Top

RAIN UPDATE: ഇന്ന് ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്; പത്തനംതിട്ടയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി

റാന്നിയിൽ അത്തിക്കയം പമ്പയാറ്റില്‍ ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി.

1 Aug 2022 9:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

RAIN UPDATE: ഇന്ന് ഏഴ് ജില്ലകളിൽ റെഡ് അലേർട്ട്; പത്തനംതിട്ടയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി
X

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ മഴ കനക്കുന്നു. ഇന്നും നാളെയും അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുളളത്. ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ടയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട ജില്ലയിൽ മഴ തുടരുകയാണ്. റാന്നിയിൽ അത്തിക്കയം പമ്പയാറ്റില്‍ ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി. മലയോര മേഖലയില്‍ യാത്രക്ക് നിരോധനമേര്‍പ്പെടുത്തി. വിനോദ സഞ്ചാരത്തിനും ക്വാറികളുടെ പ്രവര്‍ത്തനത്തിനും വിലക്കുണ്ട്.

ഇടുക്കിയില്‍ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തി. രാത്രി എട്ടു മുതല്‍ രാവിലെ ആറ് വരെ ഗതാഗതം നിരോധിച്ചു. ട്രെക്കിങ്, ബോട്ടിങ്, മീന്‍പിടുത്തം, ക്വാറികളുടെ പ്രവര്‍ത്തനം എന്നിവക്കും ജില്ലയിൽ വിലക്കുണ്ട്. തിരുവനന്തപുരം വിഴിഞ്ഞത്ത് തിരയില്‍പ്പെട്ട് വളളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മത്സ്യത്തൊഴിലാളിയായ ടിംസണ്‍ (28) ആണ് മരിച്ചത്. ഇന്ന് വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ആ​ഗസറ്റ് ഒന്ന് മുതൽ അഞ്ച് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നും നാളെയും തെക്ക് ബംഗാൾ ഉൾക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്‌നാട് തീരം, മാലിദ്വീപ് തീരം, തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ആ​ഗസ്റ്റ് മൂന്നിന് തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ ബംഗാൾ, ഉൾക്കടൽ, തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, മാലിദ്വീപ് തീരം, തെക്ക് കിഴക്കൻ അറബിക്കടൽ, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് ആന്ധ്രാ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ആ​ഗസ്റ്റ് നാല്, എട്ട് തീയതികളിൽ മാലിദ്വീപ് തീരം, തെക്ക് കിഴക്കൻ അറബിക്കടൽ, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മുന്നറിയിപ്പുള്ള തീയതിയിൽ ഈ പ്രദേശങ്ങളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കലാവസ്ഥ വകുപ്പ് അറിയിച്ചു.

STORY HIGHLIGHTS: chance of heavy rain red alert in seven districts today

Next Story

Popular Stories