ന്നാണ് ഫൈനലൈസേഷന്‍ സ്‌കീം തയ്യാറാക്കുക. എന്നാല്‍ ചോദ്യകര്‍ത്താവ് ഉത്തര സൂചിക തയ്യാറാക്കി നല്‍കിയതാണ് വിവാദമാകാൻ കാരണമായത്. ഉത്തര സൂചിക മാറ്റണമെന്ന ആവശ്യം ആദ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. എന്നാൽ അധ്യാപകരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടതോടെയാണ് ഉത്തര സൂചിക പുനഃപരിശോധിക്കാൻ വിദ്യഭ്യാസ വകുപ്പ് തയ്യാറായത്. വിഷയത്തിൽ വിദ്യാർത്ഥികളുടെ ഭാവിയും രക്ഷിതാക്കളുടെ മാനസിക സംഘർഷവുമാണ് സർക്കാർ ഗൗരവമായി കാണുന്നത്. മൂല്യനിർണയം നടന്ന ഉത്തരക്കടലാസുകൾ ഒന്നുകൂടി പരിശോധിക്കും. വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട അര മാർക്ക് പോലും നഷ്ടമാകില്ലെന്നും വിദ്യഭ്യാസ മന്ത്രി കെ ശിവൻകുട്ടി പറഞ്ഞു.

മൂല്യനിര്‍ണയം ബഹിഷ്‌കരിക്കാത്ത കെഎസ്ടിഎ ഭാരവാഹികളായ അധ്യാപകരെയാണ് പുനഃപരിശോധനയ്ക്കായി നിയോഗിച്ചതെന്നാരോപിച്ച് പ്രതിപക്ഷ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ജില്ലയിലെ ഏറ്റവും മുതിര്‍ന്ന അധ്യാപകരാണ് സ്‌കീം തയ്യാറാക്കേണ്ടതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പറഞ്ഞു. മൂല്യനിര്‍ണയം ബഹിഷ്‌കരിക്കാത്ത കെഎസ്ടിഎ ഭാരവാഹികളായ അധ്യാപകരെയാണ് പുനഃപരിശോധനയ്ക്കായി നിയോഗിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ സംഘടനകള്‍ ആരോപണമുയർത്തിയിരുന്നു.

അതേസമയം, മൂല്യനിർണയ ബഹിഷ്കരണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന് മന്ത്രി നിർദേശവും നൽകിയിട്ടുണ്ട്. ഉത്തര സൂചികയിലെ വിവരങ്ങൾ പുറത്തവിട്ട അധ്യാപകർക്ക് നോട്ടീസ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളുടെ കാര്യത്തിൽ എസ് സി ഇ ആ ർ ടി യുടെ മേൽനോട്ടത്തിലാണ് ചോദ്യകടലാസ്സ് നിർമ്മാണം നടത്തുന്നത്. ഓരോ വിഷയത്തിനും ആറ് വരെ സെറ്റ് ചോദ്യക്കടലാസുകൾ നിർമ്മിക്കാറുണ്ട്. അതിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു ചോദ്യപേപ്പറാണ് പരീക്ഷയ്ക്ക് ഉപയോഗിക്കുക.

STORY HIGHLIGHTS: Chemistry Evaluation; The process of preparing the new answer index will begin today

Next Story