Top

കെമിസ്ട്രി മൂല്യനിർണ്ണയം ഇന്നും മുടങ്ങി; ഉത്തര സൂചിക പുതുക്കി നൽകാതെ സഹകരിക്കില്ലെന്ന് അധ്യാപകർ

ക്യാമ്പുകളിൽ അധ്യാപകർ പ്രതിഷേധം തുടരുകയാണ്

29 April 2022 7:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെമിസ്ട്രി മൂല്യനിർണ്ണയം ഇന്നും മുടങ്ങി; ഉത്തര സൂചിക പുതുക്കി നൽകാതെ സഹകരിക്കില്ലെന്ന് അധ്യാപകർ
X

കോഴിക്കോട്: ഹയർ സെക്കണ്ടറി കെമിസ്ട്രി മൂല്യനിർണ്ണയത്തിൽ അധ്യാപകർ പങ്കെടുക്കുമെന്ന് മന്ത്രി ആവർത്തിക്കുമ്പോഴും പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ അധ്യാപക സംഘടന. ഉത്തര സൂചിക പുതുക്കി നൽകാതെ മൂല്യനിർണവുമായി സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അധ്യാപകർ. തിരുവനന്തപുരം, ആലപ്പുഴ, വയനാട്, കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിലാണ് കെമിസ്ട്രി മൂല്യനിർണ്ണയം മുടങ്ങിയത്. ക്യാമ്പുകളിൽ അധ്യാപകർ പ്രതിഷേധം തുടരുകയാണ്.

അതേസമയം ഹയർ സെക്കണ്ടറി കെമിസ്ട്രി മൂല്യനിർണ്ണയത്തിനായി സർക്കാർ നൽകിയ ഉത്തരസൂചികയിൽ യാതൊരു അപാകതയുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. തെറ്റിദ്ധാരണയുടെ പുറത്താണ് ഇന്നലെ ഏതാനും അധ്യാപകർ ജോലിയിൽ നിന്നും മാറിനിന്നത്. അവർ പ്രതിഷേധത്തിൽ നിന്നും പിന്മാറുമെന്നാണ് പ്രതീക്ഷ. സഹകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സർക്കാർ നയം വ്യക്തമാക്കും. എന്തായാലും പരീക്ഷയുടെ ഫലപ്രഖ്യാപനം കൃത്യ സമയത്ത് ഉണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹയർ സെക്കന്ററി കെമിസ്ട്രി മൂല്യനിർണ്ണയത്തിന് ഉത്തരസൂചിക തയ്യാറാക്കുന്നതിൽ വീഴ്ചവരുത്തിയ 12 അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. വിദ്യാർഥികൾക്ക് അനർഹമായി മാർക്ക് നൽകാൻ അധ്യാപകർ ശ്രമിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് ബോധ്യപ്പെട്ടെതായും നോട്ടീസിൽ പറയുന്നു. പതിനഞ്ച് ദിവസത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ നടപടികൾ എടുക്കുമെന്നും നോട്ടീസിൽ പറയുന്നു. തെറ്റായ ഉത്തരം നൽകിയത് ചോദ്യ കർത്താവ് ആണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്. എന്നാൽ സ്കീം ഫൈനലൈസെഷൻ ചെയ്ത അധ്യാപകർ മാർക്ക് വാരിക്കോരി നൽകുന്ന വിധം ആണ് ഉത്തര സൂചിക ഉണ്ടാക്കിയത് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

Story highlights: Chemistry evaluation is still pending today

Next Story